പരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി; 'മുഖ്യമന്ത്രി എന്നോടൊപ്പം' പദ്ധതിയിൽ ദ്രുതനടപടികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പോത്തൻകോട് ശരണ്യയുടെ മകളുടെ ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കാൻ അടിയന്തര നടപടി.
● തൃശൂർ കൈനൂരിലെ മൈത്രിറോഡിന്റെ കോൺക്രീറ്റ് വേഗത്തിൽ പൂർത്തിയാക്കി.
● നിർത്തിവച്ച നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിച്ചു.
● തിരുവനന്തപുരം മാത്തുക്കുട്ടിയുടെ മക്കൾക്കുള്ള ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കി.
തിരുവനന്തപുരം: (KVARTHA) 'മുഖ്യമന്ത്രി എന്നോടൊപ്പം (CM With ME)' സിറ്റിസൺ കണക്ട് സെന്ററിലേക്ക് ലഭിച്ച പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം കോളുകളിൽ പ്രകടമായി. ദ്രുതനടപടികളിൽ ജനങ്ങൾ മുഖ്യമന്ത്രിയോടുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിയെയാണ് മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തു തൊഴിലാളി പെൻഷൻ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമൻകുട്ടി സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ച് പരാതി നൽകിയത്. കുടിശിക തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ച കാര്യം മുഖ്യമന്ത്രി രാമൻകുട്ടിയെ അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് രാമൻകുട്ടിക്ക് കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമൻകുട്ടി പറഞ്ഞതിനെ തുടർന്ന് തുക കിട്ടുമോ എന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രശസ്തമായ മറുപടി വന്നത്. 'കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീ,' മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര നടപടിയിൽ ആശ്വാസം
പോത്തൻകോട് പി.വി. കോട്ടേജിലെ ശരണ്യയുമായാണ് മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകൾ ഇവാന സാറ റ്റിന്റോയെ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നു മാറ്റി പോത്തൻകോട് ഗവൺമെന്റ് യു.പി.എസിൽ ചേർത്തിരുന്നു. കുട്ടിയുടെ ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കാൻ കഴിയാത്തതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സിഎം വിത്ത് മീയിൽ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സിഎം വിത്ത് മീ കണക്ട് സെന്റർ കണിയാപുരം എഇഒ യ്ക്ക് നിർദേശം നൽകിയിരുന്നു. അതിവേഗത്തിൽ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.
റോഡ് യാത്രാദുരിതത്തിനും പരിഹാരം
തൃശൂർ പുത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് കൈനൂരിലെ കോക്കാത്ത് പ്രദേശത്ത് രണ്ട് ഉന്നതികളെ ബന്ധിപ്പിക്കുന്ന മൈത്രിറോഡിന്റെ കോൺക്രീറ്റ് വേഗത്തിൽ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയതിലുള്ള നന്ദി തൃശൂർ കൈനൂരിലെ മൈലപ്പൻ വീട്ടിലെ ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണത്തിൽ കാലതാമസമുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയാണ് ഗോകുലൻ സിറ്റിസൺ കണക്ട് സെന്ററിൽ പരാതി വിളിച്ചറിയിച്ചത്. തുടർന്ന് റോഡിൻ്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സിഎം വിത്ത് മീ സെന്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. നടപടി സ്വീകരിച്ചതിനുള്ള നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു.

'ബോട്ട് ഓടിത്തുടങ്ങിയില്ലേ'
നിർത്തിവച്ചിരുന്ന നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ ചമ്പക്കുളം വണ്ടകം വീട്ടിൽ വർഗീസ് സിഎം വിത്ത് മീയിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജലഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. 'ബോട്ട് ഓടിത്തുടങ്ങിയില്ലേ,' എന്ന് മുഖ്യമന്ത്രി വർഗീസിനോട് ചോദിച്ചു. സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമായെന്നും ബോട്ട് ഓടിത്തുടങ്ങിയെന്നും നേരിട്ട് വിളിച്ച് അറിയിച്ചതിൽ സന്തോഷമുണ്ടെന്നും വർഗീസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആശ്വാസവും സന്തോഷവുമാണെന്ന് തിരുവനന്തപുരം നാലാഞ്ചിറ മിഥുനത്തിലെ മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു. പി.എസ്.സി. ഹൈസ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷയുടെ ഭാഗമായി സർട്ടിഫിക്കറ്റ് അടിയന്തരമായി അപ്ലോഡ് ചെയ്യേണ്ട ആവശ്യത്തിനായാണ് മാത്തുക്കുട്ടിയുടെ ഇരട്ടക്കുട്ടികളായ മക്കൾക്ക് ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയിൽ കാലതാമസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം പരാതിയുമായി മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ചത്. മൂന്നുവില്ലേജ് ഓഫീസുകളിൽനിന്നുള്ള റിപ്പോർട്ട് ആവശ്യമായിരുന്നു. പരാതി വിളിച്ചറിയിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഉള്ളൂർ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും നേരിട്ടു വിളിച്ചതിൽ ഏറെ സന്തോഷമെന്നും മാത്തുക്കുട്ടി മുഖ്യമന്ത്രിയോട് പറഞ്ഞു.
പ്രവർത്തനങ്ങൾ വിലയിരുത്തി
ബുധനാഴ്ച, 2025 ഒക്ടോബർ 22 ഉച്ചയ്ക്ക് 12.45ന് സിഎം വിത്ത് മീയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്ററിലെത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. സെന്ററിലെ ജീവനക്കാരുമായി അദ്ദേഹം സംസാരിച്ചു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് സ്പെഷൽ സെക്രട്ടറി ഡോ. എസ് കാർത്തികേയൻ, ഡയറക്ടർ ടി വി സുഭാഷ് എന്നിവർ സെന്ററിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: CM With Me: Kerala CM directly calls complainants, ensuring rapid action on grievances, winning public praise.
#KeralaCM #CMWithMe #CitizenConnect #RapidAction #GovernmentGrievance #PinarayiVijayan
