ഇവി വിൽപ്പനയിൽ കേരളം മുന്നോട്ടും പിന്നോട്ടും; സ്വകാര്യ വാഹനങ്ങളിൽ ഒന്നാമത്, വാണിജ്യ മേഖലയിൽ ഏറെ പിന്നിൽ
ADVERTISEMENT
● വാണിജ്യ രംഗത്ത് ഒമ്പത് ശതമാനം മാത്രമാണ് അഡോപ്ഷൻ നിരക്കെന്നും റിപ്പോർട്ട്.
● പ്രത്യേക സബ്സിഡികളുടെയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളുടെയും അഭാവമാണ് കാരണം.
● ട്രാൻസ്പോർട്ട് ഇലക്ട്രിഫിക്കേഷനിൽ 77 പോയിന്റോടെ ഡൽഹിയാണ് ഒന്നാമത്.
● ചാർജിങ് അടിസ്ഥാന സൗകര്യങ്ങളിൽ കേരളത്തിന് 55 പോയിന്റും 12-ാം സ്ഥാനവുമാണുള്ളത്.
● സമഗ്രമായ ഇവി, ഹരിതോർജനയം സംസ്ഥാനത്തിന് ആവശ്യമാണെന്ന് റിപ്പോർട്ട്.
കൊച്ചി: (KVARTHA) വൈദ്യുത വാഹന (ഇവി) വിപണിയിൽ സമഗ്രമായ മുന്നേറ്റമുണ്ടാക്കാനാകാതെ കേരളം. സ്വകാര്യ ആവശ്യത്തിനായുള്ള ഇവികളുടെ ഉപയോഗത്തിൽ മാതൃകയായി മുന്നേറുമ്പോഴും ഇതേ നിലവാരം ഗതാഗത മേഖലയുടെ പൂർണമായുള്ള ഇവിവൽക്കരണത്തിലേക്ക് നയിക്കുന്നില്ല. വാണിജ്യാവശ്യത്തിനുള്ള ഇവികളിൽ മുന്നേറാൻ കഴിയാത്തതാണ് കേരളത്തിന് പ്രധാന തിരിച്ചടിയാകുന്നത്.
നിതി ആയോഗിൻ്റെ 'ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് (ഐഇഎംഐ) 2025' റിപ്പോർട്ടിലാണ് ഇവി മേഖലയിൽ കേരളത്തിനുള്ള നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമാകുന്നത്. റിപ്പോർട്ട് പ്രകാരം 2025-ൽ ഇരുചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടുന്ന വ്യക്തിഗത വാഹനവിഭാഗത്തിൽ 12.3 ശതമാനം സ്വീകാര്യതയുമായി കേരളം ദേശീയതലത്തിൽ ഒന്നാമതാണ്.
സ്വകാര്യ വാഹനങ്ങളിൽ മുന്നിൽ
സ്വകാര്യവാഹനങ്ങളിലെ ഇവിവൽക്കരണത്തിൽ നൂറിൽ നൂറുപോയിൻ്റും നേടിയ കേരളത്തിന് വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളിൽ പക്ഷേ ചുവടുപിഴച്ചു. അവിടെ 30 പോയിൻ്റുകൾ മാത്രമാണ് സംസ്ഥാനത്തിന് നേടാനായത്. ഒമ്പത് ശതമാനം മാത്രമാണ് അഡോപ്ഷൻ നിരക്ക്. വാണിജ്യ ഇവികളിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ആകർഷകമായ ഇളവുകളില്ല എന്നതാണ് ഇതിന് പ്രധാന കാരണം.
പ്രത്യേക സബ്സിഡികൾ, കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ, ഇൻഷുറൻസ്-പെർമിറ്റ് ഇളവുകൾ എന്നിവയുടെ അഭാവം വാണിജ്യ ഇവികളുടെ ആവശ്യകത കുറയാനുള്ള കാരണങ്ങളായി. ഇക്കാരണങ്ങളാൽ ട്രാൻസ്പോർട്ട് ഇലക്ട്രിഫിക്കേഷൻ പുരോഗതിയിൽ 100-ൽ 36 പോയിൻ്റുമായി 20-ാം സ്ഥാനത്ത് മാത്രമാണ് കേരളം. 77 പോയിൻ്റുമായി ഡൽഹിയാണ് ഒന്നാമത്. അയൽസംസ്ഥാനങ്ങളായ കർണാടക (55 പോയിൻ്റുമായി ഏഴാംസ്ഥാനം), തമിഴ്‌നാട് (48 പോയിൻ്റുമായി 12-ാം സ്ഥാനം) എന്നിവ കേരളത്തിന് മുന്നിലാണ്.
അടിസ്ഥാന സൗകര്യങ്ങളും ഗവേഷണവും
ചാർജിങ് അടിസ്ഥാന സൗകര്യ സജ്ജീകരണത്തിൽ 55 പോയിൻ്റുകളും (12-ാം സ്ഥാനം) ഗവേഷണ-വികസന മേഖലയിൽ 29 പോയിൻ്റുമാണ് (24-ാം സ്ഥാനം) കേരളത്തിനുള്ളത്. ഇ-മൊബിലിറ്റിക്കായി സമഗ്രമായ ഇവി, ഹരിതോർജനയം സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കൂടാതെ സ്വകാര്യ ആവശ്യത്തിന് പുറത്തും ഇവി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇടപെടലുകളും കൂടുതൽ ആനുകൂല്യങ്ങളും ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Kerala ranks first in personal EV sales but lags in commercial EVs.
#KeralaEV #ElectricVehicles #NITIAayog #GreenEnergy #IEMI2025 #Kvartha #AyishNews
