Award | കതിരൂര്‍ ബാങ്ക് വിവികെ സാഹിത്യ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്കും ബെന്യാമിനും സമ്മാനിക്കും


പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍, നിരൂപകന്‍ ഇപി രാജഗോപാലന്‍, വിവികെ സമിതി ചെയര്‍മാന്‍ കാരായി രാജന്‍, ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ എന്നിവരടങ്ങുന്ന സമിതി
2022 ലെ വിവികെ പുരസ്‌കാരത്തിന് അര്‍ഹനായ കെ ജി എസ് ആധുനിക മലയാള കാവ്യശാഖക്ക് അതുല്യമായ സംഭാവന നല്‍കിയ വ്യക്തിത്വം ആണ്
കണ്ണൂര്‍: (KVARTHA) കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എര്‍പ്പെടുത്തിയ വിവികെ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ ജി ശങ്കരപ്പിള്ളയും ബെന്യാമിനും പുരസ്‌കാരത്തിന് അര്‍ഹരായി. 50,000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്പവും രാജേന്ദ്രന്‍ പുല്ലൂരിന്റെ പെയിന്റിംഗും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് പുരസ്‌കാരസമിതി അംഗങ്ങള്‍ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍, നിരൂപകന്‍ ഇപി രാജഗോപാലന്‍, വിവികെ സമിതി ചെയര്‍മാന്‍ കാരായി രാജന്‍, ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
2022 ലെ വിവികെ പുരസ്‌കാരത്തിന് അര്‍ഹനായ കെ ജി എസ് ആധുനിക മലയാള കാവ്യശാഖക്ക് അതുല്യമായ സംഭാവന നല്‍കിയ വ്യക്തിത്വം ആണ്. സാമൂഹ്യ പ്രശ്നങ്ങളോടുള്ള നിശിതമായ നിലപാടുകളും നവ ഭാവുകത്വവും തന്റെ സാഹിത്യ തട്ടകത്തില്‍ വിളക്കിച്ചേര്‍ക്കാന്‍ കെ ജി എസിന് കഴിഞ്ഞിട്ടുണ്ട്. പുരോഗമനോന്മുഖവും തീഷ്ണവുമായ പദ ചേര്‍ചകളുടെ സമ്പന്നതയാണ് കെ ജി എസ് കവിതകള്‍.
1948 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച അദ്ദേഹം വിവിധ സര്‍കാര്‍ കോളജുകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും 2003 ല്‍ എറണാകുളം മഹാരാജാസില്‍ നിന്നും പ്രിന്‍സിപലായി വിരമിക്കുകയും ചെയ്തു. കവിതകളും ലേഖനങ്ങളുമായി ഇരുപതില്‍പരം കൃതികള്‍ രചിച്ചു. വിവിധ ഇന്‍ഡ്യന്‍, വിദേശ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തു.
കേരള, കേന്ദ്ര സാഹിത്യ അകാഡമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേരള സാഹിത്യ അകാഡമി ഫെലോഷിപ്പും ലഭിച്ചു. ഒഡീഷയിലെ സാബല്‍പൂര്‍ യൂനിവേര്‍സിറ്റിയുടെ ഗംഗാധര്‍ മെഹര്‍ ദേശീയപുരസ്‌കാരം, ആശാന്‍, ഉള്ളൂര്‍, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, ബഹറിന്‍ കേരള സമാജം, ഓടക്കുഴല്‍, കുഞ്ചന്‍ നമ്പ്യാര്‍, ഒമാന്‍, നവമലയാളി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2023 ലെ വിവികെ പുസ്‌കാരത്തിന് അര്‍ഹനായ ബെന്യാമിന്‍ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. യൂത്തനസിയ എന്ന പ്രഥമകൃതി അബൂദമി മലയാളി സമാജം അവാര്‍ഡ് നേടി. അബൂദബി ശക്തി കെ എ കൊടുങ്ങലൂര്‍, കേരള സാഹിത്യ അകാഡമി. നോര്‍ക റൂട് സ് പ്രവാസി, ഇ വി കൃഷ്ണപ്പിള്ള, പത്മപ്രഭ എന്നീ പുരസ്‌കാരങ്ങള്‍ നേടി. പട്ടത്തുവിള കരുണാകരന്‍ പുരസ്‌കാരം, നൂറനാട് ഹനീഫ സ്മാരക പുരസ്‌കാരം എന്നിവയും നേടി.
'ആടുജീവിതം' എന്ന പ്രസിദ്ധമായ നോവല്‍ വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ചു. അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മഞ്ഞവെയില്‍ മരണങ്ങള്‍, ആടുജീവിതം, പ്രവാചകരുടെ രണ്ടാംപുസ്തകം, ഇ എം എസും പെണ്‍കുട്ടിയും, എന്റെ പ്രിയപ്പെട്ട കഥകള്‍, പോസ്റ്റ് മാന്‍ തുടങ്ങിയവ പ്രധാന കൃതികളാണ്.
ഗള്‍ഫ് നാടുകളിലെ ദുരിത സമാനജീവിതവും ഗള്‍ഫ് എന്ന പ്രതീക്ഷാഭരിതമായ നാടും കോര്‍ത്തിണക്കിയ ആടുജീവിതം ലക്ഷക്കണക്കിന് മലയാളികള്‍ക്ക് നവീനമായ വായനാനുഭവം പകര്‍ന്നു നല്‍കിയതാണ്.
വാര്‍ത്താസമ്മേളനത്തില്‍ കെ രാജ കുറുപ്പ്, വി വി കെ സമിതി ചെയര്‍മാന്‍ കാരായി രാജന്‍, കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍, ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രടറി പുത്തലത്ത് സുരേഷ് ബാബു, അഡ്വ കെ കെ രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.