Crisis | ജനിച്ചു വളർന്ന നാട് വിട്ടുപോകേണ്ടി വരുമോ? കർണാടക അതിർത്തിയിൽ കുടിയിറക്ക് ഭീതിയിൽ മലയാളി കുടുംബങ്ങൾ
കർണാടക വനാതിർത്തിക്കും കാര്യങ്കോട് പുഴയ്ക്കുമിടയിലെ പ്രദേശത്ത് പതിറ്റാണ്ടുകളായി വീടുവെച്ചും കൃഷിചെയ്തും താമസിക്കുന്നവർക്കാണ് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയത്
കണ്ണൂർ: (KVARTHA) ജനിച്ചു വളർന്ന മണ്ണിൽ കുടിയിറക്ക് ഭീഷണിയിൽ കേരള - കർണാടക അതിർത്തിയിലെ കുടുംബങ്ങൾ. പതിനഞ്ചോളം മലയാളി കുടുംബമാണ് കണ്ണൂരിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്നത്. മലയോര പ്രദേശമായ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവിൽ താമസിക്കുന്ന 15 കുടുംബങ്ങൾക്കാണ് കർണാടക വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നൽകിയത്. കർണാടക വനാതിർത്തിക്കും കാര്യങ്കോട് പുഴയ്ക്കുമിടയിലെ പ്രദേശത്ത് പതിറ്റാണ്ടുകളായി വീടുവെച്ചും കൃഷിചെയ്തും താമസിക്കുന്നവർക്കാണ് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെ വീടുകളിൽ എത്തി കന്നഡയിലുള്ള നോട്ടീസ് വനംവകുപ്പ് ഉദോഗസ്ഥർ കൈമാറുകയായിരുന്നു. പടിക്കൽ സണ്ണി, കുറ്റിക്കൽ വർഗീസ്, ആമപുറത്ത് അമ്മിണി, പുൽത്തകിടിയിൽ അന്നക്കുട്ടി, പള്ളിക്കുന്ന് അമ്മിണി, മടക്കോലിൽ പ്രസാദ്, മാണിക്യതാഴത്തെ ബിനു, തോണക്കര കുട്ടപ്പൻ തുടങ്ങി 15 മലയാളി കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പുളിങ്ങോം വില്ലേജിൽ പെട്ട സ്ഥലമാണിത്. അതിക്രമിച്ച്കയറി താമസിക്കുന്നവരാണെന്നും ഉടൻ ഒഴിഞ്ഞുപോയില്ലെങ്കിൽ വനത്തിൽ അതിക്രമിച്ച് കയറിയതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും കർണാടക വനം വകുപ്പ് നൽകിയനോട്ടീസിൽ പറയുന്നു.
1937-ൽ കർണാടകവുമായി അന്നത്തെ മദിരാശി സർക്കാർ ഉണ്ടാക്കിയ കരാർ ചൂണ്ടിക്കാട്ടിയാണ് നീക്കം. 1999-ൽ സമാനമായ നീക്കം നടന്നെങ്കിലും താമസക്കാർ ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. അന്ന് കേരള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും കുടിയൊഴിപ്പിക്കലിനെതിരെ ഒന്നുംചെയ്തിരുന്നില്ല. കാട്ടാന ശല്യം ഭയന്ന് ഏതാനും വീട്ടുകാർ താമസം മീന്തുള്ളി ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ഇവരെല്ലാം കൃഷിഭൂമി നിലനിർത്തുകയും നിലവിലെ വീട് അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുവരികയുമാണ്. മറ്റൊരിടത്തേക്ക് താമസംമാറ്റാൻ പറ്റാത്തവർ കാട്ടാനശല്യത്തിനിടയിലും ഇവിടെ കഴിയുന്നുണ്ട്.
പശു, പന്നി, ആട് എന്നിവയെ വളർത്തിയും കൃഷിചെയ്തുമാണ് ഇവരെല്ലാം ജീവിക്കുന്നത്. പാവങ്ങളായ കുടിയേറ്റ കർഷകരെ കുടിയിറക്കാനുള്ള കർണാടക വനം വകുപ്പിൻ്റെ നീക്കത്തിനെതിരെ കേരളത്തിലെ റവന്യു വകുപ്പ് അധികൃതർ പ്രതിരോധിക്കാത്തത് കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നില്ല. കാട്ടാനയ്ക്കു പുറമേ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെയും പിറന്ന മണ്ണിൽ നിന്നും കുടിയിറങ്ങാതിരിക്കാൻ പേടിക്കേണ്ട അവസ്ഥയിലാണ് മലയാളി കുടുംബങ്ങൾ.
#Kerala #Karnataka #borderdispute #eviction #India #SaveHomes