Fin. Crisis | ഖജനാവിൽ നിന്നും പൂച്ചയുടെ കരച്ചിൽ മാത്രം! ഓവർഡ്രാഫ്റ്റിലോടുന്ന സർക്കാർ പദ്ധതികളും നീട്ടിവയ്ക്കുന്നു

 


/ കനവ് കണ്ണൂർ

കണ്ണൂർ: (KVARTHA) സംസ്ഥാന സർക്കാർ നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. കയ്യിൽ കാശില്ലാതെ വാർഷിക പദ്ധതികൾ പൂർത്തീകരിക്കാനാവാതെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ നട്ടം തിരിയുകയാണ്. മാർച്ച് 31 നകം ബില്ലുകൾ മാറി കിട്ടേണ്ട ഗവ. കരാറുകാർ പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൻ്റെ ദുരവസ്ഥ കണ്ടു അന്തം വിട്ട് മുകളിലോട്ടു നിൽക്കുകയാണ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വായ്പാ പരിധി ഉയർത്താത്ത കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞും സ്വയം തള്ളുകയുമല്ലാതെ മറ്റൊന്നും കേരളത്തിൽ നടക്കുന്നില്ല.

Fin. Crisis | ഖജനാവിൽ നിന്നും പൂച്ചയുടെ കരച്ചിൽ മാത്രം! ഓവർഡ്രാഫ്റ്റിലോടുന്ന സർക്കാർ പദ്ധതികളും നീട്ടിവയ്ക്കുന്നു

2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനാവാത്തത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റിൽ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങൾ പൂര്‍ത്തിയാകണമെങ്കിൽ നിലവിൽ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ഓവര്‍ ഡ്രാഫ്റ്റിൽ ഓടുമ്പോൾ പദ്ധതികൾ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍.

നിലവില്‍ ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയിലധികമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് ഓടുന്നത്. സാമ്പത്തിക വര്‍ഷാവസാനം ഓടിക്കിതച്ച് പദ്ധതി വിനിയോഗം ഉറപ്പിക്കുന്ന പതിവ് ഇത്തവണ അത്ര എളുപ്പമല്ലെന്ന് ധനവകുപ്പുമായി ബന്ധപ്പെട്ടവരും സമ്മതിക്കുന്നു. 38629 കോടിരൂപയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയതിൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 53.15 ശതമാനം തുക മാത്രമാണ് ചെലവാക്കിയത്.

ഇനം തിരിച്ച് കണക്കെടുത്താൽ പല വകുപ്പുകളുടെ അവസ്ഥ പരമ ദയനീയമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന് അനുവദിച്ച 7460 കോടിയിൽ ചെലവഴിച്ചത് മൂന്നിലൊന്ന് തുകമാത്രം. 18000ത്തോളം ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നു. തദ്ദേശ വകുപ്പിന് കീഴിലെ ലൈഫ് മിഷന്‍റെ പുരോഗതി 3.76 ശതമാനത്തിൽ ഒതുങ്ങി. 973 കോടി വകയിരുത്തിയ കുടുംബശ്രീയുടെ പദ്ധതി വിനിയോഗം വെറും 24.75 ശതമാനം മാത്രമാണ്. മുഖ്യമന്ത്രി നേരിട്ട് നോക്കുന്ന ആഭ്യന്തര വകുപ്പിൽ പൊലീസിന് വകയിരുത്തിയതിൽ വിനിയോഗിച്ചത് 26.30 ശതമാനം തുകമാത്രം.

വകയിരുത്തിയതിൽ അധികം തുക ചെലവാകാറുള്ള പൊതുമരാമത്ത് വകുപ്പിലും ഇത്തവണ പദ്ധതി നടത്തിപ്പ് മെല്ലെപ്പോക്കിലാണ്. റോഡുകൾക്കും പാലങ്ങൾക്കുമായി കഴിഞ്ഞ ബജറ്റിൽ 29 സ്കീമുണ്ട്. 1073 കോടിയിൽ 63 ശതമാനം മാത്രമാണ് ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികൾ പോലും പണമില്ലാത്ത സ്ഥിതിയിൽ ഉടക്കി മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ കെട്ടിക്കിടക്കുന്ന ബില്ലുകൾ പോലും മാറ്റി നൽകാനുള്ള സാഹചര്യത്തിലല്ല ഖജനാവ്. സ്പിൽ ഓവറായപദ്ധതി പ്രവര്‍ത്തനങ്ങൾ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടുകയാണ് സര്‍ക്കാരിന് മുന്നിലെ ഒരു പോം വഴി.

Keywords: News, Malayalam News, Politics, LDF Govt, Pinarayi Vijayan, CPM, financial crisis, Kerala government departments in financial crisis
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia