Drought | വരാനിരിക്കുന്നത് ജലയുദ്ധത്തിന്റെ നാളുകള്‍; കേരളം നേരിടാന്‍ പോകുന്നത് കൊടുംവരള്‍ച്ച

 


ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
വരുംവര്‍ഷങ്ങളില്‍ കേരളം നേരിടാന്‍ പോകുമെന്ന് ജലയുദ്ധമെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ട്. വരള്‍ച്ച ഇതേ രീതിയില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കുടിവെള്ളത്തിനായി ജനം തെരുവില്‍ തല്ലുന്ന അവസ്ഥയുണ്ടാകുമെന്ന അശുഭകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭൂഗര്‍ഭജലത്തിന്റെ അളവ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ക്രമാതീതമായി കുറഞ്ഞുവരുന്നത് നേരത്തെ ജിയോളജി വകുപ്പും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
  
Drought | വരാനിരിക്കുന്നത് ജലയുദ്ധത്തിന്റെ നാളുകള്‍; കേരളം നേരിടാന്‍ പോകുന്നത് കൊടുംവരള്‍ച്ച

ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ഇടയ്ക്ക് മഴയുണ്ടെങ്കിലും മെയ് തുടക്കത്തില്‍ തന്നെ കൊടുംചൂടില്‍ വെന്തുരുകുക തന്നെയാണ് കേരളം. മുന്‍പൊരിക്കലും അനുഭവപ്പെടാത്ത വേനലില്‍ ജലാശയങ്ങളൊക്കെ വറ്റി വരണ്ടു. കൃഷിയിടങ്ങളും വരണ്ടുണങ്ങി. കാപ്പിയും ഏലവും കുരുമുളകും ഉള്‍പ്പെടെ ഉല്‍പ്പാദനം നാലിലൊന്നായി. കൊടുംചൂടിനിടെ അപ്രഖ്യാപിത പവര്‍കട്ടും വോള്‍ട്ടേജ് കുറയ്ക്കലുമായി കെ.എസ്.ഇ.ബി കൂടി രംഗത്തെത്തിയതോടെ വറചട്ടിയിലേതിനു സമാനമായ അവസ്ഥയിലാണ് മലയാളി. എന്നിട്ടും ജലസാക്ഷരതയില്‍ കേരളീയര്‍ ഇപ്പോഴും ഏറെ പിന്നില്‍ തന്നെ.

കരുതലോടെ ജലം ഉപയോഗിക്കുന്നതിലും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിലും മഴക്കൊയ്ത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുടരുന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. ജലസാക്ഷരതയില്ലാത്തതും മലയാളിക്ക് വരുംകാലങ്ങളില്‍ കനത്ത തിരിച്ചടിയായി മാറിയേക്കാം. വേനല്‍ ഇത്ര രൂക്ഷമായിട്ടും മലയാളികള്‍ ഓരോ ദിവസവും പാഴാക്കുന്നത് നാലു കോടി ലിറ്റര്‍ ജലം. ഒരാള്‍ പാഴാക്കുന്ന ഓരോ തുള്ളിയും മറ്റൊരാള്‍ക്ക് ജീവജലമാണ്. മൂന്നര കോടി മലയാളികള്‍ രണ്ട് ലിറ്റര്‍ ജലം പാഴാക്കുമ്പോള്‍ ഒരുദിവസത്തെ ജലനഷ്ടം ഏഴുകോടി ലിറ്ററോളം വരും.

ഇതില്‍ ഒന്നര കോടി ജനങ്ങള്‍ കരുതലോടെ ജലം ഉപയോഗിക്കുന്നുവെന്നു കരുതിയാല്‍ തന്നെ ബാക്കിയുള്ള രണ്ടു കോടിപേര്‍ പാഴാക്കുന്ന ജലത്തിന്റെ അളവ് നാലു കോടി ലിറ്ററാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തിന്റെ അളവ് ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ നമ്മുടെ കണക്കുകൂട്ടലിനും അപ്പുറമാകും. കുളിക്കാനും അലക്കാനും ചെടിനനയ്ക്കാനും വാഹനം കഴുകാനുമൊക്ക ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മലയാളി ഓരോ ദിവസവും ധൂര്‍ത്തടിക്കുന്നത്. ജല നിരക്ഷരതയ്ക്കൊപ്പം അശാസ്ത്രീയ ഉപയോഗവുമാണ് ഇത്രയേറെ ജലം പാഴാകാന്‍ കാരണം. ചെടികള്‍ക്ക് തുള്ളിനന പരീക്ഷിക്കുകയും നിത്യവും വാഹനം കഴുകുന്നതിനുപകരം പൊടിതട്ടി വൃത്തിയാക്കുകയും ചെയ്താല്‍ മാത്രം എത്രയോ ലക്ഷം ലിറ്റര്‍ നിത്യവും ലഭിക്കാം.

ഈ വേനലിലെങ്കിലും വിസ്തരിച്ചുള്ള കുളി പരിമിതപ്പെടുത്തുക വഴിയും ജലം ലാഭിക്കാം. മലിനജലത്തിന്റെ പുനരുപയോഗത്തിലുള്ള മടിയും ശ്രദ്ധയില്ലായ്മയും കേരളത്തിലെപ്പോലെ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. ജലസ്രോതസുകള്‍ മലിനീകരിക്കുന്നതിലും നമ്മള്‍ തന്നെ മുന്നില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്ന് കേരളമാണ്. ആകെ മഴയുടെ 70 ശതമാനവും ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷം വഴിയാണ്. കേരളത്തിലെ ഒരു പുരപ്പുറത്ത് മൂന്നുലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ലിറ്റര്‍ വരെ മഴവെള്ളമാണ് ഓരോ മണ്‍സൂണിലും പെയ്യുന്നത്. ഒരു ഹെക്ടര്‍ ഭൂമിയില്‍ ഒരു കോടി 20 ലക്ഷവും 10 സെന്റ് വയലില്‍ ഒരു ലക്ഷത്തി അറുപതിനായിരവും ഒരു ഹെക്ടര്‍ വനത്തില്‍ 32,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ മഴയും ഉള്‍ക്കൊള്ളും.
  
Drought | വരാനിരിക്കുന്നത് ജലയുദ്ധത്തിന്റെ നാളുകള്‍; കേരളം നേരിടാന്‍ പോകുന്നത് കൊടുംവരള്‍ച്ച

ഈ ജലത്തില്‍ പകുതിയെങ്കിലും ശാസ്ത്രീയമായി സംഭരിക്കാന്‍ കഴിഞ്ഞാല്‍ ഏതു കൊടിയ വരള്‍ച്ചയേയും നേരിടാന്‍ അതുമതി. തൊഴിലുറപ്പ് പദ്ധതി, ജലനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജലസംഭരണത്തിനും ജലസംരക്ഷണത്തിനുമായി പല പദ്ധതികളുമുണ്ടെങ്കിലും അതൊന്നും കേരളത്തില്‍ പൂര്‍ണഫലം കണ്ടിട്ടില്ല. കേരളത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവുണ്ടെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിയില്‍ പറയുന്നുണ്ട്. കുഴല്‍ക്കിണറുകളുടെ ആധിക്യമാണ് ഭൂഗര്‍ഭജലനിരപ്പ് കുറയാന്‍ പ്രധാന കാരണം. ഓരോ വര്‍ഷവും കുഴല്‍ക്കിണറുകളുടെ എണ്ണം പെരുകുകയാണ്. നിലവില്‍ സംസ്ഥാനത്ത് എത്ര കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നതില്‍ സര്‍ക്കാരിന്റെ കൈയില്‍ ഒരു കണക്കുമില്ല. മുന്‍പ് കുഴല്‍ക്കിണറുകളുടെ കണക്കെടുക്കാന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചെങ്കിലും ഫലം കണ്ടില്ല.

കോഴിക്കോട്, കാസര്‍കോട്, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് ഭൂഗര്‍ഭ ജലനിരപ്പ് ഏറെകുറഞ്ഞ അതിഗുരുതരവിഭാഗത്തില്‍പെടുന്ന ബ്ലോക്കുകള്‍. സംസ്ഥാനത്ത് 15 ബ്ലോക്കുകളിലാണ് ഗുരുതര ജലചൂഷണം നടക്കുന്നത്. 30 ബ്ലോക്കുകള്‍ അമിതചൂഷണം നടക്കുന്ന വിഭാഗത്തിലുണ്ട്. കേരളത്തിലെ മൂന്നിലൊന്നുപ്രദേശത്തും ഭൂഗര്‍ഭജലപ്രശ്നങ്ങളുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മേഖലകളിലെങ്കിലും കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ സൂര്യാതപമേറ്റ് മരിക്കുന്നവരേക്കാള്‍ കുടിവെള്ളം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടുമെന്ന ഭയാനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

News, News-Malayalam-News, Kerala, Kerala is going to face severe drought.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia