Criticism | ഒടുവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പൊലീസ് റിപ്പോര്‍ട്ടിനുശേഷം ദിവ്യയ്‌ക്കെതിരെ കൂടുതല്‍ നടപടിയെടുക്കുമെന്ന് ഉറപ്പ്
● നിലപാട് വ്യക്തമാക്കിയത് ഇടതുമുന്നണി യോഗത്തില്‍
● മരണം നടന്ന് ഒരാഴ്ചയായിട്ടും അന്വേഷണം ഇഴയുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു
തിരുവനന്തപുരം: (KVARTHA) ഒടുവില്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ കര്‍ശന നടപടി ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
'പൊലീസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ല. ദിവ്യയെ ഉടന്‍തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. പൊലീസ് റിപ്പോര്‍ട്ടിനുശേഷം ദിവ്യയ്‌ക്കെതിരെ കൂടുതല്‍ നടപടിയെടുക്കും'- എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുണ്ടായി ഒരാഴ്ചയാകുമ്പോഴും അന്വേഷണം ഇഴയുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. ഇതിനിടെയാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. എഡിഎം അഴിമതിക്കാരനാണെന്നു വരുത്താനാണോ അതോ അദ്ദേഹത്തിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാനാണോ അന്വേഷണമെന്നുള്ള ആക്ഷേപമാണ് ഉയരുന്നത്.
പൊലീസ് ശേഖരിക്കുന്ന വിവരങ്ങളും മൊഴിയെടുപ്പില്‍ ജീവനക്കാരോടുള്ള ചോദ്യങ്ങളുമാണു സംശയത്തിന് ആധാരം. എഡിഎമ്മിനെ മരണത്തിലേക്കു നയിച്ചുവെന്നു കരുതുന്ന പ്രസംഗം നടത്തിയ പിപി ദിവ്യയോട് പൊലീസ് കാണിക്കുന്ന കരുതലും ജീവനക്കാരുടെ സംശയത്തിന് ആക്കം കൂട്ടുന്നു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ദിവ്യ ഇതുവരെ വെളിയിലേക്ക് വന്നിട്ടുമില്ല. ഒരു വാര്‍ത്താ കുറിപ്പ് ഇറക്കി നവീന്‍ ബാബുവിന്റെ മരണത്തിലുള്ള ദു:ഖം പ്രകടിപ്പിച്ചു എന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നതും മാത്രമാണ് ദിവ്യയെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍.
ദിവ്യയുടെ പ്രസംഗം കാരണം എഡിഎം മരിക്കേണ്ട സാഹചര്യം ഉണ്ടോ എന്ന ചോദ്യം പൊലീസ് ചോദിക്കുന്നതു കേസ് വഴിതിരിച്ചു വിടാനാണെന്ന് ജീവനക്കാര്‍ സംശയിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന് സ്വയം സമ്മതിച്ച സംരംഭകനായ പ്രശാന്തിനോടും മൃദുസമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇയാള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനാണെന്നു വ്യക്തമായിട്ടും വകുപ്പുതലത്തിലും അന്വേഷണമില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ചോ ബെനാമി ആരോപണം സംബന്ധിച്ചോ അന്വേഷിച്ചില്ലെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്.
കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും കേരളത്തില്‍ സിപിഎമ്മിന് ഒരു നിലപാടേയുള്ളൂ എന്നും അതു നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുക എന്നതാണെന്നും കഴിഞ്ഞദിവസം എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നതാണു പ്രധാനപ്പെട്ട നടപടിയെന്നും അതു ചെയ്‌തെന്നും ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
#KeralaPolitics #NaveenBabuDeath #PPDivya #PoliceInvestigation #KeralaGovernment #ActionAssured