Protest | ബിജെപി പ്രവര്‍ത്തകര്‍ മാതൃഭൂമി ദിനപത്രം കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കെസി വേണുഗോപാല്‍;  പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍

 
Kerala Journalist Union protested the Incident of BJP activists burning Mathrubhumi News Papper, Kannur, News, Kerala Journalist Union protest, Mathrubhumi News Papper, Media, Kerala News


വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ട് നല്‍കണമെന്നും പ്രസംഗം റിപോര്‍ട് ചെയ്യുമ്പോള്‍ ഏത് വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങള്‍
 

കണ്ണൂര്‍: (KVARTHA) ലോക് സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം റിപോര്‍ട് ചെയ്ത രീതിയും തലക്കെട്ടും ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ മാതൃഭൂമി ദിനപത്രം കത്തിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമിറ്റി പ്രതിഷേധിച്ചു.


 
ബിജെപി പ്രവര്‍ത്തകരാണ് പല ഇടങ്ങളിലായി പത്രം കത്തിച്ചത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ നടപടിയാണിതെന്ന്  കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കുറ്റപ്പെടുത്തി. വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ട് നല്‍കണമെന്നും പ്രസംഗം റിപോര്‍ട് ചെയ്യുമ്പോള്‍ ഏത് വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. അതില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതിന്റെ പേരില്‍ പത്രം കത്തിക്കുന്നത് പോലെയുളള പ്രാകൃത നടപടികളെ ശക്തമായി അപലപിക്കുന്നതായി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും ചൂണ്ടിക്കാട്ടി.


അതിനിടെ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് അസഹിഷ്ണുതയെന്ന ആരോപണവുമായി കെ സി വേണുഗോപാല്‍ എംപി രംഗത്തെത്തി. ലോക് സഭയില്‍ നന്ദിപ്രമേയ ചര്‍ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്നാണ് വേണുഗോപാല്‍ കുറ്റപ്പെടുത്തിയത്.  പ്രിയദര്‍ശിനി ആമസോണ്‍ സ്റ്റോര്‍ബുക് ഫ്രണ്ടിന്റെയും, വെബ് സൈറ്റിന്റെയും ലോഞ്ചിംഗ്, നാല് പുസ്തകങ്ങളുടെ പ്രകാശനം എന്നിവ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇത്തരക്കാര്‍ക്ക് ഇതേ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുമ്പോള്‍ അവ നല്ലതായി മാറുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്തുതിപാടകരെ മാത്രം കേട്ട് ശീലിച്ചവര്‍ക്ക് അത് മാത്രമായിരിക്കണം മാധ്യമങ്ങളുടെ ജോലിയെന്നാണ് കരുതുന്നത്. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍  അസഹിഷ്ണുത കാട്ടുന്നവരാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നത്. ഇത്തരക്കാര്‍ ബഹിഷ്‌കരിച്ചത് കൊണ്ട് തകര്‍ന്ന് പോകുന്ന പത്രങ്ങളല്ല മാതൃഭൂമിയും മനോരമയും എന്നും ബഹിഷ്‌കരണം അര്‍ത്ഥശൂന്യമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 


സാഹിത്യകാരന്‍മാര്‍ സമൂഹത്തിന്റെ സമ്പത്താണ്. വര്‍ത്തമാനകാലത്തിന്റെ നന്മ തിന്മകളെ കുറിച്ച് സാഹിത്യകാരന്‍മാരുടെ അഭിപ്രായം നാടിന്റെ പൊതു അഭിപ്രായമായിട്ടാണ് രേഖപ്പെടുത്തുന്നത്. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് അഭിപ്രായം പറയേണ്ടവരല്ല സാഹിത്യനായകന്‍മാര്‍. എങ്കിലേ അവര്‍ക്ക് സ്വീകാര്യത ഉണ്ടാവൂ. അവര്‍ സ്വയം വില നിര്‍ണയിക്കുന്നത് അവരുടെ നിലപാടുകളിലൂടെയാണ്. 

 

സമീപകാലത്ത് രാഷ്ട്രീയം പറയുമ്പോള്‍ പലരും സ്വയം വില നിര്‍ണയിക്കാന്‍ മറന്നുപോകുന്ന പശ്ചാത്തലമാണുള്ളത്. വിമര്‍ശനങ്ങളാണ് പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പ്രവര്‍ത്തിക്കാന്‍ കരുത്ത് പകരുന്നതെന്നും അത്തരം വിമര്‍ശനങ്ങള്‍ ചിലര്‍ക്ക് നോവുന്നത് കുറ്റം ചെയ്തുവെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും എംടി വാസുദേവന്‍ നായരുടേയും എം മുകന്ദന്റെയും  രാഷ്ട്രീയ വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 


ജനാധിപത്യം ശക്തിപ്പെടുന്നത് എതിര്‍ ശബ്ദങ്ങളെ കേള്‍ക്കുമ്പോഴാണ്. അത് കേള്‍ക്കാനുള്ള കടമ ഭരണാധികാരികള്‍ക്കുണ്ട്. ഭിന്നസ്വരം പ്രകടിപ്പിച്ചതിന്റെ പേരില്‍ മാധ്യമവേട്ട നടത്തിയ മോദിക്ക് ഇനിയത് നടക്കില്ലെന്ന് അടിവരയിടുന്ന ജനവിധിയാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം. ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുകയാണ് സര്‍കാരും രാഷ്ട്രീക്കാരും ചെയ്യേണ്ടത്. ഇക്കാര്യം മനസിലാക്കി വേണം സിപിഎം കേരളത്തില്‍ തിരഞ്ഞടെുപ്പ് പരാജയം വിശകലനം ചെയ്യേണ്ടത്. വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് സമൂഹത്തിലും ജനങ്ങളുടെ മുന്നിലും സ്ഥാനം ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ വയനാ സംസ്‌കാരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ പങ്ക് വലുതാണെന്നും ചുരുങ്ങിയ കാലം കൊണ്ട് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന തരത്തിലേക്ക് നിരവധി സാഹിത്യസദസ്സുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും നേതൃത്വം നല്‍കാനായെന്നും കെപിസിസി പ്രസിഡന്റും  പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ചെയര്‍മാനുമായ കെ സുധാകരന്‍ എംപി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടി അത് തിരുത്തിക്കുവാനുള്ള പ്രവര്‍ത്തനം സാഹിത്യ നായകരുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ തിരഞ്ഞെടുത്ത രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമായ 'നേര്‍ക്കുനേര്‍' എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം കെസി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.

ഡോ. ടി എസ് ജോയിയുടെ അനശ്വരാവേശത്തിന്റെ ആരംഭഗാഥ, ജേക്കബ്ബ് എബ്രഹാമിന്റെ ബര്‍ണ്ണശ്ശേരിയിലെ ചട്ടക്കാരി, എം സുജയയുടെ കുമ്പളത്ത് ശങ്കുപിള്ള ആര്‍ജ്ജവത്തിന്റെ ആള്‍ രൂപം, ഡോ. അച്യുത് ശങ്കറിന്റെ ഭൂഗോള വത്കരണം എന്നീ പുസ്തങ്ങളുടെ പ്രകാശനവും നടന്നു.


പുസ്തകങ്ങളുടെ രചയിതാക്കളെ കെസി വേണുഗോപാലും കെ സുധാകരനും ചേര്‍ന്ന് ആദരിച്ചു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ പഴകുളം മധു സ്വാഗതവും സെക്രടറി ബിന്നി സാഹിതി നന്ദിയും പറഞ്ഞു. ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.പികെ രാജശേഖരന്‍, കെപിസിസി സംഘടനാ ജനറല്‍ സെക്രടറി ടി യു രാധാകൃഷ്ണന്‍, എം ലിജു, ഡോ. ജി വിജയരാഘവന്‍, ജേക്കബ് എബ്രഹാം, അച്യുത് ശങ്കര്‍, ഡോ ടി എസ് ജോയ്, എം സുജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia