SWISS-TOWER 24/07/2023

KC Venugopal | ആവലാതികളുമായെത്തിയ കര്‍ഷകര്‍ക്ക് സാന്ത്വനമായി കെ സി; ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് ഉറപ്പ്

 


ADVERTISEMENT

ഹരിപ്പാട്: (KVARTHA) ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള കര്‍ഷകരുമായി ഡാണാപ്പടിയിലെ വസുജൈവാങ്കണത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ന്യായ വില കിട്ടുന്നില്ലെന്ന രാധാകൃഷ്ണന്‍ എന്ന കര്‍ഷകന്റെ പരാതിക്ക് യുഡിഎഫ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് താങ്ങുവില നിയമം നടപ്പിലാക്കുമെന്ന് കെസി ഉറപ്പ് നല്‍കി.

KC Venugopal | ആവലാതികളുമായെത്തിയ കര്‍ഷകര്‍ക്ക് സാന്ത്വനമായി കെ സി; ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് ഉറപ്പ്

ക്ഷീര കര്‍ഷക ത്രേസ്യാമ്മ സേവ്യറുടെ ആശങ്ക കാലിത്തീറ്റ വിലയും, കന്നുകാലികള്‍ക്കുള്ള മരുന്നുകളുടെയും വില കുത്തനെ ഉയരുന്നു എന്നതായിരുന്നു, കാലിത്തീറ്റയുടെയും മരുന്നിന്റെയും വില നിയന്ത്രിക്കാനും ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതും അടക്കം പരിഗണനയില്‍ ഉണ്ടെന്ന് കെസി പറഞ്ഞു. താറാവ് കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടുന്ന അവഗണനയായിരുന്നു സാമുവലിന്റെ പരാതി.

പക്ഷിപ്പനി പോലെയുള്ള അസുഖങ്ങള്‍ മൂലം താറാവുകളെ കൊന്നൊടുക്കേണ്ടി വരുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും സാമുവേല്‍ പറഞ്ഞു. ഓമനിച്ചു വളര്‍ത്തുന്ന താറാവുകളെ കൊന്നൊടുക്കേണ്ടി വരുന്ന കര്‍ഷകന്റെ വേദന മനസിലാക്കാന്‍ കഴിയുമെന്ന് പറഞ്ഞ കെസി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും വ്യകത്മാക്കി.

നെല്ല് ശേഖരിക്കാനും വിളവെടുപ്പിനുമുള്ള സ്ഥലമില്ല എന്നതിന് പുറമേ വിളവെടുത്ത നെല്ലിന് പ്രതിഫലം ഏറെ വൈകിയാണ് ലഭിക്കുന്നത് എന്നായിരുന്നു നെല്ല് കര്‍ഷകരുടെ പരാതി, സബ്സിഡി ഉണ്ടെങ്കിലും വളരെ തുച്ഛമായ തുക ആണെന്നും അതും കൃത്യമായി നല്‍കുന്നില്ല എന്നും നെല്‍ കര്‍ഷകര്‍ പറഞ്ഞു. ഭൂരിഭാഗം കര്‍ഷകരുടെയും പരാതി സബ്സിഡി ലഭിക്കാത്തതും ബാങ്കുകളില്‍ നിന്ന് സി എസ് ലഭിക്കാത്തതുമായിരുന്നു.

ഇതിനെല്ലാം ശാശ്വതമായ പരിഹാരം കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് ഗ്യാരണ്ടിയില്‍ ഉണ്ടെന്നും രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യ തടയാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പ്രത്യേക കമ്മീഷന് രൂപം നല്‍കുമെന്ന് പറഞ്ഞ കെസി തൊഴിലുറപ്പ്, ആശ വര്‍ക്കര്‍മാരുടെ ശമ്പളം രണ്ടിരട്ടി ആക്കുമെന്നും ഉറപ്പ് നല്‍കി.

കര്‍ഷകരുടെ മറ്റൊരു ആശങ്ക കരിമണല്‍ ഖനനമായിരുന്നു, ഖനനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം നായിക്കുമ്പോഴും മുഖം തിരിച്ച് കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് മാറി വിശ്രമ ജീവിതം നയിക്കുമ്പോള്‍ തനിക്കൊരു കര്‍ഷകനായി ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ കെസി കര്‍ഷകരുടെ എല്ലാ ആശങ്കകള്‍ക്കും കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ പരിഹാരം കണ്ടെത്തുമെന്നും അറിയിച്ചു. സംവാദത്തില്‍ ഹരിപ്പാട് എംഎല്‍എ രമേഷ് ചെന്നിത്തലയും കര്‍ഷകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കി. പൂര്‍ണ്ണമായും ജൈവ രീതിയിലുള്ള ഭക്ഷണവും അവിടെ എത്തിയവര്‍ക്കായി ഒരുക്കിയിരുന്നു.

ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ്, ഡിസിസി ജനറല്‍ സെക്രട്ടറി മുഞ്ഞനാട് രാമചന്ദ്രന്‍, എ കെ രാജന്‍, ചെറിയാന്‍ കല്പകവാടി തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

വലിയകുളങ്ങര ദേവി ക്ഷേത്രത്തില്‍ പൊങ്കാല നേദിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടാണ് യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ ഹരിപ്പാട് മണ്ഡലം തല പര്യടനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. തുടര്‍ന്ന് മണക്കാട് ദേവി ക്ഷേത്രം, ഇരട്ടക്കുളങ്ങര ദേവി ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
ആവേശകരമായ വരവേല്‍പ്പാണ് ഇരട്ടകുളങ്ങരയില്‍ ലഭിച്ചത്.

രാജ്യം പണക്കാരന്റെ മാത്രം കയ്യിലേക്ക് പോകുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഇന്നുള്ളതെന്ന് കെസി പറഞ്ഞു. അതില്‍ നിന്ന് പാവപ്പെട്ടവന് വേണ്ടി കൂടി ഉള്ളതാക്കി മാറ്റുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ അഞ്ചു ഗ്യാരന്റികള്‍ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി കൂടിയുള്ളതാണെന്നും കെ സി പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രധാന അജണ്ട.

കൃഷിക്കാരന്റെ വരുമാനം ഇരട്ടിയാക്കുക,അവരുടെ കടങ്ങള്‍ ഇല്ലാതാക്കാന്‍ സാമ്പത്തിക സ്വയം പര്യാപ്തമാക്കുക, അവരുടെ കടം ഉള്ളത് നിര്‍ണ്ണയിക്കാനും കടാശ്വാസം നല്‍കുന്നതിനും ഒരു സ്ഥിരം കമ്മീഷനെ നിയമിക്കുക തുടങ്ങിയ പദ്ധതികള്‍ കൃഷിക്കാര്‍ക്ക് വേണ്ടി കൊണ്ടുവരുമെന്നും കെ സി പറഞ്ഞു. കേന്ദ്ര ഭരണത്തില്‍ ഉള്ളവര്‍ ആളുകളെ ചേരി തിരിച്ച് തമ്മിലടിപ്പിക്കുകയാണെന്നും അതില്‍ മാറ്റം വരാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അതിന് യുക്തി പൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും കെ സി പറഞ്ഞു.

കര്‍ഷകരെ പൊറുതി മുട്ടിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ പി സി സി പ്രചാരണ വിഭാഗവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ ഹരിപ്പാട് മണ്ഡലം തല സ്ഥാനാര്‍ഥി പര്യടനം ഇരട്ടക്കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിക്കുന്ന നിയോജക മണ്ഡലം ഹരിപ്പാട് ആയിരിക്കുമെന്നും രാജ്യത്തിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ വികസനത്തിനും മതേതര മുന്നണിയായ ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രദീപം കൊളുത്തിയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഇരട്ടക്കുളങ്ങര, ആഞ്ഞിലിമൂട്, കളരിയ്ക്കല്‍, പള്ളിപ്പറ യുപി. എസ്, പൊയ്യക്കര ജംഗ്ഷന്‍, മണ്ണൂര്‍ ജംഗ്ഷന്‍, അരണപ്പുറം, വടക്കേക്കണ്ടത്തില്‍, വെട്ടുവേനി എസ് എന്‍ ഡി പി ജംഗ്ഷന്‍, ഐക്കര ജംഗ്ഷന്‍, വേളങ്ങാട്ട്, അയ്യരുകാവ്, കോളാത്ത് ജംഗ്ഷന്‍, റ്റി ബി ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് രാവിലെ പര്യടനം നടന്നത്.

ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ്, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, യുഡിഎഫ് കണ്‍വീനര്‍ ആര്‍ കെ സുധീര്‍,കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ എം കെ വിജയന്‍,കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍,ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ രാമകൃഷ്ണന്‍,ഹരിപ്പാട് സൗത്ത് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സതീഷ് മുട്ടം, കണ്‍വീനര്‍ കാട്ടില്‍ സത്താര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വിവേക്, മുസ്ലിം ലീഗ് യൂത്ത് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ എം രാജു, തുടങ്ങിയവര്‍ പങ്കെടുത്തു

ഹരിപ്പാട്ട് നാലര ഏക്കറില്‍ നെല്‍കൃഷിയും ഫാമും നടത്തി വിജയം കൊയ്ത ദമ്പതികളായ വാണിയെയും വിജിത്തിനെയും യുവാക്കള്‍ മാതൃകയാക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. വാണിയുടെ തന്നെ ഡാണാപ്പടിയിലെ വസുജൈവാങ്കണം എന്ന വീട്ടില്‍ വിവിധ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെസി.

സംയോജിത സമ്മിശ്ര കൃഷിയിലൂടെ കഴിഞ്ഞ 15 വര്‍ഷങ്ങളായി പശു, കോഴി, മുയല്‍, താറാവ്, നെല്ല്, മറ്റ് പച്ചക്കറി കൃഷികള്‍ നടത്തിവരുന്ന ഇരുവരെയും കെസി അഭിനന്ദിക്കുകയും ചെയ്തു. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ് വാണി. ജൈവ കൃഷിയില്‍ 2019ലെ സംസ്ഥാന യുവ കര്‍ഷക അവാര്‍ഡ്, 2023ലെ യുവ പ്രതിഭ പുരസ്‌കാരം, 2017ല്‍ അക്ഷയശ്രീ അവാര്‍ഡ് എന്നിവ ഈ യുവകര്‍ഷക നേടിയിട്ടുണ്ട്.

കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുവാന്‍ നിരവധി പേര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നും അവഗണന നേരിടുകയാണെന്ന് വാണിയും വിജിത്തും കെസിയോട് പറഞ്ഞു. കരിമണല്‍ ഖനനം നടത്തുമ്പോള്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറുന്നതും കാര്‍ഷിക വിളകള്‍ക്ക് വില ലഭിക്കാത്ത കാര്യങ്ങളും ഇരുവരും കെസിയുടെ ശ്രദ്ധയില്‍ പെടുത്തി.

KC Venugopal | ആവലാതികളുമായെത്തിയ കര്‍ഷകര്‍ക്ക് സാന്ത്വനമായി കെ സി; ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് ഉറപ്പ്
 

എല്ലാം ക്ഷമാപൂര്‍വ്വം കേട്ടതിനുശേഷം ഇന്ത്യാ മുന്നണി കര്‍ഷകര്‍ക്കായി ആസൂത്രണം ചെയ്തിരിയ്ക്കുന്ന കാര്യങ്ങള്‍ കെസി വ്യക്തമാക്കി. കര്‍ഷകരാണ് പ്രഥമ പൗരന്മാര്‍ എന്നും കര്‍ഷകര്‍ക്കായി അഞ്ച് ഗ്യാരണ്ടികള്‍ ഇന്ത്യാസഖ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെസി അറിയിച്ചു. 

കാര്‍ഷിക വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ, കാര്‍ഷികകടം എഴുതി തള്ളാനുള്ള തുക നിശ്ചയിക്കാന്‍ സ്ഥിരം കമ്മീഷന്‍, കൃഷി നശിച്ചാല്‍ 30 ദിവസത്തിനകം കര്‍ഷകന്റെ അക്കൗണ്ടിലേയ്ക്ക് പണം, കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഇറക്കുമതി കയറ്റുമതി നയം, കാര്‍ഷിക സാമഗ്രികള്‍ക്കുള്ള ജിഎസ്ടി ഒഴിവാക്കും എന്നീ അഞ്ച് ഗ്യാരണ്ടികളെ കുറിച്ചും കെസി വിശദമായി സംസാരിച്ചു. വാണിയുടെയും വിജിത്തിന്റെയും പാത പിന്തുടര്‍ന്ന് കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്ക് കടുന്നു വരണമെന്നും പൂര്‍ണ്ണ പിന്തുണ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കെസി ഉറപ്പ് നല്‍കി.

Keywords: KC comforted the farmers who came with their grievances, Alappuzha, News, KC Venugopal, Farmers, Politics, Complaint, Guarantee, Ramesh Chennithala, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia