Cabinet reshuffle hopes | പുനഃസംഘടനയിൽ തെളിയുമോ കാസർകോട് ജില്ലക്ക് മന്ത്രി സൗഭാഗ്യം?

 


/ സൂപ്പി വാണിമേൽ

കാസർകോട്: (www.kvartha.com)
സംസ്ഥാന മന്ത്രിസഭയിലെ രണ്ട് ഒഴിവുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടത്താൻ പോവുന്ന നിയമനങ്ങളിൽ കാസർകോട് ജില്ലക്ക് പ്രാതിനിധ്യം ലഭിക്കുമോ?. സിപിഎം സംസ്ഥാന കമിറ്റി അംഗമായ ഉദുമ എംഎൽഎ അഡ്വ. സിഎച് കുഞ്ഞമ്പുവിനെ മുൻനിറുത്തിയാണ് രാഷ്ട്രീയ നിരീക്ഷണം. സിപിഎം സംസ്ഥാന സെക്രടറിയായ എംവി ഗോവിന്ദൻ മാസ്റ്റർ, രാജിവെച്ച സജി ചെറിയാൻ എന്നിവരുടെ പകരക്കാരെ സംബന്ധിച്ച് മാധ്യമങ്ങളുടെ ഊഹങ്ങൾക്കപ്പുറം പാർടി സംസ്ഥാന സെക്രടറിയേറ്റ്, കമിറ്റി അംഗങ്ങളിൽ ആർക്കും ഒരുപിടിപാടുമില്ല.
  
Cabinet reshuffle hopes | പുനഃസംഘടനയിൽ തെളിയുമോ കാസർകോട് ജില്ലക്ക് മന്ത്രി സൗഭാഗ്യം?

പിണറായിയുടെ മനസിൽ ആരാണോ, അവർ മന്ത്രിമാരാവും എന്നതാണ് അവസ്ഥ. കാസർക്കോട് ജില്ലയിൽ നിന്നുള്ള അഞ്ച് എംഎൽഎമാരിൽ മൂന്നു പേർ ഇടത് മുന്നണിയുടേതാണ്. ഇതിൽ സിപിഐ നേതാവായ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്നു. സിപിഎം സംസ്ഥാന കമിറ്റി അംഗം സിഎച് കുഞ്ഞമ്പു, ജില്ലാ സെക്രടേറിയറ്റ് അംഗം തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ എന്നിവരാണ് പിന്നെയുള്ളത്.

നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്ന് വിജയിച്ച് 1957ൽ ഇഎംഎസ്, 1987ൽ തൃക്കരിപ്പൂർ മണ്ഡലം പ്രതിനിധീകരിച്ച് ഇകെ നായനാർ എന്നിവർ മുഖ്യമന്ത്രിമാരായതൊഴിച്ചാൽ 1984ൽ നിലവിൽവന്ന കാസർകോട് ജില്ലക്ക് സിപിഎം മന്ത്രിസഭാ പ്രാതിനിധ്യം നൽകിയിട്ടില്ല. പാർടിയിൽ പിണറായി വിജയന്റെ സമകാലിക നേതാവായിരുന്ന പി രാഘവനെ പോലും തഴയുകയായിരുന്നു. 2006ൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവായിരുന്ന ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി നേടിയ അട്ടിമറി വിജയത്തിന്റെ പാരിതോഷികമായി അഡ്വ. സിഎച് കുഞ്ഞമ്പുവിന് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കന്നഡ മേഖലയിൽ നിന്നുള്ള പ്രതിനിധി എന്ന പരിഗണന കൂടി നൽകി മന്ത്രി സ്ഥാനം പ്രതീക്ഷിച്ചതാണ്. എന്നാൽ കന്നി എംഎൽഎ ആയതിനാൽ പരിഗണിച്ചില്ല.

യുഡിഎഫിൽ മുസ്‌ലിം ലീഗും ഇടത് മുന്നണിയിൽ സിപിഐയും ജില്ലക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിരുന്നു. സിടി അഹ്‌മദ്‌ അലി, ചെർക്കളം അബ്ദുല്ല എന്നിവരാണ് മുസ്‌ലിം ലീഗിൽ മന്ത്രിമാരായത്. ഇ ചന്ദ്രശേഖരന് മുമ്പേ സിപിഐ നേതാവ് ഡോ. എ സുബ്ബറാവു മന്ത്രിയായിരുന്നു. കോഴിക്കോട് സൗത് മണ്ഡലം എംഎൽഎ മന്ത്രിസഭയിലെ ഐഎൻഎൽ പ്രതിനിധി അഹ്‌മദ്‌ ദേവർകോവിലിനാണ് കാസർകോട് ജില്ലയുടെ ചുമതല. ഇതിന്റെ നിർവഹണത്തിലെ സ്വാഭാവിക പരിമിതികൾ പിന്നാക്ക ജില്ലയിൽ അനുഭവപ്പെടുന്നുണ്ടെന്നാണ് നിരീക്ഷണം.

Keywords:  Kasaragod, Kerala, News, Top-Headlines, Cabinet, Minister, CPM, State, Chief Minister, Government, Nileshwaram, UDF, Kerala cabinet reshuffle raises hopes for Kasaragod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia