Criticism | ഇപ്പോഴത്തെ മാധ്യമ ശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമെല്ലാം എത്ര ദിവസം ഉണ്ടാവും? കാത്തിരുന്ന് കാണാം; ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
● നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ല
● വീട്ടിലെ മരണകാര്യങ്ങള്‍ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നത് എന്തിനെന്നും ചോദ്യം
● കേരളത്തിലെ ബിജെപിയില്‍ നിന്ന് ഒരാള്‍ പോയിട്ട് എന്തുചെയ്യാനെന്നും സംസ്ഥാന പ്രസിഡന്റ്
● ഭാരതീയ ജനതാ പാര്‍ട്ടിയെന്നത് ഒരു സാധാരണ രാഷ്ട്രീയ കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടല്‍
പാലക്കാട്: (KVARTHA) ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് അപമാനം നേരിട്ടു എന്നതടക്കമുള്ള ആരോപണങ്ങള്‍ സന്ദീപ് വാര്യര്‍ ഉന്നയിച്ചിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സുരേന്ദ്രന്‍ കാത്തിരുന്ന് കാണാം എന്നായിരുന്നു പ്രതികരിച്ചത്.
നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകില്ല. വീട്ടിലെ മരണകാര്യങ്ങള്‍ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നു. ഈ സമയത്ത് എന്തിനാണ് സന്ദീപ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
സുരേന്ദ്രന്റെ വാക്കുകള്‍:
ഒരാള്‍ പോയിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോഴത്തെ മാധ്യമശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമെല്ലാം എത്ര ദിവസം ഉണ്ടാവും? മാധ്യമങ്ങള്‍ എത്രദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോകും? നാളെ ഇതേ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉപേക്ഷിക്കില്ലേ? സിപിഎമ്മിലും കോണ്‍ഗ്രസിലും എന്താണ് സ്ഥിതി? മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ? കേരളത്തിലെ ബിജെപിയില്‍ നിന്ന് ഒരാള്‍ പോയിട്ട് എന്തുചെയ്യാനാണ്.
ഭാരതീയ ജനതാ പാര്‍ട്ടിയെന്നത് ഒരു സാധാരണ രാഷ്ട്രീയ കക്ഷിയല്ല. അതൊന്നും അറിയാതെ ചോദ്യങ്ങള്‍ ചോദിക്കരുത്. കൊടകര കുഴല്‍പ്പണക്കേസിന് പിന്നില്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ്. വസ്തുത ഇതാണ്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിയതില്‍ ഒരു പ്രതിസന്ധിയുമുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നവംബര്‍ 13 ന് നടക്കേണ്ട തിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിവച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
#KeralaBJP #KSurendran #SandeepWarrier #Criticism #MediaResponse