Landslides | രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ കേരളത്തില്‍ നടക്കുന്നത് എന്തുകൊണ്ട്? 5 വർഷത്തിൽ മാത്രം 2,239 സംഭവങ്ങൾ 

 
Landslides
Landslides

Photo: PRD Wayanad

2018ൽ പ്രളയം സംഭവിച്ചിട്ടും ഗൗരവമായ നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്നാണ് വയനാട് ദുരന്തം പറയുന്നത്. 2017മും 22നും ഇടയിൽ രാജ്യത്തുണ്ടായ മൊത്തം ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും കേരളത്തിലാണ് നടന്നത്.

അര്‍ണവ് അനിത

(KVARTHA) 2017-നും 2022-നുമിടയിൽ കേരളത്തിൽ 2,239 ഉരുള്‍പൊട്ടലുകൾ (Land slides) ഉണ്ടായെന്നാണ് 2022ൽ പാർലമെന്റിൽ (Parliament) അവതരിപ്പിച്ച രേഖ പറയുന്നത്. ഇതേ സമയം രാജ്യത്ത് ആകെ 3,782 ഉരുള്‍പൊട്ടലുകളാണ് സംഭവിച്ചത്. ഇതിൽ നിന്ന് തന്നെ സംസ്ഥാനം എത്രത്തോളം ദുരന്തബാധിതമേഖലയാണെന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ച കണക്കുകള്‍ സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പക്കലുണ്ട്. 

2018ൽ പ്രളയം (Flood) സംഭവിച്ചിട്ടും ഗൗരവമായ നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്നാണ് വയനാട് ദുരന്തം പറയുന്നത്. 2017മും 22നും ഇടയിൽ രാജ്യത്തുണ്ടായ മൊത്തം ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും കേരളത്തിലാണ് നടന്നത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിലെ ഉരുള്‍പൊട്ടൽ ഗവേഷകനായ അച്ചു എഎൽ 2024-ൽ ഉരുള്‍പൊട്ടലിനെക്കുറിച്ച് നടത്തിയ പഠനമനുസരിച്ച്, കേരളത്തിലെ 13 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണ്. ഈ പ്രദേശങ്ങളിൽ ഇടുക്കി (Idukki), പാലക്കാട്, മലപ്പുറം (Malappuram), പത്തനംതിട്ട, വയനാട് (Wayanad) ജില്ലകളിൽ ഉരുള്‍പൊട്ടൽ സാധ്യത വളരെ കൂടുതലാണ്.

2018 ലെ പ്രളയത്തിന് ശേഷം വെള്ളപ്പൊക്ക് സാധ്യതയുള്ളതായി തരംതിരിക്കുന്ന പ്രദേശത്ത് 3.46 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മഴയുടെ വർദ്ധനവാണ് ഇതിന് കാരണമെന്നും അച്ചു എ.എൽ പറഞ്ഞു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) 2022ൽ നടത്തിയ പഠനമനുസരിച്ച്, 2014 നും 2021 നും ഇടയിൽ, കേരളത്തിൽ 6,000-ത്തിലധികം ഉരുള്‍പൊട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തിലെ 14 ജില്ലകളിൽ 13 എണ്ണവും ഉരുള്‍പൊട്ടലിന് വിധേയമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിവർഷം നിരവധി ഉരുള്‍പൊട്ടലുകൾ ഉണ്ടാകാറുണ്ടെങ്കിലും, ജനസാന്ദ്രത കുറവും വിശാലമായ, ജനവാസമില്ലാത്ത മലനിരകളും കാരണം വലിയ ദുരന്തങ്ങളാകുന്നില്ലെന്നും മാത്രം. പശ്ചിമഘട്ടത്തിൽ (Western Ghats) വളരെ ഉയർന്ന ജനസാന്ദ്രതയും അടുത്തടുത്ത് വീടുകളും ഉള്ളത് പ്രദേശവാസികളുടെയും കുടുംബങ്ങളുടെയും അപകടസാധ്യതയ്ക്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഹിമാലയൻ (Himalayan) പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉരുള്‍പൊട്ടൽ കുറവാണെങ്കിലും അപകടസാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതിശക്തമായ മഴയുമാണ് ഈ ഉരുള്‍പൊട്ടലിന് പിന്നിലെ പ്രധാന കാരണമെന്ന് കോട്ടയം ഗവണ്‍മെന്റ് കോളേജിലെ ജിയോളജി (Geology) വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ദിലീപ് കുമാർ പി.ജി പറയുന്നു. സംസ്ഥാനത്തിന്റെ ഭൂപ്രകൃതി ഇത്തരം ദുരന്തങ്ങള്‍ക്ക് ഇരയാകുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്, അമിതമായ മഴ മണ്ണിന്റെ ഉറപ്പ് ഇല്ലാതാക്കുകയും നീങ്ങാന്‍ സഹായകമാക്കുകയും ഒടുവിലത് ഉരുള്‍പൊട്ടലായി മാറുകയും ചെയ്യുന്നെന്നും ദിലീപ് കുമാർ ചൂണ്ടിക്കാണിക്കുന്നു. 

2023-30 ലേക്കുള്ള സംസ്ഥാന കാലാവസ്ഥാ വ്യതിയാന ആസൂത്രണ രേഖ പ്രകാരം, കേരളത്തിൽ അസാധാരണമായ ചൂടും മഴയും അനുഭവപ്പെടുന്നുണ്ടെന്നും 14 ജില്ലകളിലും താപനില (Temperature) വർദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. എല്ലാ ജില്ലകളിലും ശരാശരി വാർഷിക മഴയുടെ തോത് ഉയരുമെന്നും വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കൂടുതൽ വാർഷിക മഴ ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. കൂടാതെ, വനനശീകരണം (Deforestation) അടക്കമുള്ള പ്രവർത്തനങ്ങൾ ഈ സംഭവങ്ങളെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഭാവിയിൽ ദുരന്തങ്ങൾ അഭിമുഖീകരിക്കാന്‍ സൂക്ഷ്മതലത്തിലുള്ള കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികൾ ആവശ്യമാണെന്നും ദിലീപ് കുമാർ പറഞ്ഞു.

ഉരുള്‍ പൊട്ടലിന് പ്രധാന കാരണം അമിതമായ മഴയാണെന്നും ഇളം മണ്ണും ദുർബലമായ പാറകളുമാണ് ഇതിന് കാരണമെന്നും കേരള സർവകലാശാലയിലെ ജിയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സജിൻ കുമാർ കെ.എസ് പറഞ്ഞു. അമിതമായ മഴ, മണ്ണിന്റെ ഉറപ്പിലുണ്ടായ വ്യത്യാസം, കാലാവസ്ഥ കാരണം ദുർബലമായ പാറകൾ എന്നിവ ഒരുപോലെ ഉണ്ടാകുമ്പോൾ മണ്ണിടിച്ചിൽ സംഭവിക്കുമെന്ന് സജിൻ വിശദീകരിച്ചു. 

ഭൂപ്രദേശത്തിന്റെ ചരിവ് 20 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ, ഉരുള്‍പൊട്ടലിനുള്ള സാധ്യത കൂടുതലാണ്. വയനാട് ഉൾപ്പെടെ പശ്ചിമഘട്ടത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചരിവ് 20 ഡിഗ്രിക്ക് മുകളിലായതിനാല്‍ ഈ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടൽ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അമിതമായ മഴ കാരണം, ഉരുള്‍പൊട്ടലിന് 20 ഡിഗ്രി ചരിവ് പോലും ആവശ്യമില്ലെന്ന് അച്ചു ചൂണ്ടിക്കാട്ടി. അമിതമായ മഴ പെയ്യുമ്പോൾ 10 അല്ലെങ്കില്‍ 15 ഡിഗ്രി ചരിവുകളില്‍ പോലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ രാജ്യത്തുണ്ടെങ്കിലും ഉരുള്‍പൊട്ടിയ ശേഷം വെള്ളവും മണ്ണും മറ്റ് അവശിഷ്ടങ്ങളും ഒഴുകാന്‍ സാധ്യതയുള്ള റൂട്ടുകള്‍ പ്രവചിക്കുന്ന ഭൂപടങ്ങള്‍ ഇന്ത്യയിലില്ലെന്ന് സജിന്‍ ചൂണ്ടിക്കാണിച്ചു. അത്തരം ഭൂപടങ്ങള്‍ സൃഷ്ടിച്ചാല്‍, നമുക്ക് മുൻകൂർ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും കഴിയും. ഉദാഹരണത്തിന്, സ്വിറ്റ്‌സർലൻഡിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള റൂട്ടുകള്‍ പ്രവചിക്കാൻ ഇതിനകം തന്നെ ഒരു സംവിധാനം നിലവിലുണ്ട്. 

പ്രകൃതി ദുരന്തം ലഘൂകരിക്കാനുള്ള തയ്യാറെടുപ്പും പ്രതിരോധവും ലഘൂകരണവും പരിസ്ഥിതി ഭരണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ജിയോളജി, എഞ്ചിനീയറിംഗ്, റവന്യൂ, കൃഷി തുടങ്ങി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇതിന് ആവശ്യമാണ്. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മേഖലയെ കുറിച്ച് പഠനം നടത്തിയ കോട്ടയം ഗവണ്‍മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ മനോജ് കുമാർ പറഞ്ഞു.

പ്രദേശത്തിന്റെ ഉയരം, മണ്ണിന്റെ തരം, നീർത്തടത്തിന്റെ സവിശേഷതകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പ്രത്യേക പാരിസ്ഥിതിക നയങ്ങൾ രൂപകല്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു വിശദമായ സർവേയിലൂടെ പ്രദേശങ്ങളെ അപകടസാധ്യതയുള്ള വിഭാഗങ്ങളായി തരംതിരിക്കണം. വെല്ലൂർ സിറ്റിസണ്‍സ് വെൽഫെയർ ഫോറം കേസിൽ സുപ്രീം കോടതി അംഗീകരിച്ച മുൻകരുതൽ തത്ത്വവും മലിനീകരണം തത്ത്വവും പാരിസ്ഥിതിക ഭരണത്തിന് അത്യാവശ്യമാണെന്നും മനോജ് കുമാർ എടുത്തുപറഞ്ഞു.

ദുരന്തനിവാരണ നിയമത്തിന്റെ 31-ാം വകുപ്പ് ഓരോ ജില്ലയ്ക്കും ദുരന്തനിവാരണ പദ്ധതികൾ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഭൂവിനിയോഗം, നിർമ്മാണം, വസ്തുക്കൾ എന്നിവയ്ക്കായി ഈ നിയമത്തിന് സമഗ്രമായ നയ ചട്ടക്കൂട് ഇല്ലെന്നും മലയോര മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക നിയമങ്ങളും ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia