പൊലീസ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു; കുറവിലങ്ങാട്ട് പിരിച്ചുവിടലിന് ഒരുങ്ങുന്നു

 


തിരുവനന്തപുരം: (www.kvartha.com 12.07.2015) കോട്ടയം കുറവിലങ്ങാട്ട് സിബി പൊലീസ് കസ്റ്റഡിയില്‍ പീഡനമേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ചരിത്രം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കസ്റ്റഡിയില്‍ സിബിക്ക് അതിക്രൂര മര്‍ദനമേറ്റെന്നും അതാണു മരണകാരണമെന്നു വ്യക്തമായ സാഹചര്യത്തിലാണിത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സ്‌ഐ ജോര്‍ജ്ജിനെയും കൂട്ടുപ്രതികളായ ചില പൊലീസുകാരെയും പിരിച്ചുവിടാനാണ് ആലോചന. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടായേക്കും. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡിജിപി ടിപി സെന്‍കുമാറും ഏകാഭിപ്രായക്കാരാണെന്നു സൂചനയുണ്ട്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും പൊലീസിനു നാണക്കേടുണ്ടാക്കുന്ന വിധം പെരുമാറുകയും ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കുറവിലങ്ങാടു സംഭവത്തിലെ നടപടി പാഠമാകണം എന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തലയുടേതത്രേ. ഇക്കാര്യത്തില്‍ ഉറച്ച നിലപാടുള്ള സെന്‍കുമാറുമായി അദ്ദേഹം ആശയ വിനിമയം നടത്തിയിട്ടുണ്ട്. പൊലീസിന്റെ മനോവീര്യ കെടും എന്ന പഴകിയ വാദം ഉപയോഗിച്ചാണ് എപ്പോഴും പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാറുള്ളത്. ഇക്കാര്യത്തില്‍ മാറിവരുന്ന എല്ലാ സര്‍ക്കാരുകളും മന്ത്രിമാരും പൊലീസ് മേധാവികളും വ്യത്യസ്ഥരല്ല. കസ്റ്റഡിയിലെടുക്കുന്നവരെ മര്‍ദിച്ചു കൊല്ലുന്ന പൊലീസിന്റെയല്ല അതുമൂലം പ്രതീക്ഷ നഷ്ടപ്പെട്ടു ഭയത്തിലാകുന്ന ജനത്തെക്കുറിച്ചാണു സര്‍ക്കാര്‍ ആലോചിക്കേണ്ടത് എന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. ജനമൈത്രി പൊലീസ് പോലുള്ള സംവിധാനങ്ങള്‍ പരിഹാസ്യമാകാനേ മറിച്ചുള്ള ന്യായീകരണങ്ങള്‍ ഇടയാക്കുവത്രേ.

വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദിച്ച പൊലീസുകാരനെ പരസ്യമായി പിടിച്ചുനിര്‍ത്തി നെയിംബോര്‍ഡ് ഊരിയെടുത്ത ചരിത്രമുള്ളയാളാണ് സെന്‍കുമാര്‍. അദ്ദേഹം സ്വന്തം സേനയ്ക്ക് എതിരല്ല. പക്ഷേ, അത് ജനകീയമാകണം എന്ന നിര്‍ബന്ധം പ്രകടിപ്പിക്കാറുമുണ്ട്. കോട്ടയത്ത് ട്രാഫിക് തെറ്റിച്ചുവന്ന പൊലീസ് ജീപ്പ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച സംഭവത്തില്‍ ട്രാഫിക് എസ്‌ഐക്കെതിരേ വകുപ്പുതല നടപടി നിര്‍ദേശിച്ചത് സമീപകാലത്താണ്. മാത്രമല്ല പൊലീസ് പ്രതിയാക്കാന്‍ നോക്കിയ ബസ് ഡ്രൈവറെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

കുറവിലങ്ങാട്ട് സിബി മരിച്ച പിന്നാലെ, അയാളുടെ സുഹൃത്തിനെതിരേ കേ്‌സെടുത്തിരിക്കുകയാണ് പൊലീസ്. അയാളുടെ മര്‍ദനമേറ്റതുമൂലമാണ് സിബിക്ക് പരിക്കുകളേറ്റതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും വരുത്താനാണ് ഇത്. എന്നാല്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ സിബിക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്. സിബിയുടെ അഛനും അമ്മയും രാത്രി പൊലീസ് സ്റ്റേഷനില്‍ വച്ച് കാണുമ്പോഴും പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ഇതെല്ലാം പൊലീസിന് എതിരായി വരും. മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്തു എന്നു പറയുന്ന പൊലീസ് സിബിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയില്ലെന്നും പുറത്തുവന്നിട്ടുണ്ട്.
പൊലീസ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു; കുറവിലങ്ങാട്ട് പിരിച്ചുവിടലിന് ഒരുങ്ങുന്നു

Keywords:  Kerala Government to take strong action against custodial death, Death, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia