ലിവിങ് ടുഗെതർ ദമ്പതികൾക്ക് പിറന്ന കുഞ്ഞിൻ്റെ ജനന രജിസ്റ്ററിൽ പിതാവിൻ്റെ പേര് തിരുത്തി നൽകാൻ ഹൈകോടതി ഉത്തരവ്; ഡിഎൻഎ പരിശോധന നിർബന്ധമില്ലെന്ന് കോടതി
ADVERTISEMENT
● 30 ദിവസത്തിനകം സർട്ടിഫിക്കറ്റ് തിരുത്തി നൽകാൻ കൊച്ചി കോർപ്പറേഷന് കർശന നിർദേശം നൽകി.
● കുട്ടികളുടെ രക്ഷാധികാരിയെന്ന 'പാരൻസ് പാട്രേയ' അധികാരം വിനിയോഗിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
● പിതൃത്വത്തിൽ തർക്കമില്ലാത്ത കേസുകളിൽ ഡിഎൻഎ പരിശോധന ഒഴിവാക്കാൻ നിയമഭേദഗതി പരിഗണിക്കണമെന്ന് നിർദേശം.
● കുമാരനാശാന്റെ 'പരിക്കേറ്റ കുട്ടി' എന്ന കവിതയിലെ വരികളും വിധിന്യായത്തിൽ കോടതി ഉൾപ്പെടുത്തി.
കൊച്ചി: (KVARTHA) നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾക്ക് പിറന്ന കുഞ്ഞിൻ്റെ ജനന രജിസ്റ്ററിൽ പിതാവിൻ്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകാൻ കേരള ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്. ജനന രജിസ്റ്ററിൽ തിരുത്തൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കൊച്ചി കോർപ്പറേഷൻ നിഷേധിച്ചതിനെ തുടർന്നാണ് ദമ്പതിമാർ ഹൈകോടതിയെ സമീപിച്ചത്.
നിലവിലെ ചട്ടപ്രകാരം ജനന രജിസ്റ്ററിൽ പിതാവിൻ്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ അത് എളുപ്പത്തിൽ തിരുത്താൻ നിയമം അനുവദിക്കുന്നില്ല. കുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ പരിശോധനയടക്കമുള്ള കർശന നിബന്ധനകൾ ഇതിനായി ആവശ്യമാണ്.
എന്നാൽ ഈ കേസിൽ കുട്ടിയുടെ പിതാവ് ആരെന്ന കാര്യത്തിൽ ആരും തർക്കം ഉന്നയിച്ചിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. പിതാവ് ആരെന്നതിൽ തർക്കമില്ലെങ്കിൽ ഡിഎൻഎ പരിശോധനയടക്കം വേണമെന്ന് നിഷ്കർഷിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്റ്ററിൽ മാറ്റം വരുത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചത് കോടതി അംഗീകരിച്ചു. എന്നാൽ നിയമം അനുവദിക്കാത്തിടത്ത് ഭരണഘടനയ്ക്ക് ഇടപെടാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം തിരുത്തി നൽകാൻ ഉത്തരവിട്ടത്.
എന്താണ് കേസിൻ്റെ പശ്ചാത്തലം?
ഹൈകോടതി പരിഗണിച്ച കേസിൽ കുട്ടിയുടെ അമ്മ 2007-ൽ വിവാഹം കഴിച്ചിരുന്നു. എന്നാൽ 2021-ൽ ഇവർ നിയമപ്രകാരം വേർപിരിഞ്ഞു. തുടർന്ന് യുവതി മറ്റൊരാളുമായി ലിവിങ് റിലേഷനിലായി. ഈ ബന്ധത്തിൽ ഈ വർഷം ഫെബ്രുവരിയിൽ ഇരുവർക്കും ഒരു പെൺകുട്ടി പിറന്നു.
എന്നാൽ കൊച്ചി കോർപ്പറേഷനിലെ ജനന രജിസ്റ്ററിൽ യുവതിയുടെ ആദ്യ ഭർത്താവിൻ്റെ പേരാണ് പുതിയ കുട്ടിയുടെ പിതാവിൻ്റെ സ്ഥാനത്ത് ഉദ്യോഗസ്ഥർ എഴുതിയത്. ഈ തെറ്റ് തിരുത്താൻ നിലവിലെ നിയമം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈകോടതിയിലെത്തിയത്. കോടതി മുൻ ഭർത്താവിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം അത് കൈപ്പറ്റുകപോലും ചെയ്തില്ല.
'പാരൻസ് പാട്രേയ'; കുട്ടികൾക്ക് കാവലായി കോടതി
കുട്ടികളുടെ രക്ഷാധികാരിയെന്ന 'പാരൻസ് പാട്രേയ' അധികാരം വിനിയോഗിച്ചാണ് ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്താൻ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. കുട്ടികൾക്ക് വേദനിക്കുമ്പോൾ ഓടിയെത്താൻ മാതാപിതാക്കൾ മാത്രമല്ല കോടതിയും ഉണ്ടെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ 'പാരൻസ് പാട്രേയ' വ്യവസ്ഥ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.
കുട്ടികൾക്ക് വേദനിക്കുമ്പോൾ സഹായിക്കാൻ കോടതിയും ഉണ്ടെന്ന് ഓർമിപ്പിക്കാനായി അഞ്ചാം ക്ലാസിലെ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുമാരനാശാൻ്റെ 'പരിക്കേറ്റ കുട്ടി' എന്ന കവിതയിലെ വരികളും വിധിന്യായത്തിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 'അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ കരയായ്കോമനേ കരൾ വാടി പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി- ക്കരയായ്കോമനേ, വരുന്നു ഞാൻ' എന്ന വരികളാണ് ഉത്തരവിൽ കുറിച്ചത്.
നിയമ ഭേദഗതിക്ക് നിർദേശം
പിതൃത്വത്തിൽ തർക്കമില്ലാത്ത ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന ഒഴിവാക്കുന്നതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും കോടതി നിർദേശിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ഉത്തരവിൻ്റെ പകർപ്പ് ബന്ധപ്പെട്ട രജിസ്ട്രാർക്ക് അയച്ചുകൊടുക്കാനും ഹൈകോടതി നിർദേശം നൽകി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kerala High Court invoked its 'parens patriae' jurisdiction, ordering the Kochi Corporation to correct the father's name in the birth register of a child born to a live-in couple within 30 days without insisting on a DNA test, emphasizing that the court is always there to protect children's rights.
#Kvartha #KeralaHighCourt #LiveInRelationship #ParensPatriae #LegalNews #KochiCorporation #MalayalamNews #AmmuNews
