Coastal Management | സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്.
സി.ആര്‍.ഇസഡ് III ല്‍ നിന്നും സി.ആര്‍.ഇസഡ് II ലേക്ക് തരം മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സി.ആര്‍.ഇസഡ് II കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കരട് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന് ചുവടെ ചേര്‍ത്തിട്ടുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്.
സി.ആര്‍.ഇസഡ് II
സംസ്ഥാനത്ത് 66 ഗ്രാമപഞ്ചായത്തുകളെ സി.ആര്‍.ഇസഡ് III ല്‍ നിന്നും സി.ആര്‍.ഇസഡ് II ലേക്ക് മാറ്റിയിട്ടുണ്ട്. താരതമ്യേനെ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഭാഗമാണ് സി.ആര്‍.ഇസഡ് II. ഈ പഞ്ചായത്തുകളില്‍ സി.ആര്‍.ഇസഡ് II ന്റെ വ്യവസ്ഥകള്‍ പ്രകാരമുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉളളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ സി.ആര്‍.ഇസഡ് III ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
സി.ആര്‍.ഇസഡ് III
പ്രധാനമായും 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച് സി.ആര്‍.ഇസഡ് III എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുളള പ്രദേശങ്ങളെ സി.ആര്‍.ഇസഡ് III ബി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. സി.ആര്‍.ഇസഡ് III എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്.
മുന്‍പ് ഇത് 200 മീറ്റര്‍ വരെ ആയിരുന്നു. എന്നാല്‍ സി.ആര്‍.ഇസഡ് III ബി യില്‍ കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ വരെ വികസന രഹിത മേഖലയായി തുടരും. ഉള്‍നാടന്‍ ജലാശയങ്ങളുടെ (സി.ആര്‍.ഇസഡ് III വിഭാഗത്തിലെ) വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തില്‍ 50 മീറ്റര്‍ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.
ദ്വീപുകള്‍
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകള്‍ക്ക് മാത്രം ഐഐഎംപി തയ്യാറാക്കേണ്ട ആവശ്യകത ഉള്ളൂ എന്നും, നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റുമായി (എന്‍ സി എസ് സി എം NCSCM) കൂടിയാലോചിച്ച് 10 ഹെക്ടറില്‍ താഴെ വിസ്തൃതിയുളള എല്ലാ ദ്വീപുകളുടെയും ഐഐഎംപിക്ക് ഒരു പൊതു ചട്ടക്കൂട് നല്‍കും എന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററില്‍ നിന്ന് 20 മീറ്ററായി കുറയ്ക്കും.
പൊക്കാളി/കൈപ്പാട് പ്രദേശങ്ങളിലെ ബണ്ടുകള്‍/സ്ലൂയിസ് ഗേറ്റുകള്‍
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 26.11.2021 ലെ SO നമ്പര്‍ 4886 (ഇ) ആയി ഭേദഗതി പുറപ്പെടുവിച്ചത് പ്രകാരം, 1991 ന് മുമ്പ് നിര്‍മ്മിച്ചിട്ടുള്ള ബണ്ടുകള്‍/സ്ലൂയിസ് ഗേറ്റുകള്‍ നിലവിലുണ്ടെങ്കില്‍ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകള്‍/സ്ലൂയിസ് ഗേറ്റുകളില്‍ നിജപ്പെടുത്താവുന്നതാണെന്ന് നിഷ്‌കര്‍ച്ചിട്ടുണ്ട്.
പൊക്കാളി പാടങ്ങളിലെ ബണ്ടുകള്‍ കണ്ടെത്തി തീരദേശ പരിപാലന പ്ലാന്‍ 1991, 2011- ല്‍ വേലിയേറ്റ രേഖയായി ഉപയോഗിച്ച അടിസ്ഥാന ഭൂപടങ്ങളില്‍ നിന്ന് (സര്‍വ്വേ ഓഫ് ഇന്ത്യ ടോപ്പോ ഷീറ്റുകള്‍, സാറ്റൈറ്റ് ഇമേജറികള്‍/ഏരിയല്‍ ഫോട്ടോഗ്രാഫുകള്‍, കടസ്ട്രല്‍ മാപ്പുകള്‍) തിരിച്ചറിഞ്ഞ് പൊക്കാളിപ്പാടങ്ങള്‍/അക്വാകള്‍ച്ചര്‍ കുളങ്ങള്‍ എന്നിവയ്‌ക്കൊപ്പമുള്ള ബണ്ടുകളുടെ/സ്പൂയിസ് ഗേറ്റുകളുടെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നതിന് 22.04.2022 ല്‍ കൂടിയ യോഗത്തില്‍ എന്‍ സി ഇ എസ് എസ് ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തീരദേശ പരിപാലന പ്ലാന്‍ 1996-ല്‍ നിന്ന് തീരദേശ പരിപാലന പ്ലാന്‍ 2011 ല്‍ സി.ആര്‍.ഇസഡ് പരിധിയുടെ വ്യാപ്തി വ്യത്യാസപ്പെടുന്നിടത്തെല്ലാം ബണ്ട്/സൂയിസ് ഗേറ്റ് തിരിച്ചറിയാന്‍ സര്‍വ്വേ ഓഫ് ഇന്ത്യ മാപ്പുകള്‍ ഉപയോഗിക്കുന്നതിനും, 26.11.2021 ലെ 50 നമ്പര്‍ 4886 (ഇ) നമ്പരായി പുറപ്പെടുവിച്ച സി ആര്‍ ഇസഡ് ഭേദഗതി പ്രകാരം പൊക്കാളി/കൈപ്പാട് പാടങ്ങളുടെ ബണ്ട്/സ്‌കൂയിസ് ഗേറ്റുകളുടെ എച് ടി എല്‍ ന്റെ അതിര്‍ത്തിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
2011 സി ഇസഡ് എം പി അനുസരിച്ച് പൊക്കാളിപ്പാടങ്ങളുടെ വിസ്തൃതി 71.8459 ഗാദ്ധ (7100 Ha) ഉം 2019 സി.ഇസഡ്.എം.പി പ്രകാരം ആയത് ഏകദേശം 35.435 Km² (3500 ഒമ) ഉം ആണ്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള 1991 ന് മുന്‍പുള്ള ബണ്ട്/ബ്ലൂയിസ് ഗേറ്റ് എന്നിവ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ഭേദഗതി 2019 സി.ഇസഡ്.എം.പിയില്‍ വരുത്തിയിട്ടുണ്ട്.
കണ്ടല്‍ക്കാടുകള്‍
2019 സി.ആര്‍.ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുളള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റും മാത്രമാണ് 50 മീറ്റര്‍ ബഫര്‍ ഡീമാര്‍ക്കേറ്റ് ചെയ്യുന്നത്. കൂടാതെ 2019 തീരദേശ പരിപാലന പ്ലാനില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമുളള ബഫര്‍ ഏരിയ നീക്കം ചെയ്യുന്നതിനുളള ആവശ്യമായ മാറ്റങ്ങള്‍ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് തീരുമാനങ്ങള്‍
സ്റ്റാഫുകളുടെ എണ്ണം പുനര്‍നിര്‍ണയിക്കും
ഐ എം ജി നടത്തിയ വര്‍ക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തില്‍, കേരള സ്റ്റേറ്റ് ഹൗസിംഗ് കോര്‍പ്പറേഷന്റെ സ്റ്റാഫുകളുടെ എണ്ണം നിലവിലുള്ള 598 ല്‍ നിന്നും 380 ആയി പുനര്‍ നിര്‍ണ്ണയിക്കുന്നതിന് തീരുമാനിച്ചു. ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
ധനസഹായം
കൊല്ലം ചവറ പോലീസ് സ്റ്റേഷനില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഹോം ഗാര്‍ഡായി ജോലി നോക്കിയിരുന്ന ചന്ദ്രദാസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒറ്റത്തവണയായി ധനസഹായം അനുവദിക്കും.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ഒരു വര്‍ഷത്തെ വേതനമായ 2,50,000 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2024 ആഗസ്റ്റ് 7 മുതല്‍ ആഗസ്റ്റ് 13 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1,411,4000 രൂപയാണ് വിതരണം ചെയ്തത്. 370 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ലതിരിച്ചുള്ള വിവരങ്ങള്‍
തിരുവനന്തപുരം 11 പേര്‍ക്ക് 34,8000 രൂപ
കൊല്ലം 35 പേര്‍ക്ക് 67,9000 രൂപ
പത്തനംതിട്ട 5 പേര്‍ക്ക് 15,5000 രൂപ
ആലപ്പുഴ 32 പേര്‍ക്ക് 11,30000 രൂപ
കോട്ടയം 16 പേര്‍ക്ക് 95,0000 രൂപ
ഇടുക്കി 13 പേര്‍ക്ക് 50,4000 രൂപ
എറണാകുളം 2 പേര്‍ക്ക് 35,0000 രൂപ
തൃശ്ശൂര്‍ 146 പേര്‍ക്ക് 49,44000 രൂപ
പാലക്കാട് 16 പേര്‍ക്ക് 1,28,5000 രൂപ
മലപ്പുറം 29 പേര്‍ക്ക് 1,46,2000 രൂപ
കോഴിക്കോട് 35 പേര്‍ക്ക് 1,22,0000 രൂപ
വയനാട് 3 പേര്‍ക്ക് 85,000
കണ്ണൂര്‍ 17 പേര്‍ക്ക് 75,0000 രൂപ
കാസറഗോഡ് 14 പേര്‍ക്ക് 25,2000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
#Kerala #coastalmanagement #environment #government #sustainability