Relief | ഉരുള്‍പ്പൊട്ടല്‍ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകളെല്ലാം എഴുതിത്തള്ളി കേരള ബാങ്ക്
ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് നല്‍കിയിരുന്നു.
ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടി സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകളെല്ലാം എഴുതിത്തള്ളി കേരള ബാങ്ക്. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. ഇത് കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജൂലായ് 30-ന് ഉണ്ടായ ദുരന്തത്തില്‍ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്. കാണാതായവരെ കണ്ടെത്താന്‍ ഇപ്പോള്‍ ജനകീയ തിരച്ചിലാണ് നടത്തുന്നത്.
കഴിഞ്ഞദിവസം ദുരന്ത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി കേന്ദ്രസര്‍കാര്‍ കേരളത്തിനൊപ്പം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക സഹായം ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ക്യാംപില്‍ കഴിയുന്നവരേയും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.