Award | കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്, കേരള പ്രഭ പുരസ്‌കാരം ജസ്റ്റിസ് ഫാത്വിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക്

 


തിരുവനന്തപുരം: (KVARTHA) ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്‌കാരത്തിന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഫാത്വിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവരെയും തിരഞ്ഞെടുത്തു.

Award | കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്, കേരള പ്രഭ പുരസ്‌കാരം ജസ്റ്റിസ് ഫാത്വിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക്

അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സര്‍കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.

നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തുടരും

നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി തുടരാന്‍ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നല്‍കുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതില്‍ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും.

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിന്റെ ക്ലെയിം ഉന്നയിക്കാനും അതിനെ തുടര്‍ന്നുള്ള സംസ്‌കരണത്തിനും മുന്‍വര്‍ഷങ്ങളില്‍ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടര്‍ന്നും അനുവദിക്കും.

കര്‍ഷകര്‍ക്കുള്ള പേയ്‌മെന്റ് തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ വഴി പണം നല്‍കും.

കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആര്‍ എസ് വായ്പകള്‍ അടയ്ക്കുന്നതിന് സര്‍കാരില്‍ നിന്നും സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

നെല്ല് സംഭരണത്തിനായി സംസ്ഥാന - കേന്ദ്ര സര്‍കാരുകളില്‍ നിന്ന് ലഭ്യമാകുന്ന തുക നിലവിലുള്ള പിആര്‍എസ് വായ്പകള്‍ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ചീഫ് സെക്രടറി അധ്യക്ഷനായ സെക്രടറിതല സമിതിയെ ചുമതലപ്പെടുത്തും.

കര്‍ഷകരില്‍ നിന്നും ബാങ്കില്‍ നിന്നും പൂര്‍ണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ നടത്തേണ്ടതും സ്ഥിതിഗതികള്‍ അവലോകനം ചെയ്യേണ്ടതുമാണ്.

സപ്ലൈകോയില്‍ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂടേഷന്‍ ഒഴിവുകളും സമയബന്ധിതമായി നികത്താന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കും.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിശദ പരിശോധനയ്ക്ക് സമിതി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധന സമിതി റിപോര്‍ടിലെ ശിപാര്‍ശകള്‍ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. ധന, നിയമ മന്ത്രിമാരും ചീഫ് സെക്രടറിയും ഉള്‍പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

01.04.2013ന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സര്‍കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപോര്‍ട് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്.

ഓഹരി മൂലധനം വര്‍ധിപ്പിക്കും

ട്രാവന്‍കൂര്‍, ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന് സര്‍കാര്‍ നല്‍കിയ വായ്പയും പലിശയും ഓഹരിയാക്കി മാറ്റാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ചു.

പുതിയ പി എസ് സി അംഗം

പബ്ലിക് സര്‍വീസ് കമീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് തൃശ്ശൂര്‍ അന്നമനട സ്വദേശി അഡ്വ സി ബി സ്വാമിനാഥനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Keywords:  Kerala Jyoti Award to T Padmanabhan, Kerala Prabha Award to Justice Fathima Beevi and Surya Krishnamurthy, Thiruvananthapuram, News, Cabinet Decision, Award, PSC Member, Farmers, Bank, Pension, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia