ലാലിസം കുഴപ്പമാണെന്ന് മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സ് വീഴ്ച; മുഖ്യമന്ത്രിയെ കൂവിയത് അന്വേഷിക്കുന്നു
Feb 2, 2015, 10:20 IST
തിരുവനന്തപുരം: (www.kvartha.com 02/02/2015) ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മോഹന്‍ലാലും സംഘവും നടത്തിയ ലാലിസം പരിപാടിയുടെ പേരില്‍ സിനിമാരംഗത്തും കേരളത്തില്‍ പൊതുവെയും എതിര്‍പുണ്ടെന്ന് തിരിച്ചറിയുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് പരാജയപ്പെട്ടു. ഇത് വലിയ വീഴ്ചയായാണ് ആഭ്യന്തര വകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും കാണുന്നതെന്നാണു വിവരം.
അടുത്ത മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാകുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസ് ഉദ്ഘാടന പരിപാടിയില്‍ ലാലിസം കടന്നുകൂടിയതിനു പിന്നിലെ താല്‍പര്യങ്ങളെക്കുറിച്ചും ഭൂരിഭാഗം മന്ത്രിമാര്‍ക്കും സംശയമുണ്ട്. യോഗത്തില്‍ അതും പ്രതിഫലിക്കും. ഇതു തിരിച്ചറിഞ്ഞ് സ്വന്തം വകുപ്പുകളുടെ വീഴ്ചകള്‍ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുമായായേക്കും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തുക. അതിനിടെ, ഉദ്ഘാടനച്ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേരേ തുടര്‍ച്ചയായി കൂവല്‍ ഉണ്ടായതിനേക്കുറിച്ച് ഇന്റലിജന്‍സ് രഹസ്യമായി വിവരശേഖരം തുടങ്ങി.
ലാലിസത്തിനെതിരെ സിനിമാരംഗത്തുനിന്നു ശക്തമായ എതിര്‍പുണ്ടെന്ന് ആദ്യം റിപോര്‍ട്ട് ചെയ്തത് കെവാര്‍ത്തയാണ്. ലാലിസത്തെച്ചൊല്ലി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്കു മുമ്പേതന്നെ സിനിമാരംഗത്ത് മുറുമുറുപ്പും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ലാലിനു മാത്രമായി പ്രത്യേകമായൊരു പ്രാധാന്യം നല്‍കുന്നതിലെ അപാകതയും ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം വിശദീകരിക്കുന്ന പരിപാടി നടത്തുന്നതിലെ അപാകതയും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു ആ എതിര്‍പ്പ്. ഇത് ചില പ്രമുഖ താരങ്ങള്‍തന്നെ മുഖ്യമന്ത്രിയുടെയും തിരുവഞ്ചൂരിന്റെയും ശ്രദ്ധയില്‍പെടുത്തിയതും കെവാര്‍ത്ത ചൂണ്ടിക്കാണിച്ചിരുന്നു. ആ താരങ്ങള്‍ അത് വെളിപ്പെടുത്താന്‍ ഇതുവരെ രംഗത്തുവന്നിട്ടില്ലെങ്കിലും മറ്റു മുഴുവന്‍ കാര്യങ്ങളും അതേവിധം തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലാലിനും ലാലിസത്തിനും അനാവശ്യ പ്രാധാന്യവും ഇടവും നല്‍കിയതിനേക്കുറിച്ച് സിനിമാരംഗത്തെ ചില പ്രമുഖരില്‍ നിന്നുതന്നെ സമീപദിവസങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
ദേശീയ പ്രാധാന്യമുള്ള ചടങ്ങിന്റെ കാര്യപരിപാടിയേക്കുറിച്ച് കൃത്യമായി മുന്‍കൂട്ടി മനസിലാക്കാനും അതിന്റെ സാധ്യതകളും പോരായ്മകളും ആ പരിപാടി വന്ന വഴിയും ഉള്‍പെടെ റിപോര്‍ട്ട് ചെയ്യാനും സംസ്ഥാന ഇന്റലിജന്‍സിന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ആ ഉത്തരവാദിത്തം അവര്‍ നിറവേറ്റാതിരുന്നതുകൊണ്ടാണ് ഇപ്പോഴത്തെ വിവാദവും അപമാനവുമുണ്ടായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തേ കാര്യങ്ങള്‍ മനസിലാക്കി പരിഹരിച്ചിരുന്നെങ്കില്‍ ഈ നാണക്കേട് ഉണ്ടാകുമായിരുന്നില്ല എന്ന അഭിപ്രായം സര്‍ക്കാരിന് പൊതുവേയുണ്ടുതാനും.
മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും കൂവലുണ്ടായതിനു പിന്നില്‍ സംഘ്പരിവാര്‍ ആസൂത്രണമുണ്ടോ എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. അതുകൊണ്ടുതന്നെയാണ് അത് പരിശോധിക്കാന്‍ ഇന്റലിജന്‍സിനോട് അനൗദ്യോഗികമായി ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതും വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നതും. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും കേന്ദ്ര സ്‌പോര്‍ട്‌സ് സഹമന്ത്രി സര്‍ബാനന്ദും സംസാരിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും പ്രസംഗിച്ചപ്പോള്‍ മാത്രമല്ല, സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ അവവരുടെ മുഖം കാണിച്ചപ്പോഴൊക്കെ കൂവലായിരുന്നു. ഇരുവരുടെയും പ്രസംഗവും ഈ കൂവല്‍മൂലം തടസപ്പെട്ടു. ഇതു യാദൃശ്ചികമല്ലെന്നാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും നിരീക്ഷണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.