Initiative | കുഞ്ഞുങ്ങളുടെ കേൾവി പരിശോധിക്കാൻ ആളെത്തും! ശ്രവണ വൈകല്യം നേരത്തെ കണ്ടെത്താൻ പദ്ധതിയുമായി സർക്കാർ 

 
kerala launches hearing screening program for preschoolers

Image Credit: PRD Thrissur

കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി അഞ്ചു ലക്ഷം കുട്ടികള്‍ ജനിക്കുന്നു. ഇവയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ചുരുക്കം ചില സ്വകാര്യ ആശുപത്രികളിലും ജനിക്കുന്ന കുട്ടികളുടെ കേള്‍വി പരിശോധന മാത്രമേ നടക്കുന്നുള്ളു

തൃശൂർ: (KVARTHA) ശ്രവണ വൈകല്യം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും ഉചിതമായ ഇടപെടലുകള്‍ നടത്തുകയും സംസാരവും ഭാഷാ വികാസവും പ്രാപ്തമാക്കുന്നതിനുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പ് തന്നെ ഉചിതമായ ഇടപെടലുകള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ 0 മുതല്‍ 6 വയസ് വരെയുള്ള എല്ലാ പ്രീ - സ്‌കൂൾ കുട്ടികളുടെയും കേള്‍വി പരിശോധന നടത്തുന്ന പദ്ധതി ആരംഭിക്കുന്നു. 

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ പിന്തുണയോടെയാണ് പദ്ധതി. ഇതിന്റെ ആദ്യ ഘട്ടം 2024 - 25 ല്‍ തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. കളക്ട്രേറ്റില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന ആലേചനാ യോഗത്തില്‍ അറിയിച്ചു. 

തൃശ്ശൂര്‍ ജില്ലയിലെ 86 പഞ്ചായത്ത്, 7 മുനിസ്സിപ്പാലിറ്റി, ഒരു കോര്‍പ്പറേഷന്‍ എന്നിവയിലുള്‍പ്പെടുന്ന 2036 വാര്‍ഡുകളിലെ കുഞ്ഞുങ്ങളുടെ കേള്‍വി പരിശോധനയാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 3017 അങ്കണവാടികളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളേയും പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ വരുന്നതാണ്. 

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ - കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജോയിന്റ് ഡയറക്ടര്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഡിസ്ട്രിക്റ്റ് പ്രോജക്ട് കമ്മിറ്റി രൂപീകരിക്കും. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ പ്രസ്തുത പദ്ധതിയുടെ ടെക്‌നിക്കല്‍ ഏജന്‍സിയായിരിക്കും. 

ജില്ലയിലെ 0 മുതല്‍ 6 വയസ്സ് വരെയുളള ഏകദേശം 2,80,000 കുഞ്ഞുങ്ങളുടെ കേള്‍വി പരിശോധനയും, ആവശ്യമായ ഇടപെടലുകളുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ഒരു ടീം പ്രതിദിനം മൂന്നു വാര്‍ഡുകള്‍ വീതം, 15 ടീമുകളായി (30 ജെപിഎച്ച്എന്‍ മാര്‍) 45 ദിവസം കൊണ്ടാണ് സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന ഡാറ്റ ഇതിനായി തയ്യാറാക്കിയ ഒരു വെബ് പോര്‍ട്ടലില്‍ ശേഖരിക്കുകയും, ഏതെങ്കിലും കാരണവശാല്‍ സ്‌ക്രീനിംഗ് നടത്താത്ത കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍, രണ്ടാംഘട്ട പ്രവര്‍ത്തനത്തിലൂടെ ഉടന്‍ തന്നെ സ്‌ക്രീനിംഗ് നടത്തുകയും ചെയ്യും. 

പദ്ധതിയുമായി സഹകരിക്കുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കേള്‍വി പരിശോധനയുടെ മേല്‍നോട്ടം വഹിക്കുന്ന സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്റെയും (നിപ്മര്‍) കീഴിലുളള പദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവര്‍ക്കും പരിശീലനം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ (നിപ്മറില്‍) വച്ച് നടത്തും. 

പ്രസ്തുത പദ്ധതിയ്ക്കായി സാമൂഹ്യനീതി വകുപ്പിനായി സര്‍ക്കാര്‍ 21,65,000 രൂപ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്‍ കീഴിലുളള സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസാണ് പ്രസ്തുത പദ്ധതി മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് തൃശ്ശൂരില്‍ നടപ്പിലാക്കുന്നത്.

കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി അഞ്ചു ലക്ഷം കുട്ടികള്‍ ജനിക്കുന്നു. ഇവയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ചുരുക്കം ചില സ്വകാര്യ ആശുപത്രികളിലും ജനിക്കുന്ന കുട്ടികളുടെ കേള്‍വി പരിശോധന മാത്രമേ നടക്കുന്നുള്ളു. ഇത് മൊത്തം പ്രസവത്തിന്റെ 33 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പ്രസവാശുപത്രികളിലും ജനിക്കുന്ന കുഞ്ഞുങ്ങളുടെ കേള്‍വി പരിശോധന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസിന്റെ കാതോരം പദ്ധതിയിലൂടെ നടന്നു വരുന്നുണ്ട്. 

എന്നാല്‍ അവശേഷിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ കേള്‍വി പരിശോധന നടക്കുന്നതായി കാണുന്നില്ല. ശ്രവണ വൈകല്യം എത്രയും നേരത്തെ കണ്ടെത്തിയാല്‍ കേള്‍വി ശക്തി പൂര്‍ണ്ണമായോ/ ഭാഗീകമായോ പരിഹരിക്കുവാനും കുട്ടിയുടെ ആശയ വിനിമയ കഴിവുകള്‍ ഉയര്‍ത്തുവാനും വളര്‍ച്ചാ വികാസത്തിനും വിദ്യാഭ്യാസത്തിനും സഹായകരമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia