തെളിവിന്റെ കണികപോലുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടി എസ്‌ഐടിയുടെ വിശ്വാസ്യത തകർത്തു; കെ സി വേണുഗോപാൽ എം പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി.
● സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ മറച്ചുവെക്കാൻ മന്ത്രിമാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
● സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ പി ആർ കമ്പനികൾക്ക് ചോർത്തി നൽകിയത് വലിയ അധികാര ദുരുപയോഗമാണ്.
● ഡിഎ വർദ്ധനവ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമാണെന്ന് വേണുഗോപാൽ പരിഹസിച്ചു.
● ഇന്ത്യോ-യുഎസ് കരാറിലൂടെ പ്രധാനമന്ത്രി മോദി രാജ്യതാൽപര്യം അടിയറവ് വെച്ചുവെന്നും ഇതിനെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി: (KVARTHA) തെളിവിന്റെ കണികപോലുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) വിശ്വാസ്യത തകർന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഞായറാഴ്ച, ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്‌ഐടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പകപോക്കൽ
ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ പകപോക്കലുണ്ട്. ശബരിമല യുവതീ പ്രവേശന സമയത്ത് സർക്കാരിന്റെ തീട്ടൂരത്തിന് തന്ത്രി വഴങ്ങിയിരുന്നില്ല. അതിന്റെ വൈരാഗ്യമാണോ അറസ്റ്റിലൂടെ തന്ത്രിയോട് കാട്ടിയതെന്ന സംശയം തള്ളിക്കളയാനാവില്ല.
സർക്കാരും എസ്‌ഐടിയും ഇതിന് മറുപടി പറയണം. പ്രതികാര നടപടിയാണ് കാട്ടിയതെങ്കിൽ അത് മാപ്പർഹിക്കാത്ത കുറ്റമാണ്. എസ്‌ഐടിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ ഹൈക്കോടതി നിരീക്ഷണത്തിൽ സി ബി ഐ അന്വേഷണം നടത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
മറുപടി പറയേണ്ടത് തന്ത്രി
ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ നട അടച്ചിടാൻ തന്ത്രിക്ക് നിർദ്ദേശം നൽകിയത് താനാണെന്ന ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് തന്ത്രിയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇപ്പോൾ എസ്‌ഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിൽ പുറത്തുവന്ന കാര്യങ്ങൾ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ തീർച്ചയായും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സാ പിഴവ്
ചികിത്സാ പിഴവ് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടിയും ബാധിക്കപ്പെട്ട വ്യക്തിക്ക് സംരക്ഷണവും നൽകുന്നതിന് പകരം ഈ വിഷയം ഉയർത്തിക്കാട്ടുന്നവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടതുപക്ഷ സർക്കാർ. ഇതിലൂടെ കുറ്റക്കാരെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിൽ കുടുങ്ങിയ യുവതിക്ക് സഹായം എത്തിക്കാൻ സർക്കാർ യാതൊന്നും ചെയ്തില്ല. പിടിപ്പുകേടിന്റെ പര്യായമായ സർക്കാർ ആശുപത്രികൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉയരുമ്പോൾ അതെല്ലാം പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്ന് പറയുന്ന മന്ത്രിമാരുടെ നടപടി സഹതാപാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ ചോർച്ച
വർഷങ്ങളുടെ ഡിഎ കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്ക് നൽകാനുള്ളത്. ഇപ്പോൾ ഡിഎ വർധനവ് വരുത്തി ജീവനക്കാരോട് കരുതൽ കാട്ടാൻ തെരഞ്ഞെടുപ്പ് അടുക്കേണ്ടി വന്നു. സർക്കാർ ജീവനക്കാരുടെ സ്വകാര്യ ഫോൺ നമ്പർ പി ആർ കമ്പനിക്ക് നൽകിയത് വലിയ അധികാര ദുരുപയോഗമാണ്.
അനധികൃത ഡാറ്റാ ചോർച്ചയാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഡിഎ കുടിശ്ശിക സമയബന്ധിതമായി നൽകാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നൽകി ക്രെഡിറ്റ് അടിക്കാനുള്ള നീക്കമാണ് സർക്കാർ പി ആർ വർക്കിലൂടെ നടത്തുന്നത്.
രാജ്യതാൽപര്യം അടിയറവ് വെച്ചു
ഇന്ത്യോ-യുഎസ് കരാറിലൂടെ രാജ്യതാൽപര്യമാണ് കേന്ദ്ര സർക്കാർ അടിയറവ് വെച്ചത്. അതിനെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാകും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നിൽ കീഴടങ്ങിയ മോദിയാണ് രാജ്യത്തെ നാണം കെടുത്തിയത്.
യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത് വലിയ അപമാനമായി ചൂണ്ടിക്കാട്ടുന്നവർ പണ്ട് കോമൺവെൽത്ത് സമ്മേളനസമയത്ത് അവർ നടത്തിയ പ്രതിഷേധം മറക്കരുതെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: KC Venugopal MP criticizes the SIT for arresting Sabarimala Thantri without evidence, calling it political vendetta.
#KCVenugopal #Sabarimala #SIT #KeralaPolitics #GoldScam #Congress #LDF #UDF #KVARTHA
