Minister | ഉരുള്‍പൊട്ടലില്‍ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട് ദുരന്തഭൂമിയില്‍ കൈകൂപ്പി പൊട്ടിക്കരഞ്ഞ് എകെ ശശീന്ദ്രന്‍; ഇത്തരം കാഴ്ചകള്‍ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നും ആത്മഗതം
മേപ്പാടി: (KVARTHA) വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായി വനം മന്ത്രി എകെ ശശീന്ദ്രന്‍. മനസിനെ തകര്‍ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയില്‍ നിന്നും ഓരോ നിമിഷവും പുറത്തുവരുന്നത്. കാണാതായവരെ കണ്ടെത്താന്‍ ബന്ധുക്കളും കൂടി പങ്കെടുക്കുന്നതാണ് ജനകീയ തിരച്ചില്‍.
ഇത്തരത്തില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകള്‍ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്ന് പറഞ്ഞാണ് അദ്ദേഹം വാകാരാധീനനായത്. കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലില്‍ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേര്‍ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായത്. കുട്ടിയുടെ മുന്നില്‍ മന്ത്രി കൈകൂപ്പി നിന്നു.
ദുരന്തത്തില്‍ കാണാതായവരില്‍ മൂന്ന് അതിഥി തൊഴിലാളികളും ഉണ്ട്. മൂന്നുപേരും ബിഹാറില്‍ നിന്നുള്ളവരാണ്. മരിച്ച രണ്ടുപേരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും മറ്റൊരാള്‍ ബിഹാറുകാരനുമാണ്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസീവ് ഡിവലപ്‌മെന്റിന്റെ കണക്കുകളനുസരിച്ചുള്ള വിവരമാണിത്.
ഇതുവരെയുള്ള കണക്കുകളില്‍ മുണ്ടക്കൈയില്‍ മരിച്ച ബിഹാര്‍ സ്വദേശിയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കുഞ്ഞോം എന്ന സ്ഥലത്തും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതില്‍ നേപ്പാള്‍ സ്വദേശികളുടെ കുഞ്ഞ് മരിച്ചിരുന്നു. ഇതുകൂടി ഉള്‍പ്പെടുമ്പോള്‍ ഉരുള്‍പൊട്ടല്‍മൂലമുള്ള മരണം രണ്ടാകുമെന്ന് സിഎംഐഡി എക്സിക്യുടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ പറഞ്ഞു.
കാണാതായ മൂന്ന് അതിഥി തൊഴിലാളികള്‍ മുണ്ടക്കൈയിലെ തേയിലത്തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ കുടുംബം നാട്ടിലാണുള്ളത്. കേരളത്തിലേക്ക് വരുന്നതിന് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരുടെ ബന്ധുക്കള്‍ എന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ആറുപേര്‍ക്ക് പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബിഹാറില്‍ നിന്നുള്ളവര്‍ രണ്ടുപേരുണ്ട്. ഉത്തര്‍പ്രദേശ് -ഒന്ന്, നേപ്പാള്‍ -രണ്ട്, ഝാര്‍ഖണ്ഡ് -ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.
323 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും സിഎംഐഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് -173, അസം -56, ഝാര്‍ഖണ്ഡ് -54, നേപ്പാള്‍ -23, ബിഹാര്‍ -13, ഉത്തര്‍പ്രദേശ് -നാല് എന്നിങ്ങനെയാണ് കണക്ക്.
80,000-ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ അതിഥി തൊഴിലാളികള്‍ വയനാട്ടിലുള്ളതായി ഏതാനും വര്‍ഷംമുന്‍പ് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ത്തന്നെ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.