നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകും; പിണറായിയും മോദിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ: കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും വിമർശകരെ ഇരുവരും സൈബർ ആക്രമണത്തിലൂടെ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
● ആഗോള അയ്യപ്പ സംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വേണുഗോപാൽ ആരോപിച്ചു.
● ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതിനെ അദ്ദേഹം പരിഹസിച്ചു.
● തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ച എംപി വിദ്യാർത്ഥി എഴുത്തുകാരുമായി സാഹിത്യ സംവാദം നടത്തി.
പാലക്കാട്: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സഹയാത്രികർ മാനസിക സമ്മർദ്ദത്തിൽ
ഈ സർക്കാരിന്റെ പോക്ക് കണ്ടിട്ട് കമ്മ്യൂണിസ്റ്റ് സഹയാത്രികർ ഇന്ന് മാനസിക സമ്മർദ്ദത്തിലാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപ്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് 'ആശാസമര'ത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്.
പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണ് സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്ക് പെട്ടെന്ന് കെ. സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ, പ്രേംകുമാറിനെ ഒഴിവാക്കി.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ
നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെ നേരെയുള്ള സൈബർ ആക്രമണം. ടി.പി. ചന്ദ്രശേഖരനുണ്ടായ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു.
ആഗോള അയ്യപ്പ സംഗമം: കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പ്
ആഗോള അയ്യപ്പ സംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽ നിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി.
എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണ്. ഈ വിഷയത്തിൽ സിപിഎം പ്രതിക്കൂട്ടിലാണ്. ശബരിമല സ്വർണ്ണക്കൊള്ള വിശ്വാസികളിൽ ഉണ്ടാക്കിയ മുറിവ് വലുതാണ്. അതിൽ വെള്ളപൂശാൻ നടത്തിയ അയ്യപ്പ സംഗമം അതിനേക്കാൾ വലിയ കൊള്ളയായി.
അമ്പലങ്ങളെ കൊള്ളയടിക്കുന്നു
അമ്പലങ്ങളേയും വിശ്വാസ കേന്ദ്രങ്ങളേയും കൊള്ളയ്ക്കായി ഉപയോഗിക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണം. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കൊള്ള പുറത്തുവന്നത്. അതിൽ ഇല്ലാത്ത കാര്യങ്ങൾ എങ്ങനെയാണ് പ്രചരിപ്പിക്കാൻ കഴിയുക? ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം അസത്യമാണ്.
ഊരാളുങ്കലിന് ശബരിമലയിൽ എന്താണ് കാര്യം? കരാറുകളെല്ലാം ഊരാളുങ്കലിന് നൽകുന്നതിനാൽ കേരളത്തിലെ മറ്റു കോൺട്രാക്ടർമാർക്ക് ജോലിയില്ല. ഭക്തരുടെ കാണിക്ക പണമാണ് സിപിഎം കൊള്ളയടിച്ചത്.
അവർക്കെതിരെ കോടതി മുന്നോട്ട് വരുമ്പോൾ അതിനെ പരിഹസിക്കുകയാണ് സിപിഎം ചെയ്യുന്നത്. തെറ്റിൽ നിന്ന് തെറ്റിലേക്കാണ് സിപിഎമ്മിന്റെ സഞ്ചാരമെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
സ്ത്രീപക്ഷ വാദം വാക്കിൽ മാത്രം
സ്ത്രീപക്ഷ സർക്കാരെന്ന ഇടതുപക്ഷ വാദം വാക്കിൽ മാത്രമാണെന്ന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ നടപടി വൈകിപ്പിച്ച ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ വിഷയത്തിൽ ഇര തന്നെ രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ല.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ ഉടനടി നടപടിയെടുക്കും. വേണ്ടപ്പെട്ടവർക്കെതിരെ സമാനപരാതി ഉണ്ടാകുമ്പോൾ നടപടിയില്ല. അതിന് ശേഷം സ്ത്രീപക്ഷ മുഖ്യമന്ത്രിയെന്ന് പറയുകയും ചെയ്യും. എന്തൊരു നാണക്കേടാണിതെന്നും അദ്ദേഹം പരിഹസിച്ചു.
6 രൂപ സബ്സിഡി പിൻവലിച്ചത് കർഷകരോടുള്ള കൊലച്ചതി; അടുത്ത യുഡിഎഫ് സർക്കാരിന്റെ പ്രഥമ പരിഗണന കർഷകർക്ക്: കെ.സി. വേണുഗോപാൽ
പാലക്കാട്: സംസ്ഥാന സർക്കാർ നെല്ലിന് നൽകിവരുന്ന പ്രോത്സാഹന സബ്സിഡിയായ കിലോയ്ക്ക് 6 രൂപ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത് കർഷകരോടുള്ള കൊലച്ചതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
പാലക്കാട് ജില്ലയിലെ പെരുവമ്പയിൽ നെൽക്കർഷകർ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികൾ നേരിട്ട് ചർച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ കണ്ണീർപ്പാടത്തെത്തിയ അദ്ദേഹം മണിക്കൂറുകളോളം അവരുടെ പ്രശ്നങ്ങൾക്ക് കാതോർത്തു

കർഷകരുടെ പ്രശ്നങ്ങൾ ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും മുഴങ്ങുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അടുത്ത യുഡിഎഫ് സർക്കാരിന്റെ മുൻഗണനയിൽ കർഷകരുടെ പ്രശ്നങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം നയം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്നു
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി കർഷകരെ ദ്രോഹിക്കുകയാണെന്ന് കർഷകർ എംപിയോട് ചൂണ്ടിക്കാട്ടി. കൃഷി തുടരാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കർഷകർ തള്ളപ്പെടുകയാണ്. പുതിയ തലമുറ കൃഷിയിലേക്ക് വരാത്തത് വരാനിരിക്കുന്ന ഭക്ഷ്യക്ഷാമത്തിന്റെ സൂചനയാണെന്നും അവർ പറഞ്ഞു.

ഇതിനിടയിലാണ് സബ്സിഡി പിൻവലിക്കാനുള്ള നീക്കം. കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) മുകളിൽ സംസ്ഥാനങ്ങൾ അധിക ബോണസോ, പ്രോത്സാഹനമോ നൽകുന്നത് കേന്ദ്ര ഭക്ഷ്യധാന്യ നയത്തിന് വിരുദ്ധമാണ് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ കേരളത്തിൽ നെൽക്കൃഷി നടത്തുന്നത് ലാഭത്തിനല്ല, മറിച്ച് ഭക്ഷ്യസുരക്ഷയ്ക്കും ഭൂസംരക്ഷണത്തിനും വേണ്ടിയാണ്. ഉയർന്ന കൃഷിച്ചെലവും വൈകിയ സംഭരണവിലയും കാരണം സംസ്ഥാനത്തിന്റെ 6 രൂപ പ്രോത്സാഹന തുക പോലും കർഷകന് നിർണായകമാണ്. ഈ ബോണസ് ഇല്ലാതാകുന്നത് കർഷകന് ഇരുട്ടടിയാണ്.
നെല്ല് സംഭരണത്തിലെ അഴിമതിയും കുടിശികയും
നെല്ല് സംഭരണത്തിലെ അഴിമതിയും അനാസ്ഥയും കർഷകനെ ഏറ്റവും അധികം തകർക്കുന്ന വിഷയമാണെന്ന് യോഗത്തിൽ വ്യക്തമാക്കി. സമയത്ത് നെല്ല് സംഭരിക്കാത്തതും, സംഭരിച്ച നെല്ലിന്റെ വില മാസങ്ങളോളം വൈകി നൽകുന്നതും സ്വകാര്യ മില്ലുടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ്. കൃഷി വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.

പാലക്കാടും കുട്ടനാട്ടിലും നെല്ല് സംഭരിച്ച് 6 മുതൽ 8 വരെ മാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് സംഭരണ കരാർ ഒപ്പിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സപ്‌ളൈകോ 500 കോടി രൂപയിലധികം കുടിശിക കർഷകർക്ക് നൽകാനുണ്ട്.
യന്ത്രവൽക്കരണം കാര്യക്ഷമമല്ലാത്തതിനാൽ കൃഷിച്ചെലവിന്റെ 60 ശതമാനവും കൂലിച്ചെലവായി മാറി. രാസവളങ്ങളുടെ വില വർധന തടയാൻ പ്രത്യേക സബ്സിഡി വേണമെന്നും, യൂറിയ ലഭ്യത ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ വെല്ലുവിളികൾ
നെൽക്കൃഷി ആദായകരമായി നടത്താൻ കഴിയാത്തതിനാൽ പലരും കൃഷിയിൽനിന്ന് പിന്മാറുകയാണ്. പുതുതായി ആരും കൃഷിയിലേക്ക് എത്താത്തത് വലിയ വെല്ലുവിളിയായി. വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, കൊയ്ത്തുയന്ത്രങ്ങളുടെയും ട്രാക്ടറുകളുടെയും ഉയർന്ന വാടക, രാസവളങ്ങളുടെ അമിതവില ഇവയെല്ലാം ചേർന്ന് കർഷകനെ സാമ്പത്തികമായി തളർത്തുകയാണെന്ന് അവർ പറഞ്ഞു.
പാലക്കാട് ജില്ലയിൽ പല പ്രദേശങ്ങളിലും ആവർത്തിച്ച് ഉണ്ടാകുന്ന അതിരൂക്ഷമായ ജലക്ഷാമം നെൽക്കൃഷിയെ ഗുരുതരമായി ബാധിക്കുകയാണ്. ഒരുവശത്തു നെല്ല് ഉൽപ്പാദനത്തിൽ 22% ഇടിവ് നേരിടുമ്പോൾ, ചിറ്റൂർ, ആലത്തൂർ മേഖലകളിൽ പാടങ്ങൾ തരിശിടേണ്ട അവസ്ഥയാണെന്ന് കർഷകർ എം.പിയോട് പറഞ്ഞു.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടും യുഡിഎഫ് നിലപാടും
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെന്ന് എംപി ഓർമ്മപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്നും സംഭരണം ഉറപ്പാക്കാനും വില സമയബന്ധിതമായി നൽകാനും സ്വകാര്യ മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കർഷകർക്ക് ഉറപ്പുനൽകി.
ഒ.വി. വിജയന്‍ സ്മാരകത്തില്‍ കെ സി വേണുഗോപാല്‍ എംപി; വിദ്യാര്‍ത്ഥി എഴുത്തുകാരുമായി സംവാദം
പാലക്കാട്: ആധുനിക മലയാള സാഹിത്യത്തിന്റെ നിര്‍ണായക ശബ്ദങ്ങളിലൊരാളായ ഒ.വി. വിജയന്റെ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കുന്ന തസ്രാക്കില്‍, സാഹിത്യവും പുതുതലമുറയും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകം സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍, പാലക്കാട് ജില്ലയിലെ ഭീമനാട് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

'ഖസാക്കിന്റെ ഇതിഹാസം' എന്ന മഹത്തായ നോവലിന് പ്രചോദനമായ ഭൂമിയില്‍, അതേ കൃതിയെ ആഴത്തില്‍ വായിച്ചു മനസ്സിലാക്കിയ കുട്ടികളെ കാണാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു.
കുട്ടി എഴുത്തുകാരുമായുള്ള സംവാദം
പുരസ്‌കാര ജേതാക്കളായ വിദ്യാര്‍ത്ഥിനികള്‍ സാനയും അതുഫയും എംപിയുമായി സംവദിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതുഫ, കുട്ടികളുടെ പ്രസിദ്ധീകരണമായ 'യൂറീക്ക'യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചതിനും, സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കി ചെറുകഥകള്‍ എഴുതുന്നതിനും എംപിയുടെ പ്രത്യേക അഭിനന്ദനം നേടി. ''ജീവിതത്തില്‍ നിന്നുള്ള എഴുത്താണ് ഒരുപാട് കാലം നിലനില്‍ക്കുന്നത്'' എന്ന് കെ.സി. വേണുഗോപാല്‍ കുട്ടികളോട് പറഞ്ഞു.

'ഖസാക്കിന്റെ ഇതിഹാസം' അറിയുന്ന പുതിയ തലമുറ
വിദ്യാര്‍ത്ഥിനിയായ ശിവദയ്ക്ക് 'ഖസാക്കിന്റെ ഇതിഹാസം' എന്ന കൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എംപിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നോവലിലെ കഥാപാത്രങ്ങളും ചിന്താധാരയും സാമൂഹിക പശ്ചാത്തലവും സംബന്ധിച്ച അവളുടെ വിശദീകരണങ്ങള്‍ കേട്ട എം.പി., ഒ.വി. വിജയന്റെ കൃതികള്‍ പുതിയ തലമുറയിലും വായനക്കാരെ സൃഷ്ടിക്കുന്നുവെന്നതിന് ഇത് തെളിവാണെന്ന് പറഞ്ഞു.
ജീവിച്ചിരിക്കുന്ന സ്മാരകം
സ്മാരകം നടത്തിപ്പുകാരായ ഒ.വി. വിജയന്‍ സ്മാരക സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എംപി പ്രശംസിച്ചു. ഒ.വി. വിജയന്റെ സാഹിത്യപാരമ്പര്യവും ഖസാക്കിന്റെ ഇതിഹാസവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സ്മാരകം കാര്യക്ഷമമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇത് വെറും കെട്ടിടമല്ല. വായനയും സംവാദവും തുടരുന്ന ജീവിച്ചിരിക്കുന്ന സ്മാരകമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഒ.വി. വിജയന്‍ സ്മാരകം 2015-ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തതാണ്. ഒ.വി. വിജയന്റെ ജീവിതവും രചനകളും ഖസാക്കിന്റെ സാഹിത്യലോകവും പരിചയപ്പെടുത്തുന്ന ഈ കേന്ദ്രം ഇന്ന് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: KC Venugopal slams government on paddy subsidy withdrawal and Sabarimala gold issue during his Palakkad visit.
#KCVenugopal #PalakkadNews #FarmersProtest #Sabarimala #UDF #KeralaPolitics #Thasrak #KVARTHA
