മോഡിയുടെ കാസര്‍കോട് പ്രസംഗം വിവാദത്തിലേക്ക്; കേരള ജനതയെ അപമാനിച്ചെന്നു പൊതുവികാരം

 


തിരുവനന്തപുരം: കേരളം തീവ്രവാദത്തിന്റെ നഴ്‌സറിയാണെന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ ആരോപണം ബിജെപിക്ക് തിരിച്ചടിക്കുന്നു. മോഡിയുടെ പരാമര്‍ശം കേരള ജനതയെയാകെ അപമാനിക്കലാണ് എന്ന വികാരമാണ് ബിജെപിയല്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്കു പൊതുവേ ഉണ്ടായിരിക്കുന്നത്. പ്രചാരണം സമാപിച്ച ദിവസത്തിലായതുകൊണ്ട് ആ വികാരം പ്രകടിപ്പിക്കുന്ന വിധത്തില്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ക്കു സാധിച്ചില്ല എന്ന ഇഛാഭംഗമാണു വിവിധ നേതാക്കള്‍ക്ക്.

മോഡിക്ക് സംസ്ഥാനം മാറിപ്പോയെന്ന് ഉമ്മന്‍ ചാണ്ടിനല്‍കിയ മറുപടിയാണ് ചൊവ്വാഴ്ചതന്നെ മോഡിക്കു ലഭിച്ച ഏറ്റവും ശക്തമായ പ്രതികരണം. മറ്റു പലയിടത്തുമെന്നപോലെ കേരളത്തിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും തീവ്രവാദികളും മറ്റും ഉണ്ടാകാമെങ്കിലും കേരളജനതയാകെ തീവ്രവാദത്തെ സഹായിക്കുന്നവരാണെന്ന തരത്തിലുള്ള വിമര്‍ശനമാണ് കാസര്‍കോട്ട് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ മോഡി നടത്തിയത്.

കാസര്‍കോട്ട് ഇത്തവണ വിജയിക്കുമെന്ന് മോഡിയെ കേരളത്തിലെയും കര്‍ണാടകത്തിലെയും ബിജെപി നേതാക്കള്‍ ധരിപ്പിച്ചിരിക്കുകയാണ്. കാത്തിരുന്ന അക്കൗണ്ടു തുറക്കാമെന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന പ്രസ്താവന ബോധപൂര്‍വം നടത്തുകയാണു മോഡി ചെയ്തത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതിനിടെ, ഒരു സംസ്ഥാനത്തെ മുഴുവനായി തീവ്രവാദത്തെ അനുകൂലിക്കുന്നവരാക്കി ചിത്രീകരിച്ചു മോഡി നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചനയുണ്ട്. കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ അധികാരത്തിലെത്തുമെന്നും മോഡി പ്രധാനമന്ത്രിയാകുമെന്നും പ്രതീക്ഷിക്കുന്ന ബിജെപിക്ക് കാസര്‍കോട്ടെ വിവാദ പ്രസംഗത്തിന്റെ പേരിലുള്ള കുരുക്ക് മുറുകുമോ എന്ന ആശങ്ക തുടങ്ങിയതായും സൂചനയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അവിടെ വര്‍ഗ്ഗീയ കലാപത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്ന ആരോപണം നേരിടുന്ന മോഡി സ്വയം വീണ കുഴിയായി മാറുകയാണ് കാസര്‍കോട് പ്രസംഗം.

അതിനിടെ, പുറമേയ്ക്ക് മോഡിയുമായുള്ള അകല്‍ച്ച പരിഹരിച്ചതായി പ്രകടിപ്പിക്കുന്ന എല്‍ കെ അഡ്വാനി ചൊവ്വാഴ്ച തന്നെ തിരുവനന്തപുരത്തു നടത്തിയ പരാമര്‍ശം ബിജെപിക്കുള്ളില്‍ എരിതീയില്‍ ഒഴിച്ച എണ്ണയായി മാറി. ഒ രാജഗോപാല്‍ വിജയിച്ചാല്‍ കേന്ദ്ര ക്യാബിനറ്റില്‍ ഉണ്ടാകുമെന്നാണ് അഡ്വാനി പറഞ്ഞത്. മുമ്പ് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും എന്‍ഡിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയാവുകയും ചെയ്ത ബിജെപി നേതാവാണ് രാജഗോപാല്‍.

മോഡിയുടെ കാസര്‍കോട് പ്രസംഗം വിവാദത്തിലേക്ക്; കേരള ജനതയെ അപമാനിച്ചെന്നു പൊതുവികാരംകേരളത്തിലെ പ്രത്യേക മുന്നണി രാഷ്ട്രീയത്തിനിടയില്‍ നിന്ന് വിജയിച്ചു കയറാന്‍ കഴിയുന്നില്ലെങ്കിലും അര്‍ഹതയും പ്രവര്‍ത്തന പരിചയവുമുള്ള നിരവധി നേതാക്കള്‍ കേരള ബിജെപിയിലുണ്ട്. അവരെയാരെയെങ്കിലുമാകണം ഇത്തവണ ബിജെപി അധികാരത്തിലെത്തിയാല്‍ പരിഗണിക്കേണ്ടത് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ലോക്‌സഭയിലേക്കു മല്‍സരിക്കാത്ത സംസ്ഥാന പ്രസിഡന്റും നെഹ്‌റു യുവകേന്ദ്ര മുന്‍ ഡയറക്ടര്‍ ജനറലുമായ വി മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരും പ്രമുഖ നേതാക്കളുമായ പി എസ് ശ്രീധരന്‍ പിള്ള, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് ഈ വിഭാഗം പറയുന്നത്.

ഇവരെല്ലാം തന്നെ പരസ്പരം പൊരുതുന്ന ചെറുഗ്രൂപ്പുകളുടെ നേതാക്കളായതിനാലാണ് രാജഗോപാലിനെത്തന്നെ കേന്ദ്ര നേതൃത്വം വീണ്ടും പരിഗണിക്കുന്നത് എന്ന് അറിയുന്നു. ഇവിടെ ഇത്തവണ വിജയിച്ചില്ലെങ്കിലും മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭാംഗമാക്കാനും ആലോചനയുണ്ട്. അത് മറികടക്കാന്‍ കൂടിയാണ് കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമാകാന്‍ വി മുരളീധരന്‍ കരുനീക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Narendra Modi, Kerala, Nursery, Speech, Terrorist, Controversy, Oommen Chandy, 'Kerala is the nursery of terrorism'; Modi's speech geared controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia