ട്രിപ്പിള്‍ ലോക്കും ട്രിപ്പിള്‍ സെഞ്ച്വറിയും കടന്ന് കൊവിഡ്; നെഞ്ചിടിപ്പോടെ കേരളം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2020) ട്രിപ്പിള്‍ ലോക്ഡൗണും രോഗികളുടെ എണ്ണത്തില്‍ ഒരുദിവസം 300 കടന്ന് കൊവിഡ് ഭീതി പടര്‍ത്തുമ്പോള്‍, നെഞ്ചിടിപ്പോടെ കേരളം. വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും മലയാളികള്‍ എത്തുമ്പോഴുള്ള സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാവാത്ത  സാഹചര്യമാണുള്ളത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ബാക്കി 197 കേസുകളും ഇവിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ തന്നെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. അതില്‍ തന്നെ ഒരാളില്‍ നിന്ന് നിരവധി പേര്‍ക്ക് പകര്‍ന്നു. അതിനാല്‍ തിരുവനന്തപുരത്ത് രോഗവ്യാപനം ഇനിയും കൂടാനാണ് സാധ്യത.

ട്രിപ്പിള്‍ ലോക്കും ട്രിപ്പിള്‍ സെഞ്ച്വറിയും കടന്ന് കൊവിഡ്; നെഞ്ചിടിപ്പോടെ കേരളം

തലസ്ഥാന നഗരത്തില്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് കമാന്‍ഡോകളെ വരെ ഇറക്കി, സമൂഹവ്യാപനം തടാനുള്ള നടപടികള്‍ കൈക്കൊണ്ടത്. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍, അതിര്‍ത്തികടന്നുള്ള യാത്രകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം തുടര്‍ന്നില്ല. മാത്രമല്ല ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട് ഭാഗത്ത് മത്സ്യബന്ധനത്തിനും മത്സ്യം വാങ്ങാനും പോകുമെന്ന് അറിയാമായിരുന്നിട്ടും അതിനുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനോ, ബോധവല്‍ക്കരിക്കാനോ വേണ്ടത്ര ജാഗ്രതകുറവ് ഉണ്ടായി. അതുകൊണ്ടാണ് പലരും തമിഴ്‌നാട്ടില്‍ പോയി മത്സ്യം വാങ്ങി വന്ന് തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ വെച്ച് വിറ്റതും ലേലം ചെയ്തതും.

രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആശുപത്രി, മറ്റ് അനുബന്ധസൗകര്യങ്ങളും വേണം. രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യവും സുരക്ഷയും നോക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെയും സ്ഥിതി മോശമാണ്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെല്ലാം സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം പത്തില്‍ താഴെയാണ് എന്നത് ആശ്വാസമാണ്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തും കാരോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി. നഗരത്തിലേതു പോലെ ഗ്രാമങ്ങളിലെയും സ്ഥിതി വഷളാവുകയാണോ എന്ന് സംശയത്തിലേക്കാണ് ഈ രണ്ട് പഞ്ചായത്തുകളും വിരല്‍ചൂണ്ടുന്നത്.

ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കി , തുടക്കത്തിലേ രോഗികളെ കണ്ടെത്തി ക്വാറന്റയിന്‍ ചെയ്യുകയാണ് ഏറ്റവും ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. സമ്പര്‍ക്കവ്യാപനം അവിടെയും ഉണ്ടായാല്‍ അപകടത്തിന്റെ തോത് കൂടും. പൂന്തുറയില്‍ മാത്രം ആറിടത്ത് സ്രവപരിശോധന നടത്തും. രോഗം സ്ഥിരീകരിക്കുന്നവരെ വേഗം ആശുപത്രിയിലാക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വാര്‍ഡിലെ എല്ലാ വീടുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണവും ജാഗ്രതയും കൂടെയാകുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Keywords: Kerala cross 300 Covid patients in a day , Poonthura, Triple Lockdown, Aryanad, Karod, Trivandrum city, Fisherman, Containment zone, Health workers, Antigen test, Covid19
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia