Vizhinjam seaport | വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എം വിന്‍സെന്റ് എംഎല്‍എ; സമരക്കാരെ സര്‍കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് കണ്ടതെന്നും വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നിയമസഭയില്‍ ചര്‍ച ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ചയ്ക്ക് നീക്കിവച്ചിരിക്കുന്നത്. എം വിന്‍സെന്റ് എംഎല്‍എയാണ് വിഷയം അവതരിപ്പിച്ചത്. 

എം വിന്‍സെന്റ്, സജി ചെറിയാന്‍, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്‌സിന്‍, പികെ കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനൂപ് ജേകബ്, തോമസ് കെ തോമസ്, മോന്‍സ് ജോസഫ്, വി ജോയി, വി ഡി സതീശന്‍ എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്നത്.

1. എം വിന്‍സെന്റ്


വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അടിയന്തരപ്രമേയ നോടിസ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചത് സര്‍കാരാണെന്നും നാലുമാസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാണിക്കുന്നത് സര്‍കാരിന്റെ പരാജയമാണ്. സമരക്കാരെ ശത്രുതാ മനോഭാവത്തോടെയാണ് സര്‍കാര്‍ കണ്ടത്.

വിഴിഞ്ഞം സമരത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഇങ്ങനെ പറയുന്നത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടവരാണോ മീന്‍പിടുത്ത തൊഴിലാളികള്‍ എന്ന് എല്ലാവരും ഓര്‍ക്കണം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച തൊഴിലാളികള്‍ ഒരു ആവശ്യവുമായി വരുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്.

നാലു വര്‍ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. മന്ത്രിമാരോ എന്തിന് ലോകല്‍ കമിറ്റി സെക്രടറിമാരോ ഒരു ദിവസം ഗോഡൗണില്‍ കഴിയുമോ. മുതലപ്പൊഴിയില്‍ നിരവധിപേര്‍ കടലില്‍ മരിച്ചെങ്കിലും സര്‍കാര്‍ നടപടിയെടുത്തില്ല. തൊഴിലാളികള്‍ മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കണമെന്ന് പറയുന്നതാണോ രാജ്യദ്രോഹം.

ചര്‍ചകളുടെ അഭാവമാണ് വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഉമ്മന്‍ ചാണ്ടി സര്‍കാര്‍ പ്രശ്‌നങ്ങള്‍ ചര്‍ചയിലൂടെ പരിഹരിച്ചാണ് മുന്നോട്ടുപോയത്. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് എല്‍ഡിഎഫ് തുടക്കം മുതല്‍ ശ്രമിച്ചത്. നാല് മഞ്ഞക്കല്ലുമായി വന്ന് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്റെ വികസന നയം. വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യം .

സമരത്തെ സര്‍കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉപരോധ സമരം തുടങ്ങിയശേഷമാണ് ചര്‍ചകള്‍ തുടങ്ങിയത്. 'ഞങ്ങള്‍ തുറമുഖത്തിന് എതിരല്ല. സമരക്കാരുമായി സര്‍കാര്‍ ചര്‍ചയ്ക്ക് തയാറാകണം. തുറമുഖ ഉദ്ഘാടനം ബഹിഷ്‌കരിച്ചത് സിപിഎമുകാരാണ്. ഉദ്ഘാടനത്തിന് വന്നവരെ സിപിഎമുകാര്‍ കല്ലെറിഞ്ഞു. നവംബര്‍ 26നുണ്ടായ സംഘര്‍ഷം പൊലീസ് സൃഷ്ടിച്ചതാണ്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം'

എം വിന്‍സെന്റ് വിഷയം അവതരിപ്പിക്കുന്നതിനിടെ സഭയില്‍ ബഹളമുണ്ടായി. എം വിന്‍സെന്റ് കരയുന്നുവെന്ന് ഭരണപക്ഷം കമന്റ് ചെയ്തു. കരയാനും ഒരു മനസ് വേണമെന്ന് എം വിന്‍സെന്റ് തിരിച്ചടിച്ചു.

2. സജി ചെറിയാന്‍

വിഴിഞ്ഞം വിഷയത്തില്‍ യുഡിഎഫ് കുളംകലക്കി മീന്‍പിടിക്കുകയാണ്. അടിയന്തര പ്രമേയ ചര്‍ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനു യുഡിഎഫ് കാലത്താണ് എല്ലാ അനുമതികളും ലഭിച്ചത്. ഒരു കോര്‍പറേറ്റ് കംപനിക്കു പൂര്‍ണമായി നിര്‍മാണം കൈമാറുകയാണ് യുഡിഎഫ് ചെയ്തത്. തുറമുഖത്തിന് ജനകീയ മുഖം നല്‍കാന്‍ ശ്രമിച്ചത് എല്‍ഡിഎഫാണ്. തീരത്തിന്റെ കണ്ണീര്‍ ഒപ്പിയതും ഇടതു സര്‍കാരാണ്. മീന്‍പിടുത്ത തൊഴിലാളികളെ എന്നും സൈന്യമായി കാണുന്ന സര്‍കാരാണിത്.

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. രാജ്യാന്തര തലത്തില്‍ വലിയ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. എല്‍ഡിഎഫിന്റെ കാലത്ത് വികസനം നടക്കരുതെന്നാണ് യുഡിഎഫ് നിലപാട്. ഈ തുറമുഖം വരാതിരിക്കാന്‍ വലിയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോടികള്‍ ചെലവഴിച്ച് നിര്‍മാണം ആരംഭിച്ച തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല.

ചര്‍ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോടിസിന് അനുമതി നല്‍കിയിരുന്നു. പ്രധാന വിഷയമായതിനാല്‍ അടിയന്തരപ്രമേയം ചര്‍ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലതീന്‍ അതിരൂപതയും നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചര്‍ച ചെയ്യുന്നത്.

3. രമേശ് ചെന്നിത്തല

വിഴിഞ്ഞം പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തത് എല്‍ഡിഎഫ് ആണ്. 7000 കോടിരൂപയുടെ അഴിമതി ആരോപണമാണ് സിപിഎം യുഡിഎഫ് സര്‍കാരിനെതിരെ ഉന്നയിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍കാര്‍ നിയോഗിച്ച അന്വേഷണ കമിഷന്‍ യുഡിഎഫ് സര്‍കാരിന് ക്ലീന്‍ ചിറ്റ് നല്‍കി.

Vizhinjam seaport | വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എം വിന്‍സെന്റ് എംഎല്‍എ; സമരക്കാരെ സര്‍കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് കണ്ടതെന്നും വിമര്‍ശനം

നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയുന്നതിനെ എതിര്‍ത്തവരാണ് സിപിഎം. ഒടുവില്‍ വിമാനത്താവള കംപനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സിപിഎം നേതാക്കളെത്തി. പാര്‍ടി പത്രം പറയുന്നതുപോലെ ആന്റണി രാജുവിന്റെ സഹോദരന്‍ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Kerala Assembly to discuss Vizhinjam seaport issue, Thiruvananthapuram, News, Politics, Chief Minister, Assembly, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia