തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴംചൊല്ല്. സംസ്ഥാന സര്‍ക്കാരും ഓണാഘോഷം മോശമാക്കിയില്ല. എന്നാല്‍ ഓണാവധി കഴിയുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാവുമെന്നാണ് തലസ്ഥാനത്തുനിന്നുളള റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരുങ്ങലില്‍ ആകുമെന്ന് ഉറപ്പായി.
ഓണത്തോടനുബന്ധിച്ചുളള ബോണസ്, അലന്‍സുകള്‍, അഡ്വാന്‍സുകള്‍ എന്നിവയുടെ വിതരണം കഴിഞ്ഞതോടെയാണ് സംസ്ഥാനത്തെ സാമ്പത്തിക നില പിടിവിട്ടത്. ഓണാവധിക്ക് ശേഷം ട്രഷറി പൂട്ടേണ്ടസ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുള്ള ബില്ലുകള്‍ ട്രഷറികളില്‍ പിടിച്ചു വച്ചിരിക്കുന്നു. വിവിധ ആനുകൂല്യങ്ങള്‍ക്കായി നല്‍കിയ അപേക്ഷകള്‍ പാസാക്കി ട്രഷറിയിലെത്തിച്ചെങ്കിലും തത്കാലം പണം നല്‍കേണ്ടെന്നാണു തീരുമാനം.
സാമ്പത്തിക നിയന്ത്രണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവില്‍ 14 നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ വാക്കാലും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതോടെ അടിയന്തര ചികിത്സാ ചെലവുകള്‍ക്കായി പ്രോവിഡന്റ് ഫണ്ട് വായ്പ, ലീവ് സറണ്ടര്‍ തുടങ്ങിയ നിരവധി അപേക്ഷകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണ്.
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സെപ്റ്റംബര്‍ ആദ്യവാരം ഓവര്‍ ഡ്രാഫ്റ്റിലേയ്ക്കു നീങ്ങുമെന്നാണു സൂചനകള്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസം സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കും. സര്‍ക്കാര്‍ നല്‍കുന്ന ഭവന വായ്പകള്‍, നിശ്ചിത പരിധിക്കപ്പുറമുള്ള യാത്രപ്പടിയും ഡിഎയും, പെന്‍ഷന്‍ ഗ്രാറ്റുവിറ്റി പിന്‍വലിക്കല്‍ തുടങ്ങിയവയ്ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31നും അതിനു ശേഷവും വിരമിച്ചവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനു ശേഷമേ ഇനി ലഭിക്കൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.