Misrepresentation | വയനാട്: ചെലവുകളുടെ കണക്ക് തള്ളി സർക്കാർ; 'തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു'
● ദേശീയ ദുരന്ത നിവാരണ നിധിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തുക കണക്കാക്കിയത്.
● പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടുകൾ തിരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ചെലവുകൾ അനധികൃതമായി വിവരിച്ചുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വിവിധ മേഖലകളിൽ പ്രതീക്ഷിക്കുന്ന ചെലവുകൾ മാത്രം ഉൾപ്പെടുത്തിയിരുന്നുവെന്നും, അതിനെ ദുരന്തമേഖലയിൽ നേരിട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര സഹായം ലഭിക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം, ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (SDRF) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാഥമിക കണക്കുകൾ മാത്രമാണെന്നാണ് സർക്കാരിന്റെ വാദം. ഇതിൽ സംസ്ഥാന സർക്കാർ ചെലവുകളെ കുറിച്ച് കൃത്യമായി തിട്ടപ്പെടുത്തുകയോ ബില്ലുകൾ പാസാക്കുകയോ ചെയ്തിട്ടില്ലെന്നും, ഈ പ്രചാരണം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിലാണെന്നും ആരോപിച്ചു.
ഹൈക്കോടതിയിൽ സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിശദീകരണം
എസ് ഡി ആർ എഫ് മാനദണ്ഡങ്ങൾ അനുസരിച്ച്, പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇത് ദുരന്തമേഖലയിലെ ചെലവുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്.
വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാനും, ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢ നീക്കമാണെന്ന് ഇതിനുപിന്നിലെന്ന് സർക്കാർ ആരോപിച്ചു.
ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഹർജിയിൽ, എസ് ഡി ആർ എഫ് മാനദണ്ഡമനുസരിച്ച് അളക്കപ്പെട്ട ചെലവുകൾ മാത്രമാണെന്നും, യഥാർഥ ചെലവുകൾ അല്ലെന്നും ഹൈക്കോടതി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
തെറ്റായ പ്രചാരണം ദുരന്തബാധിതർക്ക് സഹായം നിഷേധിക്കാനുള്ള ഗൂഢ നീക്കമാണെന്നും, പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടുകൾ തിരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.