Probe | ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ 52കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; ദുരൂഹത

 


ഇടുക്കി: (KVARTHA) കട്ടപ്പനയില്‍ ഫാമിലെ ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഴവര മോര്‍പ്പാളയില്‍ എം ജെ ഏബ്രഹാമിന്റെ ഭാര്യ ജോയ്‌സ് ഏബ്രഹാമിന്റെ (52) മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോര്‍ടത്തില്‍ വ്യക്തമായെന്ന് പൊലീസ്. ശരീരത്തില്‍ 76 ശതമാനം പൊള്ളലേറ്റിരുന്നെന്നാണ് കണ്ടെത്തല്‍.

പാചക വാതകവും ഡീസലുമാണ് പൊള്ളലേല്‍ക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ജോയ്സിന്റെ ഭര്‍ത്താവ് എം ജെ എബ്രഹാം (ലാലിച്ചന്‍), ഇയാളുടെ അനുജന്‍ ഷിബുവിന്റെ ഭാര്യ ഡയാന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ നെല്ലിപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളിയില്‍ ജോയ്‌സിന്റെ സംസ്‌കാരം നടത്തി.

കട്ടപ്പന പൊലീസ് പറയുന്നത്: ശനിയാഴ്ച (02.12.2023) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സഹോദരല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം സന്ദര്‍ശിക്കാന്‍ ഉച്ചയോടെ എത്തിയവരാണ് നീന്തല്‍ കുളത്തില്‍ ജോയ്‌സിന്റെ മൃതദേഹം കണ്ടത്. ഇവരാണ് പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിച്ചത്.

അതേസമയം അടുക്കളയില്‍ വച്ച് പൊള്ളലേറ്റ ജോയ്‌സ് അവിടെ നിന്നിറങ്ങി ഏതാനും മീറ്റര്‍ അകലെയുള്ള നീന്തല്‍ കുളത്തില്‍ എത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സംഭവത്തിനുശേഷം ഈ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. വീടിനും നീന്തല്‍ കുളത്തിനും മധ്യേയുള്ള ഭാഗങ്ങളില്‍ വസ്ത്രങ്ങളുടെയും കത്തിയ വസ്ത്രത്തിന്റെയും മറ്റും ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

പാചകവാതക സിലിന്‍ഡറിന്റെ കണക്ഷന്‍ സ്റ്റൗവില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന തടി അലമാരയ്ക്കും മറ്റും തീപിടിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി.

മകനൊപ്പം കാനഡയിലായിരുന്ന ജോയ്‌സും ഭര്‍ത്താവും നാല് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇവരുടെ വീട് പാട്ടത്തിനു നല്‍കിയിരിക്കുന്നതിനാല്‍ ഏബ്രഹാമിന്റെ സഹോദരന്‍ ഷിബു താമസിക്കുന്ന തറവാട്ടു വീട്ടില്‍ താമസിച്ചു വരികയുമായിരുന്നു. ഫാം സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കൊപ്പം ഷിബുവിന്റെ ഭാര്യ വീടിനു പുറത്തേക്കു പോയ സമയത്താണ് സംഭവമെന്നാണ് ബന്ധുക്കളുടെ മൊഴി. ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.


Probe | ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ 52കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; ദുരൂഹത



Keywords: News, Kerala, Kerala-News, Police-News, Malayalam-News, Kattappana News, Idukki News, Housewife, Death, Postmortem, Report, Police, Probe, Case, Death, Kattappana housewife's death; Postmortem report out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia