Allegation | നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഹാന്‍ വീവ് വികസനത്തിനായി എട്ടുകോടി വായ്പയെടുക്കുന്നു; സര്‍ക്കാരിനെ ജാമ്യം നിര്‍ത്തുന്നത് ബാധ്യത തലയില്‍ വെച്ചു നല്‍കാനാണെന്ന് ആരോപണം
സ്‌കൂളുകളിലേക്ക് കൈത്തറി യൂനിഫോം നല്‍കിയ വകയിലും റിബേറ്റ് കുടിശികയിനത്തിലും കോടികളാണ് സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കാനുള്ളത്.
തൊഴിലാളികള്‍ക്കും ഏഴുമാസമായി ശമ്പള കുടിശിക നില നില്‍ക്കുന്നുണ്ട്.
കണ്ണൂര്‍: (KVARTHA) കെ എസ് ആര്‍ ടി സിക്ക് ശേഷം മറ്റൊരു വെള്ളാനയായ കൈത്തറി വികസന കോര്‍പറേഷന്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വീണ്ടും വായ്പയെടുക്കുന്നു. വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥാപനം എപ്പോള്‍ വേണമെങ്കിലും മുങ്ങാവുന്ന അവസ്ഥയിലാണ്. ഇതിന് പുറമേ സ്‌കൂളുകളിലേക്ക് കൈത്തറി യൂനിഫോം നല്‍കിയ വകയിലും റിബേറ്റ് കുടിശികയിനത്തിലും കോടികളാണ് സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കാനുള്ളത്.
ഇതു കാരണം തൊഴിലാളികള്‍ക്കും ഏഴുമാസമായി ശമ്പള കുടിശിക നില നില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഹാന്‍ വീവ് കോര്‍പറേഷനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍ പറഞ്ഞു. ശമ്പള കുടിശിക നല്‍കാന്‍ കഴിയാത്തതു ഇതു കാരണമാണ്.
കേരള ബാങ്കില്‍ നിന്നും എട്ടുകോടി വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ ഹാന്‍ വീവിന് താല്‍ക്കാലിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ജാമ്യത്തിലാണ് കോര്‍പറേഷന്‍ വായ്പയെടുക്കുന്നത്. എട്ടുകോടി വായ്പയ്ക്ക് പത്തു ശതമാനം പലിശ നിരക്കില്‍ ലക്ഷങ്ങള്‍ പ്രതിമാസം പലിശയായി തന്നെ അടയ്‌ക്കേണ്ടിവരും.
കോര്‍പറേഷനെ സംബന്ധിച്ചു ഓരോ ദിവസവും ഇഴഞ്ഞു കൊണ്ടാണ് മുന്‍പോട്ടു പോകുന്നത്. പ്രത്യക്ഷമായും പരോക്ഷമായും രണ്ടായിരത്തിലേറെ പേര്‍ കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന നൂലിന്റെ വിലവര്‍ദ്ധനവും കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി തീരുവ ഏര്‍പ്പെടുത്തിയതും കനത്ത തിരിച്ചടിയാണ്. ലക്ഷങ്ങളുടെ തുണിത്തരങ്ങളാണ് ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു ഫലം കണ്ടു തുടങ്ങിയിട്ടില്ല.
ഇത്തരം കനത്ത പ്രതിസന്ധിയിലും ഓണം വിപണിയില്‍ 50 ലക്ഷത്തിന്റെ കച്ചവടം കോര്‍പറേഷന്‍ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ വിപണിയില്‍ ലഭിക്കുന്ന തുണിത്തരങ്ങളേക്കാള്‍ കൂടിയ വിലവര്‍ധനയാണ് ഉപഭോക്താക്കളെ സ്വദേശി വസ്ത്രങ്ങളില്‍ നിന്നും പുറകോട്ടടിപ്പിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡ്യൂപ്ലിക്കേറ്റ് കൈത്തറി വസ്ത്രങ്ങളുടെ കുത്തൊഴുക്കും തിരിച്ചടിയായിട്ടുണ്ട്.
സര്‍ക്കാരിന് കനത്ത നഷ്ടമാണ് കൈത്തറി വികസന കോര്‍പറേഷന്‍ ഉണ്ടാക്കി വയ്ക്കുന്നത്. കണ്ണൂര്‍ നഗരം ആസ്ഥാനമായാണ് കോര്‍പറേഷന്‍ ഹെഡ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനമാകെ ഓഫിസുകളുണ്ടെങ്കിലും പലതും അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാമ്യത്തില്‍ എട്ടുകോടി നഷ്ടത്തിലായ സ്ഥാപനം കൊള്ള പലിശയ്ക്കു വായ്പയെടുക്കുന്നത് ഭാവിയില്‍ സര്‍ക്കാരിനെ കൊണ്ട് എഴുതി തള്ളിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരിലെ ആസ്ഥാന മന്ദിരവും കോടികളുടെ മൂല്യമുള്ളതാണ്. അത് പണയം വെച്ചു വായ്പയെടുക്കാതെ ഭാവിയില്‍ സര്‍ക്കാരിന്റെ ചുമലില്‍ വായ്പാ ബാധ്യ
ത ഇറക്കിവയ്ക്കാനും വികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് വന്‍ അഴിമതി നടത്താനും കോര്‍പറേഷന്‍ ഭരിക്കുന്നവര്‍ ലക്ഷ്യമിടുന്നുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
എന്താണ് പ്രതിസന്ധിക്കു കാരണം?
കടം വര്‍ധനവ്: കോര്‍പ്പറേഷന്റെ വരുമാനം കുറഞ്ഞതോടെ കടം വര്‍ധിച്ചു. സര്‍ക്കാര്‍ സബ് സിഡികളും മറ്റ് സഹായങ്ങളും കുറഞ്ഞതും ഇതിന് കാരണമായി.
മാര്‍ക്കറ്റ് മത്സരം: ഇറക്കുമതി ചെയ്ത തുണിത്തരങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങളും കേരളത്തിലെ വിപണിയില്‍ കടന്നുകൂടിയത്, ഹാന്‍ വീവ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയാന്‍ ഇടയാക്കി.
കോവിഡ്-19ന്റെ പ്രതികൂല സ്വാധീനം: കോവിഡ്-19 മഹാമാരി കാലത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചു.
ഉല്‍പ്പാദനച്ചെലവ് വര്‍ധനവ്: നൂല്‍ വില വര്‍ധനവ്, ജി എസ് ടി നികുതി തുടങ്ങിയവ കാരണം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചു.
എന്താണ് പരിഹാരം?
വിപണി പഠനം: കേരളത്തിലെ തനതു കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരായ പുതിയ വിപണികള്‍ കണ്ടെത്തണം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിക്കണം.
ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം: ആധുനിക രുചികള്‍ക്കനുസരിച്ചുള്ള പുതിയതരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണം.
തൊഴിലാളികളുടെ പരിശീലനം: തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ പരിശീലനം നല്‍കി അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം.
സര്‍ക്കാരിന്റെ സഹായം: സര്‍ക്കാര്‍, കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ നയങ്ങള്‍ ആവിഷ്‌കരിക്കണം.
ഹാന്‍ വീവ് കോര്‍പ്പറേഷനെ രക്ഷിക്കുന്നത് കേരളത്തിന്റെ കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
#KeralaHandloom #FinancialCrisis #GovernmentBailout #Corruption #HandloomIndustry #KeralaEconomy #TextileIndustry