പൊലീസ് സേന ജനതാൽപ്പര്യം ഉയർത്തിപ്പിടിക്കണം; കെഎപി, എംഎസ്പി പാസിങ് ഔട്ട് പരേഡിൽ മന്ത്രി രമേശ് ചെന്നിത്തല
ADVERTISEMENT
● തിങ്കളാഴ്ചയാണ് 305 പുതിയ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്
● കെഎപി നാലാം ബറ്റാലിയനിലെ 166 പേരും എംഎസ്പി മലപ്പുറത്തെ 139 പേരുമാണ് പരേഡിൽ പങ്കെടുത്തത്
● ഒൻപത് മാസത്തെ കഠിനമായ അടിസ്ഥാന പരിശീലനത്തിന് ശേഷമാണ് ഇവർ സേനയുടെ ഭാഗമായത്
● പരിശീലനത്തിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ധർമ്മശാല: (KVARTHA) പൊലീസ് സേന ജനതാൽപ്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിങ് ഔട്ട് പരേഡിൻ്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പൗരൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പൊലീസ് സേനാംഗങ്ങൾക്കുണ്ട്. സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസ്. കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാതൃകയായ സേനയാണിത്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തവും നാടിൻ്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും കേരള പൊലീസിനുണ്ടെന്നും അത് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സേനയുടെ ഭാഗമായി 305 പേർ
കെഎപി നാലം ബറ്റാലിയനിലെ 166 പേരും എംഎസ്പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് തിങ്കളാഴ്ച (ഓഗസ്റ്റ് 31) പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എൻജിനീയറിങ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമ യോഗ്യത നേടിയവരുമാണ്.

ഒൻപത് മാസത്തെ അടിസ്ഥാന പരിശീലനത്തിൻ്റെ ഭാഗമായി വിവിധ ഔട്ട്‌ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും ഇവർ പഠിച്ചു. സ്വിമ്മിങ്, ഡ്രൈവിങ്, കമാൻഡോ കോഴ്‌സ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്, റേഞ്ച് ഫയറിങ്, ആൻ്റി സബോട്ടേജ് ട്രെയിനിങ്, സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്സുകളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട്.
മികച്ച സേനാംഗങ്ങൾക്ക് പുരസ്കാരം
മികച്ച പരിശീലനം കാഴ്ചവെച്ച സേനാംഗങ്ങൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. എംഎസ്പി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ വൈ ജിതിൻ, ഇൻഡോർ വിഭാഗത്തിൽ പി ആദർശ്, സൈബർ സംവിധാനത്തിൽ കെ ഷിബിൻ, ഔട്ട്ഡോർ-ഓൾറൗണ്ടർ വിഭാഗത്തിൽ ബി ഐ ജിനു എന്നിവർ സമ്മാനം നേടി.
കെഎപി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ വി നിവേദ്, ഇൻഡോർ വിഭാഗത്തിൽ ആൽവിൻ വർഗീസ്, സൈബർ സംവിധാനത്തിൽ എസ് പി അമർനാഥ്, ഔട്ട്ഡോറിൽ സബിൻ ടി സത്യൻ, ഓൾറൗണ്ടറായി ഡി അമൽദേവ് എന്നിവരെയും തെരഞ്ഞെടുത്തു.
എംഎൽഎമാരായ ടി ഒ മോഹനൻ, സജി ജോസഫ്, വി കുഞ്ഞികൃഷ്ണൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡിഐജി ഡോ. ജെ ഹിമേന്ദ്ര നാഥ്, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ, സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി, സിആർപിഎഫ് ഡിഐജി മാത്യു എ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Congress leader Ramesh Chennithala addressed the passing out parade of the KAP and MSP battalions at the Mangattuparamba parade ground in Dharmashala, where 305 cadets successfully completed their 9-month rigorous training on Monday, August 31, 2026.
#KasargodVartha #KeralaPolice #PassingOutParade #KAP #MSP #Mangattuparamba #RameshChennithala #KeralaNews #MalayalamNews #AmmuNews
