ലാലിനോട് പണം തിരികെ വാങ്ങുന്നത് അപമാനിക്കലെന്നു വാദം; വിവാദം അടങ്ങുമ്പോള്‍ പ്രതിഫലം നല്‍കും

 


തിരുവനന്തപുരം: (www.kvartha.com 03/02/2015) ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ വിവാദ ഷോ ലാലിസത്തിന് വാങ്ങിയ പണം തിരിച്ചുകൊടുക്കുമെന്നു പ്രഖ്യാപിച്ച മോഹന്‍ലാലില്‍ നിന്ന് അതു തിരിച്ചുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നു വ്യക്തമായ സൂചന. 1.63 കോടി രൂപ തിരിച്ചു നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്നുമുള്ള ലാലിന്റെ അഭ്യര്‍ത്ഥന പുറത്തുവന്ന പിന്നാലെ ഇതേക്കുറിച്ച് സര്‍ക്കാര്‍, ഭരണമുന്നണി തലത്തില്‍ തിരക്കിട്ട കൂടിയാലോചനകളാണു നടക്കുന്നത്.

ലാലില്‍ നിന്നു പണം തിരികെ വാങ്ങുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും അത് സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്വയം അപമാനിക്കുന്ന നടപടിയായിരിക്കുമെന്നുമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. ലാലിസത്തിനു പ്രാധാന്യം കൊടുത്തതിനെ എതിര്‍ക്കുന്ന മറ്റു താരങ്ങളും വിനയന്‍ ഉള്‍പ്പെടെയുള്ള സംവിധായകരും ലാലിസത്തെ കുറ്റപ്പെടുത്തുമ്പോഴും ലാലില്‍ നിന്നു പണം തിരികെ വാങ്ങുന്നതിനോടു യോജിക്കുന്നില്ല എന്നാണു വിവരം.

എങ്കിലും തല്‍ക്കാലം ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയും ദേശീയ ഗെയിംസ് അവസാനിക്കുകയും വിവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്ത ശേഷം ലാലിന് ആ പണം തിരിച്ചു നല്‍കാമെന്നാണ് സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും പങ്കുവയ്ക്കുന്ന അഭിപ്രായം. ലാലിസം ഷോയ്ക്ക് ലാല്‍ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും ടീമിന്റെ ചെലവിനും പ്രതിഫലത്തിനും മറ്റും വേണ്ടിയാണ് പണം വാങ്ങിയതെന്നുമാണ് അദ്ദേഹം നേരത്തേ മന്ത്രി തിരുവഞ്ചൂരുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അങ്ങനെയാണെങ്കില്‍ ലാല്‍ സ്വന്തം കൈയില്‍ നിന്ന് പണം തിരിച്ചു നല്‍കുമ്പോള്‍ ലാലിസം ടീമിലെ ജീവനക്കാര്‍ക്ക് പ്രതിഫലവും സ്വന്തം കൈയില്‍ നിന്നു നല്‍കേണ്ടി വന്നേക്കാം. ടീമിലെ പ്രമുഖര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലാലില്‍ നിന്നു പണം സ്വീകരിക്കില്ലെന്നു സൂചനയുണ്ട്. അവരുമായി കൂടി ആലോചിച്ചാണ് ലാല്‍ പണം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതും. പക്ഷേ, ടീമിലെ ജീവനക്കാര്‍ അതുകൊണ്ട് ജീവിക്കുന്നവരാണ്. അവര്‍ക്ക് പ്രതിഫലം കൊടുക്കേണ്ടിവരും.

ലാലിസം പോലൊരു പരിപാടി വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, ദേശീയ ഗെയിംസ് വേദിയില്‍ അവതരിപ്പിക്കാന്‍ ലാല്‍ തയ്യാറായത് ലാലിസം സംവിധായകന്‍ രതീഷ് വേഗ ഉള്‍പ്പെടെയുള്ളവരുടെ ഉറപ്പ് വിശ്വസിച്ചാണത്രേ. എന്നാല്‍ പരിപാടി പാളിയപ്പോള്‍ ലാലിസം പിരിച്ചുവിടുന്നുവെന്ന് ലാലിനോട് ആലോചിക്കാതെ ചില മാധ്യമങ്ങളോട് രതീഷ് വേഗ വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് ലാല്‍ ഇടപെട്ടപ്പോള്‍ അതേ രതീഷ് വേഗ അത് മാറ്റിപ്പറയുകയും ചെയ്തു.

ഇതൊരു പാഠമായി കരുതി മുന്നോട്ട് ശ്രദ്ധിക്കാനും ഇപ്പോഴത്തെ വിവാദം പണം തിരിച്ചുകൊടുത്ത് അവസാനിപ്പിക്കാനുമാണ് ലാലിന് അടുത്ത സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച ഉപദേശം. അതാണ് ലാല്‍ അംഗീകരിച്ചത്. പന്ത് ഇനി സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്.
ലാലിനോട് പണം തിരികെ വാങ്ങുന്നത് അപമാനിക്കലെന്നു വാദം; വിവാദം അടങ്ങുമ്പോള്‍ പ്രതിഫലം നല്‍കും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Lalism,  Controversy,  Mohanlal, Thiruvanchoor Radhakrishnan, Government, Kerala,  Kerala Govt. To re pay Lalism money to super star.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia