LIFE Mission | ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച നാടിന് സമർപിക്കും; താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി നിർവഹിക്കും

 


തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച നാടിന് സമർപിക്കും. താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർകാരിന്റെ നൂറ്‌ ദിന കർമ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുമെന്ന് പിണറായി വിജയൻ അറിയിച്ചു.

LIFE Mission | ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച നാടിന് സമർപിക്കും; താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി നിർവഹിക്കും

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് സർകാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച് 31 വരെ 54,648 വീടുകളുടെ നിർമാണം പൂർത്തിയായി. 67,000 ലധികം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസോടിത്തിരി മണ്ണ്’ കാംപയിനിലൂടെ ഇതുവരെ 23.50 ഏകര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏകര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍കാര്‍ നിര്‍ദേശം നല്‍കിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർകാരെന്നും ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർകാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവെയ്പ്പാണ് വ്യാഴാഴ്ച കൈമാറുന്ന 20,073 വീടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia