Initiative | കേരളത്തിൽ 4 വർഷത്തിനിടെ പാമ്പു കടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറഞ്ഞു; പൂർണമായും ഇല്ലാതാക്കാൻ സർക്കാർ; പ്രയോജനപ്പെടുത്താം 'സർപ്പ'


● 48,000 ൽ അധികം പാമ്പുകളെ സുരക്ഷിതമായി പിടികൂടി.
● പാമ്പു കടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറഞ്ഞു.
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ ജനവാസ മേഖലകളിൽ വർധിച്ചു വരുന്ന പാമ്പുകളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ സർപ്പയ്ക്ക് നാല് വർഷം. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും വനത്തിന് പുറത്ത് വെച്ചാണ് സംഭവിക്കുന്നത് എന്ന വസ്തുതയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാൻ സർക്കാരിനെയും വനം വകുപ്പിനെയും പ്രേരിപ്പിച്ചത്.
കഴിഞ്ഞ നാല് വർഷമായി 'സർപ്പ' മൊബൈൽ ആപ്പും, വിദഗ്ധ പരിശീലനം ലഭിച്ച സർപ്പ വോളണ്ടിയർമാരുടെ സേവനവും കേരളത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു. ഈ കാലയളവിനുള്ളിൽ 48,000 ൽ പരം വിവിധയിനം പാമ്പുകളെ സുരക്ഷിതമായി പിടികൂടി അനുയോജ്യമായ ഇടങ്ങളിൽ തുറന്നുവിട്ട് പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സർപ്പ വോളണ്ടിയർമാർക്ക് സാധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
2019 ൽ 123 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്ഥാനത്ത്, 2024 ൽ 30 മരണങ്ങളായി കുറയ്ക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.വനംവകുപ്പ് ഇതുവരെ ആറായിരത്തോളം പേർക്ക് പരിശീലനം നൽകുകയും, അതിൽ 2800 പേർക്ക് പാമ്പുകളെ പിടികൂടുന്നതിനുള്ള നിയമപരമായ ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ഇതോടൊപ്പം, സർക്കാർ 'പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാമ്പുകടിയേറ്റ മരണങ്ങൾ പൂർണമായും തടയുകയും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ മരണങ്ങൾ പകുതിയായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വിവിധ വകുപ്പുകൾ ഒത്തുചേർന്ന് പ്രവർത്തിക്കും.
പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ആന്റിവെനം ലഭ്യമാക്കുകയും, പഞ്ചായത്ത് തലത്തിൽ പ്രതികരണ ടീമുകൾ രൂപീകരിക്കുകയും ചെയ്യും. കൃഷി, റബർ ടാപ്പിങ്, തൊഴിലുറപ്പ് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും. കൂടാതെ, തദ്ദേശീയമായി ഫലപ്രദമായ ആന്റിവെനം ഉത്പാദിപ്പിക്കുന്നതിനും ജില്ലാ സർപ്പ ടീമുകൾ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഈ വാർത്ത മറ്റുള്ളവർക്കും പ്രയോജനകരമാകുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
Kerala's 'Sarpa' project, aimed at reducing snakebite deaths, completes four years. Over 48,000 snakes were rescued, significantly reducing fatalities. The government has launched 'Paampu visha badha jeevahani rahitha Keralam' to eliminate such deaths completely.
#KeralaSarpaProject #SnakebitePrevention #SaveLives #KeralaGovernment #SarpaVolunteers #SnakeRescue