Heritage | കാഴ്ചക്കാരിൽ കൗതുകമായി പയ്യാമ്പലത്തെ ഓടം മ്യൂസിയം; ഇവിടെ തൊട്ടറിയാം കൈത്തറിയുടെ ചരിത്രം

 
Kannur's Handloom Museum: A Tribute to Kerala's Textile Heritage
Kannur's Handloom Museum: A Tribute to Kerala's Textile Heritage

Photo: Arranged

● കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം.
● മ്യൂസിയത്തിന് 'ഓടം' എന്ന പേരു ലഭിച്ചത് പ്രധാന നെയ്‌ത്തുപകരണത്തിൻ്റെ പേരിൽ നിന്നാണ്.
● 1957 വരെ കണ്ണൂർ കലക്‌ടറേറ്റ് പ്രവർത്തിച്ചിരുന്ന പൈതൃക കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) തിറകളുടെ മാത്രമല്ല തറികളുടെയും നാടായ കണ്ണൂരിൽ രാജ്യത്ത് തന്നെ ആദ്യമായി സ്ഥാപിച്ച കൈത്തറി മ്യൂസിയം വിനോദ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. 15-ാം നൂറ്റാണ്ട് മുതലുള്ള കൈത്തറികളുടെ ഉത്ഭവവും കണ്ണൂരിന്‍റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്നതുമായ പത്ത് ഗ്യാലറികൾ അടങ്ങുന്ന മ്യൂസിയമാണ് കണ്ണൂർ പയ്യാമ്പലത്തുള്ളത്.

കേരള സർക്കാർ മ്യൂസിയം - മൃഗശാല വകുപ്പിന്‍റെ കീഴിലാണ് ഈമ്യൂസിയം പ്രവർത്തിക്കുന്നത്. ഇന്തോ - യൂറോപ്യൻ വാസ്‌തു മാതൃകയിൽ ഹാൻഡ് വീവിന്‍റെ പൈതൃക കെട്ടിടത്തിലാണ് മ്യൂസിയം ഒരുക്കിയത്. 1957 വരെ കണ്ണൂര്‍ കലക്‌ടറേറ്റ് പ്രവര്‍ത്തിച്ചിരുന്നത് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ല്‍ കെട്ടിടം ഹാന്‍വീവിന് കൈമാറുകയായിരുന്നു.

Kannur's Handloom Museum: A Tribute to Kerala's Textile Heritage

പ്രധാന നെയ്‌ത്തുപകരണത്തിൻ്റെ പേരായ ഓടമെന്നാണ് മ്യൂസിയത്തിന് ഇട്ടിരിക്കുന്നത്. ഊടും പാവും നെയ്യാൻ നൂലോടിക്കുന്ന ഉപകരണമാണിത്. കളിയോടത്തിനോടുള്ള രൂപ സാദൃശ്യമാകാം ഈ പേര് ലഭിക്കാൻ കാരണമെന്നാണ് നെയ്ത്തുകാർ പറയുന്നത്. ഹാന്‍വീവ് ഓഫീസ്  പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാന്‍ തീരുമാനമായത്. സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്ന കെട്ടിടത്തിന്‍റെ പൈതൃക ഭാവങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് പുരാവസ്‌തു വകുപ്പ് 4200 ചതുരശ്ര മീറ്റർ സ്ഥലത്ത് സംരക്ഷിച്ചിട്ടുള്ളത്.

60 ലക്ഷം രൂപ മുതൽമുടക്കിൽ പുരാവസ്‌തു വകുപ്പാണ് കെട്ടിടത്തിന്‍റെ സംരക്ഷണ പ്രവൃത്തികൾ  പൂർത്തീകരിച്ചത്. സംസ്ഥാന പുരാവസ്‌തു വകുപ്പിന്‍റെ എഞ്ചിനീയറിങ് വിഭാഗമാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മേല്‍ക്കൂര പൂര്‍ണ്ണമായും ബലപ്പെടുത്തി. ചോര്‍ച്ചകള്‍ പരിഹരിച്ച് പഴയ തറയോടുകള്‍ മികച്ച രീതിയില്‍ സംരക്ഷിച്ചു. തടി കൊണ്ടുള്ള മച്ചുകള്‍, ഗോവണികള്‍ എന്നിവ ബലപ്പെടുത്തി പൂര്‍വസ്ഥിതിയിലാക്കി. 1980ല്‍ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്.

Kannur's Handloom Museum: A Tribute to Kerala's Textile Heritage

200 ലധികം പഴക്കമുള്ള കെട്ടിടത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. സർക്കാറിന്‍റെ നോ ഡൻഏജൻസിയായ ചരിത്ര പൈതൃക മ്യൂസിയമാണ് നിർമാണം നടത്തിയത്. മനുഷ്യന്‍റെ വസ്ത്രധാരണ, വസ്ത്ര നിർമാണ പൈതൃകം എന്നിവയുടെ സാംസ്‌കാരിക വളർച്ചയുടെ ഘട്ടങ്ങൾ, പത്ത് ഗ്യാലറികളിലൂടെടെ മ്യൂസിയത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. കൈത്തറി വ്യവസായത്തിന്‍റെ വളർച്ചയിൽ പങ്കുവച്ച ജനകീയ കൂട്ടായ്‌മകളെയും സഹകരണമേഖലയുടെ സ്വാധീനത്തെക്കുറിച്ചും മ്യൂസിയത്തിൽ ദൃശ്യ വൽക്കരിക്കുന്നുണ്ട്.

മലബാറിന്‍റെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കൈത്തറി വ്യവസായം ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകന്മാരായിട്ടുള്ള വാഗ്‌ഭടാനന്ദനും ശ്രീനാരായണഗുരുവുമൊക്കെ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരകരായിരുന്നു. ബാസൽ മിഷൻ മലബാറിലെ കൈത്തറിയെ സ്വാധീനച്ചതിൻ്റെ രേഖകൾ മ്യൂസിയത്തിലുണ്ട്. കുഴിത്തറിയും ചട്ടത്തറി ഫ്രെയിമുമൊക്കെ പോയ കാലത്തെ പണിശാലകളുടെ പ്രതീകമാണ്.

Kannur's Handloom Museum: A Tribute to Kerala's Textile Heritage

കൈത്തറിയുടെ ചരിത്രപാരമ്പര്യം പുതു തലമുറയെ പരിചയപ്പെടുത്തുന്നതിനാണ് ഓടം മ്യൂസിയം ലക്ഷ്യമിടുന്നതെന്ന് മ്യൂസിയം ഗൈഡ് ലക്ചർ ഇ എം ബാലൻ പറഞ്ഞു. കേരള ചരിത്ര പൈതൃക മ്യൂസിയം നോഡൽ ഏജൻസിയായി 1.20 കോടി രൂപ ചെലവിലാണ് 2023 കണ്ണൂർ പയ്യാമ്പലം റോഡിൽ കൈത്തറി മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. 

വിദേശികളും വിദ്യാർത്ഥികളുമുൾക്കാ നൂറു കണക്കിനാളുകൾ മ്യൂസിയം സന്ദർശിക്കുന്നുണ്ട്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. സ്കൂളുകളിൽ നിന്നും പഠന ഗ്രൂപ്പുകളായി വരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുനൽകുന്നുണ്ട്. തിങ്കളാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4.30 വരെയാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia