Boat Race Trophy | നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഹാട്രിക് ജയവുമായി പള്ളാത്തുരുത്തി ബോട് ക്ലബ്; ജലരാജാവായി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍
Sep 4, 2022, 19:24 IST
ആലപ്പുഴ: (www.kvartha.com) നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കളായി. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനെ തുഴഞ്ഞ പള്ളാത്തുരുത്തി ബോട് ക്ലബിന് ഇത് ഹാട്രിക് ജയമാണ്. സന്തോഷ് ചാക്കോയാണ് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ ക്യാപ്റ്റന്‍. 4.30.77 മിനിട് സമയം കൊണ്ടാണ് സമയം കാട്ടില്‍ തെക്കേതില്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ബോട് ലീഗ് വിജയികളാണ് പിബിസി (പള്ളാത്തുരുത്തി ബോട് ക്ലബ്).
പള്ളാത്തുരുത്തി ബോട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനലില്‍ ഉണ്ടായിരുന്നത്.
രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 4.31.57 മിനിടിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനം പുന്നമട ബോട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജലോത്സവത്തില്‍ ആലപ്പുഴ പുന്നമട കായല്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറുകയായിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആന്‍ഡമാന്‍ നികോബാര്‍ ലഫ്റ്റനന്റ് ഗവര്‍നര്‍ റിട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ ജലോത്സവത്തില്‍ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ആരംഭിച്ചത്.
20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ നെഹ്റു ട്രോഫിയില്‍ ജനപങ്കാളിത്തം ഏറിയെങ്കിലും വിദേശികള്‍ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടി. ഓന്‍ലൈന്‍ ടികറ്റ് റെകോര്‍ഡ് വില്‍പനയായിരുന്നു ഇത്തവണ. 10 ലക്ഷത്തിലധികം രൂപയുടെ ഓന്‍ലൈന്‍ ടികറ്റാണ് വിറ്റത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.