Release | കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ബുഖാരി വ്യാഖ്യാനം പുറത്തിറങ്ങുന്നു; ആദ്യ വാള്യം പ്രകാശനം 21ന്; മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും

 
kanthapuram ap aboobacker musliyars tafsir of bukhari to be

Image: Arranged

ADVERTISEMENT

● മലേഷ്യയിലെ പുത്രജയയിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്.
● 20 വാള്യങ്ങളുള്ള ഗ്രന്ഥമാണിത്.
● ആറു പതിറ്റാണ്ടിലധികം പഠനത്തിന്റെ ഫലമാണ്.

ക്വാലാലംപൂർ: (KVARTHA) ലോക പ്രസിദ്ധ ഇസ്ലാമിക ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എഴുതിയ വ്യാഖ്യാനത്തിന്റെ ഔപചാരികമായ സമർപ്പണവും ആദ്യ വാള്യത്തിന്റെ പ്രകാശനവും നവംബർ 21ന് മലേഷ്യയിൽ വെച്ച് നടക്കും.

Aster_MIMS

പുത്രജയയിലെ മസ്ജിദ് പുത്രയിൽ വെച്ച് 11 ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ വെച്ചാണ് 20 വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ പ്രഖ്യാപനം നടക്കുന്നത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ സാന്നിധ്യത്തിൽ ലോക പ്രസിദ്ധരായ 20 ഹദീസ് പണ്ഡിതന്മാർ ചേർന്നാണ് പദ്ധതി പ്രഖ്യാപനവും ആദ്യ വാള്യത്തിന്റെ പ്രകാശനവും നിർവഹിക്കുന്നത്.

കാന്തപുരം അബൂബക്കർ മുസ്ലിയാർ ആറ് പതിറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്ത് ശേഖരിച്ച സനദുകൾ, വിവിധ വ്യാഖ്യാനങ്ങളെയും അനുബന്ധ ഗ്രന്ഥങ്ങളെയും അവലംബിച്ച് തയ്യാറാക്കിയ വിശദീകരണങ്ങൾ, ഓരോ ഹദീസിനെയും കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ, വർത്തമാന ആലോചനകൾ എന്നിവയെല്ലാം ചേർത്ത് പതിനായിരത്തിലധികം പേജുകളിലായാണ് അറബി ഭാഷയിൽ 'തദ്കീറുൽ ഖാരി' എന്ന പേരിൽ ഈ ഗ്രന്ഥ പരമ്പര പുറത്തിറങ്ങുന്നത്. രണ്ട് വർഷങ്ങള്‍ കൊണ്ട് വിവിധ ഘട്ടങ്ങളിലായാണ് ഗ്രന്ഥങ്ങൾ പുറത്തിറങ്ങുന്നത്.

മലേഷ്യയിൽ നടക്കുന്ന ചടങ്ങിൽ ഇജാസത്ത് സമർപ്പണവും നടക്കും. 60 വർഷത്തോളമായി തുടരുന്ന അധ്യാപനത്തിനിടെ പതിനായിരത്തിലധികം വിദ്യാർഥികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ശിഷ്യണത്തിൽ സ്വഹീഹുൽ ബുഖാരി പഠനം പൂർത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വഹീഹുൽ ബുഖാരി അധ്യാപനം, പ്രഭാഷണം, സെമിനാർ അവതരണങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ട് അദ്ദേഹം. 

മലയാളം, അറബി ഭാഷകളില്‍ നിരവധി പഠനങ്ങളും സ്വഹീഹുൽ ബുഖാരി സംബന്ധിച്ച് എഴുതിയിട്ടുണ്ട്. മർകസ് നോളജ് സിറ്റി കേന്ദ്രമായുള്ള മലൈബാര്‍ പ്രസ് ആണ് പ്രസാധകർ. നേരത്തെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ പുറത്തിറക്കിയതും മലൈബാര്‍ പ്രസ് ആയിരുന്നു. ലോകത്തെ വിവിധ പ്രസാധകർ, പുസ്തക വിതരണക്കാര്‍ എന്നിവരുമായി സഹകരിച്ച് ഗ്രന്ഥങ്ങൾ പ്രധാന സ്ഥലങ്ങളിൽ ലഭ്യമാക്കാനാണ് പ്രസാധകർ ആസൂത്രണം ചെയ്യുന്നത്.

#Kanthapuram #Bukhari #Tafsir #IslamicStudies #Malaysia #BookLaunch #GrandMufti #Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia