കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ഓർമയായി; വിടവാങ്ങിയത് പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ ജനനായകന്‍

 


തിരുവനന്തപുരം: (www.kvartha.com 03.05.2021) കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. ശ്വാസതടസത്തെത്തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച വൈകുന്നരത്തോടെയാണ് മോശമായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 
                                                                   
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ഓർമയായി; വിടവാങ്ങിയത് പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ ജനനായകന്‍

മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിനായി പത്തനാപുരത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമിറ്റി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചതും മണ്ഡലത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും.  

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നായര്‍ സെര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. 

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനായി 1934 ഏപ്രില്‍ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം. വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തെത്തി. തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍(പിന്നീട് തിരുകൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്‍) പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ അണിചേര്‍ന്ന് കെ പി സി സി  ഐ എ സി സി എക്‌സിക്യൂടീവ് കമിറ്റികളില്‍ അംഗമായി. 

1964 ല്‍ കെ എം ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ ഒരാളായി. ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രടറിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന കമിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു അദ്ദേഹം. കെ എം ജോര്‍ജിന്റെ മരണത്തിനു പിന്നാലെ പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടന്ന് കേരള കോണ്‍ഗ്രസ് പിളരുകയും 1977 ല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.

1960 ല്‍ 25ാം വയസില്‍ പത്തനാപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1965 ല്‍ കൊട്ടാരക്കരയില്‍നിന്നു വിജയിച്ചെങ്കിലും 1967ലും 1970ലും പരാജയപ്പെട്ടു. 1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക്സഭാംഗമായി. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കരയില്‍നിന്ന് ജയിച്ചു. 2006 ല്‍ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു.

1975 ല്‍ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഗതാഗത എക്‌സൈസ് വകുപ്പുകളായിരുന്നു. പിന്നീട് ഇ കെ നായനാര്‍, കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി ഗതാഗതം, എക്സൈസ്, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്തു.  'പഞ്ചാബ് മോഡല്‍ പ്രസംഗം' എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യവും ഇതിനിടെ അദ്ദേഹത്തിനുണ്ടായി.

1982-87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിളള. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുംമുന്‍പ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാര്‍ക്കൊപ്പം ജയില്‍മോചിതനായി. 

കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്തു അയോഗ്യനാക്കപ്പെട്ട ഏക എംഎല്‍എയും അദ്ദേഹമാണ്. 1964 മുതല്‍ 87 വരെ തുടര്‍ച്ചയായി ഇടമുളയ്ക്കല്‍  ഗ്രാമപഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിച്ചു.

1980ല്‍ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെകോര്‍ഡായി കുറെ കാലം നിലനിന്നു. ഇ കെ നായനാരുടെ ആദ്യമന്ത്രിസഭയില്‍ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യു ഡി എഫിലെത്തിയത്. 

'പ്രിസണര്‍ 5990' എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. അണിചേരുന്ന മുന്നണികള്‍ക്കുപരി വ്യത്യസ്തമാര്‍ന്ന നിലപാടുകള്‍ ഉറപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി കേരളരാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള. 2018 ല്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) വീണ്ടും എല്‍ഡിഎഫിലെത്തി.

സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആര്‍ ബാലകൃഷ്ണപിള്ള. 'ഇവളൊരു നാടോടി' എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയില്‍ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. 1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. 'വെടിക്കെട്ടി'ല്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീടും സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കാനായിരുന്നു  തീരുമാനം.

പരേതയായ ആര്‍ വല്‍സലയാണ് ഭാര്യ. ഉഷ മോഹന്‍ദാസ്, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍: കെ മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപിങ് സെക്രടറി), ബിന്ദു ഗണേഷ് ( ദുബൈ), ടി ബാലകൃഷ്ണന്‍ ( മുന്‍ അഡീഷനല്‍ ചീഫ് സെക്രടറി).

Keywords:  News, Kerala, State, Kerala Congress (B), Congress, Death, Ganesh Kumar, R.Balakrishna Pillai, Kerala Congress (B) chairman R Balakrishna Pillai has passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia