Disaster Relief | വയനാട് ഉരുൾപൊട്ടൽ: 'പ്രത്യേക ഉത്തരവിന് കാത്തുനിൽക്കേണ്ട', തദ്ദേശ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി എംബി രാജേഷ്


* ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, താമസം എന്നിവ ഒരുക്കി
തിരുവനന്തപുരം: (KVARTHA) വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃപരമായ ഇടപെടൽ നടത്തും. പ്രത്യേക ഉത്തരവിനോ നിർദേശങ്ങൾക്കോ വേണ്ടി കാത്ത് നില്‍ക്കാതെ ദുരന്ത സാഹചര്യം വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നെടുക്കേണ്ടതാണ്.
ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ഒറ്റപ്പെട്ട് പോയവര്‍ക്കും ശുദ്ധമായ കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ക്യാംപുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളും മനുഷ്യ വിഭവശേഷിയും എത്തിക്കുന്നതിന് ക്യാമ്പ് നിലനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടാതെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശ്രദ്ധിക്കണം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ പുനര്‍വിന്യസിക്കുന്നതിന് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വയനാട് കൂടാതെ മറ്റ് എല്ലാ ദുരന്ത സാധ്യതാ മേഖലകളിലും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും മഴക്കെടുതിയെ നേരിടാൻ രംഗത്തിറങ്ങണം. എല്ലായിടങ്ങളിലും ഒഴുകി വരുന്ന മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
വിവിധ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളും മറ്റും ആവശ്യാനുസരണം എത്തിക്കാന്‍ ആവശ്യമായ മുൻകൂർ നടപടികള്‍ സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഉണർന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.