Restoration | ഖനനം കൊണ്ടു വ്രണപ്പെടുത്തിയ മാടായിപ്പാറയെ പുനരുദ്ധരിക്കാൻ കെസിസിപിഎൽ ഒരുങ്ങുന്നു
● മാടായിപ്പാറയിലെ 35 ഏക്കർ സ്ഥലം പുനരുദ്ധരിക്കുന്നു.
● ജൈവ വൈവിധ്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
● കെസിസിപിഎൽ 3.10 കോടി രൂപ വകയിരുത്തി.
കണ്ണൂർ: (KVARTHA) ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയാക്കിയ 35 ഏക്കർ സ്ഥലം പുനരുദ്ധരിക്കാൻ കമ്പനി ഒരുങ്ങുന്നു. ഈ പ്രദേശത്തെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവാസ വ്യവസ്ഥ വീണ്ടെടുക്കുവാനും ഉതകും വിധം ഒരു ബയോഡൈവേഴ്സിറ്റി ഏരിയയായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.
കമ്പനി ഭരണസമിതി സംസ്ഥാന സർക്കാരിന് പദ്ധതി സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കുകയും 3.10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. അഞ്ചുമാസത്തിനുള്ളിൽ ചുമതലപ്പെടുത്തിയ ഏജൻസി ഡി.പി.ആർ തയ്യാറാക്കി നൽകും. തുടർന്ന് പദ്ധതി നടപ്പിലാക്കും.
മൈനിംഗ് ഏറിയയെ വീണ്ടെടുക്കുന്ന ഒരു മോഡൽ പ്രോജക്ടായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നിരവധി വർഷങ്ങളായി പഴങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ജൈവവൈവിധ്യ പ്രദേശമായ ഈ മേഖലയിലെ ജൈവവ്യവസ്ഥ പൂർണ്ണമായും തിരിച്ചു പിടിക്കുവാൻ സഹായകരമാകും വിധമാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രവർത്തന ഫലമായി പ്രകൃതിക്ക് എന്തെങ്കിലും ആഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതേ പൊതുമേഖലാ സ്ഥാപനം തന്നെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി നേരത്തേ ഉണ്ടായതിനെക്കാളും ഭംഗിയായി ഈ പ്രദേശത്തെ വീണ്ടെടുക്കുകയെന്നമാതൃകാ പ്രവർത്തനം ലോകത്തിന് തന്നെ പുതിയ മാതൃക സൃഷ്ടിക്കാൻ ഉതകുമെന്നകാര്യത്തിൽ സംശയമില്ലെന്നു ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് സയരക്ടർ ആനക്കൈ ബാലകൃഷ്ണനും പദ്ധതി പ്രദേശം സന്ദർശിച്ചുകൊണ്ടു പറഞ്ഞു.