സ്‌കറിയാ തോമസ്- പിള്ള ലയന നീക്കം പൊളിച്ചത് സിപിഎം; പിണറായിയുടെ പിന്തുണ ഫലിച്ചില്ല

 


തിരുവനന്തപുരം: (www.kvartha.com 17.06.2016) കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിച്ച് കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ ശ്രമത്തിനെതിരേ സിപിഎമ്മില്‍ എതിര്‍പ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂല നിലപാടെടുത്തിട്ടും ലയനം നടക്കാതെ നീണ്ടുപോകുന്നതിനു കാരണം ഇതാണ്.

എങ്കിലും ആര്‍ ബാലകൃഷ്ണ പിള്ളയും കെ ബി ഗണേഷ് കുമാറും ഇപ്പോഴും പ്രതീക്ഷയോടെ ശ്രമം തുടരുകയാണ്. സ്‌കറിയാ തോമസാകട്ടെ പിണറായി വിജയന്‍ എന്തു പറഞ്ഞാലും അതുപോലെ ചെയ്യാമെന്ന നിലപാടിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ സ്‌കറിയാ തോമസ് മല്‍സരിച്ചു പരാജയപ്പെട്ടതോടെ ഇടതുമുന്നണി സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി ഇല്ലാത്ത സ്ഥിതിയാണ്.

മുന്നണി ഘടക കക്ഷിയായ ഏക കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസിന്റേതു മാത്രമാണ്. മുന്നണിക്കു പുറത്തുനിന്ന് സഹകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ത്ഥികളും തോറ്റെങ്കിലും ബാലകൃഷ്ണ പിള്ള ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ ജയിച്ചു. എന്നാല്‍ മുന്നണിക്കുള്ളിലുള്ളവരെ മാത്രം മന്ത്രിസഭയില്‍ എടുത്താല്‍ മതിയെന്ന് എല്‍ഡിഎഫ് തീരുമാനിച്ചതോടെ ഗണേഷ് പുറത്തുനില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍ സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിക്കാനുള്ള ശ്രമം തുടങ്ങിയതും ആദ്യവട്ട ചര്‍ച്ചകള്‍ക്ക് പിണറായിയുടെ ഒത്താശ ഉണ്ടായതും കെവാര്‍ത്തയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.

നിലവില്‍ 19 അംഗങ്ങള്‍ മാത്രമുള്ള പിണറായി മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തുന്നതിനു തടസമില്ല. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയുമില്ല.

പാര്‍ട്ടിയും മുന്നണിയും പിണറായി പറയുന്നിടത്താണു നില്‍ക്കുന്നതെങ്കിലും കേരള കോണ്‍ഗ്രസുകള്‍ക്കു വേണ്ടി അനാവശ്യ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന പേരുകേള്‍ക്കാന്‍ അദ്ദേഹത്തിനും താല്‍പര്യമില്ല. ഇപ്പോള്‍ സര്‍ക്കാരിനു പരസ്യ പിന്തുണ നല്‍കുന്ന വി എസ് അച്യുതാനന്ദന്‍ തന്നെ ആദ്യം പരസ്യമായി എതിര്‍പ്പു പ്രകടിപ്പിക്കുമെന്ന ആശങ്ക പിണറായിക്കുണ്ട്.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള കോണ്‍ഗ്രസുകളുടെ തട്ടിക്കൂട്ട് ലയനം മുന്നണിക്ക് പിന്നീട് ബാധ്യതയാകുമെന്ന അഭിപ്രായക്കാരനാണ്. സ്‌കറിയാ തോമസ് വിഭാഗം തീരെച്ചെറിയ പാര്‍ട്ടിയാണെങ്കിലും പ്രതിപക്ഷത്തായിരിക്കെ പിളര്‍ന്ന് പി സി തോമസ് വിഭാഗം ബിജെപിക്കൊപ്പം പോയിരുന്നു.

പിള്ളയും ഗണേഷും സ്‌കറിയാ തോമസും ഇപ്പോള്‍ അധികാരത്തിനു വേണ്ടി
ഒന്നിച്ചാലും പിന്നീട് പടലപ്പിണക്കങ്ങള്‍ ഉണ്ടായാല്‍ അത് മുന്നണിയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് സിപിഎമ്മിലെ പൊതുവികാരം.


സിപിഐയിലും ഈ അഭിപ്രായമുള്ളവരാണ് ഭൂരിഭാഗം നേതാക്കളും എന്നാണു വിവരം. ഇതോടെ സ്‌കറിയാ തോമസിന് സര്‍ക്കാരിനു കീഴിലുള്ള ഏതെങ്കിലും പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനം കൊടുക്കുന്ന കാര്യമാണ് ഇപ്പോള്‍ പിണറായി ആലോചിക്കുന്നത്.

സ്‌കറിയാ തോമസ്- പിള്ള ലയന നീക്കം പൊളിച്ചത് സിപിഎം; പിണറായിയുടെ പിന്തുണ ഫലിച്ചില്ല

Also Read:
മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

Keywords: Kerala Congress, Thiruvananthapuram, Ganesh Kumar, Chief Minister, Pinarayi vijayan, Election, R.Balakrishna Pillai, BJP, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia