Earth Noise | തളങ്കരയിലെ ഭൂമിക്കടിയില്‍ നിന്നുള്ള നിഗൂഢ ശബ്ദം; പിന്നിലെന്ത്?

 


കാസര്‍കോട്: (www.kvartha.com) ഭൂമിക്കടിയില്‍ നിന്നും ഭയപ്പെടുത്തുന്ന നിഗൂഢവുമായ ശബ്ദങ്ങള്‍ പുറത്തുവരുന്നതും ആളുകള്‍ ഭയപ്പെടുന്നതുമായ നിരവധി രംഗങ്ങള്‍ ഹൊറര്‍ സിനിമകളിലും സീരീസുകളിലും നമ്മള്‍ കാണാറുണ്ട്. സമാനരീതിയില്‍ ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദം കേട്ട് പരിഭ്രാന്തരായിരിക്കുകയാണ് തളങ്കര നിവാസികള്‍. 

Earth Noise | തളങ്കരയിലെ ഭൂമിക്കടിയില്‍ നിന്നുള്ള നിഗൂഢ ശബ്ദം; പിന്നിലെന്ത്?

ഭൂമിക്കടിയില്‍ നിന്ന് അസാധാരണവും അജ്ഞാതവുമായ ശബ്ദം മുഴങ്ങിയതും പിന്നാലെ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും തളങ്കര കടവത്തുക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുതലാണ് നൗഫല്‍ എന്നയാളുടെ പറമ്പില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്നത്.

മോടോര്‍ ഓണ്‍ ചെയ്താലുള്ള ശബ്ദത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭീതി ഉയര്‍ന്നതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഒരുമിച്ച് കൂടി. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

അതിനിടെ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 'സോയില്‍ പൈപിംഗ്' കാരണമാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് അഡ്വ. വി എം മുനീര്‍ പറഞ്ഞു. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുന്ന പ്രതിഭാസമാണ് സോയില്‍ പൈപിംഗ്.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും രണ്ട് വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചുണ്ട്.

ഇത്തരത്തില്‍ ഈ മാസം രണ്ടിന് കോട്ടയം കാഞ്ഞിരപ്പള്ളി ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടത് വാര്‍ത്തായായിരുന്നു. തോട്ട പൊട്ടുന്നതിനേക്കാള്‍ വലിയ ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. മെയ് 29, 30 തീയതികളിലും സമാന സംഭവമുണ്ടായിരുന്നു. തുടര്‍ച്ചയായി ഇത്തരം മുഴക്കങ്ങളുണ്ടാക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാത്രി ഉറങ്ങിക്കിടക്കുന്ന സമയങ്ങളില്‍ ഇത്തരം ശബ്ദങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭൂമികുലുക്കത്തിന് സമാനമായ ശബ്ദമാണ് ഉണ്ടാവുന്നതെന്നാണ് വിവരം. ജില്ല സന്ദര്‍ശിച്ച റവന്യൂ മന്ത്രിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് പഠനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. പരിസ്ഥിതി വകുപ്പ് പഠനം നടത്തിയിട്ടുണ്ടെങ്കിലും മുഴക്കത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്നാണ് അവരും അറിയിച്ചത്.

ഇത്തരത്തില്‍ മുന്‍പ് സമാന സംഭവങ്ങളില്‍ ശബ്ദമുണ്ടായതിന് കാരണമായി നാല് സാഹചര്യങ്ങളാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ചില പ്രദേശത്ത് മാത്രം ഭൂമിക്കടിയിലുണ്ടാകുന്ന ചലനങ്ങള്‍, ഭൂമിക്കടിയില്‍ അമിതമായി മര്‍ദമുണ്ടാകുന്നത്, മനുഷ്യ നിര്‍മിതം (അതായത് തോട്ട പൊട്ടിക്കുക, ക്വാറി സ്ഫോടനം, ബോധ പൂര്‍വം സ്ഫോടന ശബ്ദം സൃഷ്ടിക്കുക എന്നിവ), ഭൂമികുലുക്കം തുടങ്ങിയവയാണ്. എന്നാല്‍ ഭൂമിക്കടിയില്‍ സ്വാഭാവികമായി നടക്കുന്ന പ്രതിഭാസങ്ങളുടെ ഫലമായും ഇത്തരം ഒച്ചകള്‍ കേള്‍ക്കാമെന്ന് ജിയോളജി വകുപ്പ് പറയുന്നു.

എന്തായാലും ശബ്ദത്തിന് പിന്നിലെ ശാസ്ത്രീയമായ കാരണങ്ങള്‍ പരിശോധിച്ച് കണ്ടെത്തേണ്ടത് പ്രദേശവാസികളുടെ ഭീതിമാറ്റാന്‍ അനിവാര്യമാണ്.
 
Keywords:  News, Kerala, Kerala-News, News-Malayalam, Kasargod, Earth, Noise, Sound, Thalangara, Family, Geology Department, Kasargod: Mysterious sound from earth in Thalangara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia