Rescue | തിരിച്ചടിയായി കനത്ത മഴ; ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാന്‍ അനുവദിച്ചില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അനിശ്ചിതത്വം; മലയാളി ലോറി ഡ്രൈവറുടെ വസതി സന്ദര്‍ശിച്ച് മുഖ്യമന്ത്രി
ജില്ലയില്‍ ഞായറാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് പിണറായി വിജയന്‍
ബംഗളൂരു: (KVARTHA) ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഞായറാഴ്ച രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാഹചര്യം പ്രതികൂലമായതിനാല്‍ തിരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വിശദീകരണം നല്‍കി.
ಅಂಕೋಲಾ ತಾಲೂಕಿನ ಶಿರೂರ ನಲ್ಲಿನ ರಾಷ್ಟ್ರೀಯ ಹೆದ್ದಾರಿ 66 ರಲ್ಲಿ ಗುಡ್ಡ ಕುಸಿತ ಉಂಟಾದ ಸ್ಥಳದಲ್ಲಿನ ಮಣ್ಣು ತೆರವು ಮತ್ತು ಶೋಧ ಕಾರ್ಯಾಚರಣೆ ಮುಂದುವರೆದಿದೆ.@DgpKarnataka @Rangepol_WR @KarnatakaCops pic.twitter.com/bDqQPsJMsO
— SP Karwar (@spkarwar) July 21, 2024
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ സംഭവ സ്ഥലത്തെത്തി പുഴയില്‍ പരിശോധന നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തിരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല.
വിദഗ്ധ സഹായമില്ലാതെ മല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റേയും നിലപാട്. ബാര്‍ജ് മൗണ്ടഡ് ഡ്രഡ്ജര്‍ ഇല്ലാതെ നിലവില്‍ തിരച്ചില്‍ സാധ്യമല്ലെന്നും അധികൃതര്‍ പറയുന്നു. ജില്ലയില്‍ ഞായറാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയുണ്ടെങ്കിലും തിരച്ചിലിന് താന്‍ തയാറാണെന്ന് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മണിവരെ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാല്‍പെയും സംഘവും അറിയിച്ചു.
നേരത്തെ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും അര്‍ജുന്‍ അടക്കമുള്ള മൂന്നുപേരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുഴയില്‍ ശക്തമായ നീരുറവ ഉണ്ടായതോടെ പ്രതിസന്ധി സൃഷ്ടക്കുകയും താല്‍ക്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുകയുമായിരുന്നു.
അതിനിടെ അര്‍ജുന്റെ കോഴിക്കോട്ടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. സര്‍കാരിന്റ പരമാവധി സഹായങ്ങള്‍ അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യുമെന്ന് അദ്ദേഹം ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.