Wild Elephant | ആറളത്ത് ഇനിയും ആദിവാസികള്‍ കൊല്ലപ്പെടും, അപ്പോഴും ഒഴുകും മുതലക്കണ്ണീര്‍; വാക്കിന് വിലകാണിക്കാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആദിവാസികളെ വഞ്ചിക്കുന്നതിങ്ങനെ

 


/ ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com) കാട്ടാനകളുടെ ആക്രമണത്തില്‍ ഓരോ ജീവന്‍ പൊലിയുമ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്ന ആദിവാസി ജനത ആറളം ഫാമില്‍ അനുശോചനമറിയിക്കാന്‍ എത്തുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്ക്  മുന്‍പിലും പ്രതിഷേധിക്കുകയും കൊല്ലപ്പെട്ടയാളുടെ മൃതദേഹം തടഞ്ഞുവയ്ക്കാറുണ്ടെങ്കില്‍ ഇപ്പോള്‍ ശരിയാക്കാമെന്ന് പറഞ്ഞ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു പൊടിതട്ടി പോവുകയല്ലാതെ മറ്റൊന്നും നടക്കാറില്ല.

Wild Elephant | ആറളത്ത് ഇനിയും ആദിവാസികള്‍ കൊല്ലപ്പെടും, അപ്പോഴും ഒഴുകും മുതലക്കണ്ണീര്‍; വാക്കിന് വിലകാണിക്കാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആദിവാസികളെ വഞ്ചിക്കുന്നതിങ്ങനെ

ആറളത്തെ കാട്ടാനശല്യം പരിഹരിക്കാന്‍ തിരുവനന്തപുരത്തെ ശീതികരിച്ച സര്‍ക്കാര്‍ മണിമന്ദിരങ്ങളിലാണ് ഗതാഗതമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേരാറുളളത്. ഇവര്‍ എന്തൊക്കെയോ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും വരുന്ന ഫണ്ട് അടിച്ചു മാറ്റുകയെന്ന അജന്‍ഡയില്‍ കവിഞ്ഞു ഇത്തരം യോഗങ്ങളൊന്നും മുന്‍പോട്ട് പോകാറില്ല. 
 
കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാം പത്താം ബ്ളോക്കിലെ രഘുവിന്റെ(43) മൃതദേഹവുമായി പതിവുപോലെ ആദിവാസി വിഭാഗങ്ങളും പുനരധിവാസക്കാരും പ്രതിഷേധിച്ചുവെങ്കിലും പതിവുനാടകം കളിക്കുകയാണ് അധികൃതര്‍ ചെയ്തത്. പ്രശ്നത്തിന് ശാശ്വതപരിഹാരമെന്തെന്ന് ഇവര്‍ക്ക് ഇപ്പോഴും അറിയില്ല. കാട്ടാനയുടെ പേരില്‍ കുറെ ഫണ്ടു അടിച്ചു മാറ്റാന്‍ വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്. 

കഴിഞ്ഞ സെപ്തംബര്‍ 27ന് ഫാമില്‍ പതിനൊന്നാമത്തെ രക്തസാക്ഷിയായ വാസു കാളികയത്തിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ആനമതില്‍ നിര്‍മിക്കുമെന്ന് ഉന്നതതലതീരുമാനം കടലാസില്‍ എഴുതി കയ്യടിച്ചു പാസാക്കിയെങ്കിലും ഒന്നും നടന്നിട്ടില്ല. ആറളംഫാമില്‍ വീണ്ടുമൊരു ശവംകൂടി വീണപ്പോള്‍ കഴുകന്‍മാരെപ്പോലെ വീണ്ടും ഉന്നതതല ഉദ്യോഗസ്ഥ സംഘമെത്തിയിട്ടുണ്ട്. ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും എല്ലാം പതിവുപോലെ മാത്രമേ നടക്കുകയുളളൂവെന്നുമാണ് ഫാം നിവാസികള്‍ നിസ്സഹായതോടെ പറയുന്നത്. കാട്ടാനശല്യം തുടരുന്ന സാഹചര്യത്തില്‍ തങ്ങളെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിക്കണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

അതേ സമയം കൊല്ലപ്പെട്ട രഘുവിന്റെ സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടക്കും. ജനകീയ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. യു.ഡി. എഫ്, എല്‍. ഡി. എഫ്, ബി.ജെ.പി എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആറളം പഞ്ചായത്തില്‍ പൂര്‍ണമാണ്.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതവും മുടങ്ങിയിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷമാണ് രഘുവിന്റെ മൃതദേഹം ആറളത്ത് എത്തിക്കുക.

ആറളം ഫാമില്‍ കാട്ടാനയുടെ അക്രമണത്തില്‍ രഘുകൊല്ലപ്പെട്ടതോടെ അനാഥരായത് മൂന്ന് കുട്ടികളാണ്.  രഘുവിന്റെ മൂത്തമകള്‍ രഹ്ന പ്ളസ്ടൂവിനും രണ്ടാമത്തെ മകള്‍ രഞ്ചിനി എട്ടിലും ഇളയവന്‍ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. രഘുവിന്റെ ഭാര്യ ബീന എട്ടുവര്‍ഷം മുന്‍പേ തീപൊളളലേറ്റ് മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണ് വിറക് ശേഖരിച്ചിരുന്നത്. ഇന്നലെ വിറക് തേടിയുളള യാത്ര മരണത്തില്‍ അവസാനിക്കുകയായിരുന്നു. 

ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും. രഘുവിന്റെ മൂന്ന് പിഞ്ചുകുട്ടികളുടെ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ധനസഹായമായ പത്തുലക്ഷം രൂപ ഉടനെ തന്നെ കുടുംബത്തിന് നല്‍കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. 

Wild Elephant | ആറളത്ത് ഇനിയും ആദിവാസികള്‍ കൊല്ലപ്പെടും, അപ്പോഴും ഒഴുകും മുതലക്കണ്ണീര്‍; വാക്കിന് വിലകാണിക്കാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആദിവാസികളെ വഞ്ചിക്കുന്നതിങ്ങനെ


ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ, സര്‍ക്കാര്‍ തളളിമറിക്കുന്ന ആറളം ഫാമിലെ പുനരധിവാസ മേഖലയിലാണ് ഇന്നലെ പന്ത്രണ്ടാമത്തെ ജീവന്‍ പൊലിഞ്ഞത്. 2014-ഏപ്രില്‍ 20ന് ബ്ളോക്ക് പതിമൂന്നില്‍ ചോമാനിയില്‍ മാധവിയെയാണ് ആറളം ഫാമില്‍ ആദ്യം ആന കൊലപ്പെടുത്തുന്നത്. ഇവര്‍ താമസിച്ചിരുന്ന വീട് തകര്‍ത്തായിരുന്നു ആക്രമണം. ബ്ളോക്ക് ഏഴില്‍ 2015- ഏപ്രില്‍ ആറിന് ബാലനെയും 2017- മാര്‍ച്ച് ഏഴിന് ബ്ളോക്ക് പത്തില്‍ അമ്മിണിയെയും അതേ വര്‍ഷം ഏപ്രില്‍ അഞ്ചിന് ബ്ളോക്ക് മൂന്നില്‍ പൈനാപ്പിള്‍ കൃഷി കൃഷി സൂപ്പര്‍വൈസറായിരുന്ന വാളത്തോട് റജിയെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു. 

2018 ഒക്ടോബര്‍ 30ന് ബ്ളോക്ക് പതിമൂന്നില്‍ ദേവുകരിയാത്തനെയും അതേ വര്‍ഷം ഡിസംബര്‍ എട്ടിന് ബ്ളോക്ക് പത്തില്‍ പുലിക്കരി ചപ്പിലികൃഷ്ണനെയും 2020 ഒക്ടോബര്‍ 31ന് ബ്ളോക്ക് ഏഴില്‍ ബബീഷിനെയും 2021 ഏപ്രില്‍ 26ന് ഫാമിലെ തൊഴിലാളി ബന്ദപ്പന്‍ നാരായണനെയും കാട്ടാന കൊലപ്പെടുത്തി. 2022 ജനുവരി 31ന് ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ പാണലാട്ടെ പുതിയ പുരയില്‍ പി.പി റിജേഷ്, ജൂലായ് 14ന് ഏഴാം ബ്ളോക്കിലെ പി. എ ദാമു, സെപ്തംബര്‍ ഏഴിന് എട്ടാം ബ്ളോക്കിലെ വാസു കാളികം എന്നിവര്‍ കൊല്ലപ്പെട്ടു.  

വെളളിയാഴ്ച്ച വിറകു ശേഖരിക്കാന്‍ പോയ പത്താംബ്ളോക്കിലെ കണ്ണവീട്ടില്‍ രഘുവാണ് കാട്ടാനക്കലിക്ക് ഇരയായ ഒടുവിലത്തെ മനുഷ്യന്‍. 2009-ല്‍ ഫാമില്‍ തന്നെ ചീരയെന്ന സ്ത്രീയെ കാട്ടുപന്നി കുത്തിക്കൊന്നിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റവരും ഇവിടെ ഒട്ടേറെപ്പേരുണ്ട്. ഫാമിലും പുറത്തും ആറളം ഫാമില്‍ നാലുവര്‍ഷത്തിനിടെ മുപ്പതുകോടിയിലേറെ രൂപയുടെ വിളനാശവും സംഭവിച്ചിട്ടുണ്ട്.

ആറളം വനത്തിനുളളില്‍ ഫയര്‍ലൈന്‍ ജോലിക്കായി പോയ പൊയ്യ ഗോപാലനെ കാട്ടാനകുത്തിക്കൊന്നത് 2017 ഫെബ്രുവരി ഏഴിനായിരുന്നു. ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് 2017 ജനുവരിയില്‍ അടയ്ക്കാത്തോട് നരിക്കടവ് സ്വദേശി ബിജു കൊല്ലപ്പെട്ടത്. 2018 ഓഗസ്റ്റ് പതിനൊന്നിന് എടക്കാനത്ത് തോട്ടത്തില്‍ വര്‍ഗീസിനെ കുത്തിക്കൊന്നത് കാട്ടുപന്നിയായിരുന്നു. 2020 മാര്‍ച്ച്് ഒന്നിന് വീട്ടിനു മുന്‍പിലെ നടവഴിയിലാണ് കൊട്ടിയൂരിലെ ആഗസ്തിയെ ആന ആക്രമിച്ചത്. 

2021 ഫെബ്രുവരിി ഒന്‍പതിന് പടിയൂരിലെ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മീനോത്ത് നിഖില്‍ അപകടത്തില്‍പ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതുകാരണമാണ് അപകടത്തില്‍ ഇയാള്‍ മരിക്കാന്‍ കാരണമായത്. 2019 ഓഗസ്റ്റില്‍ ചെറപുഴ ആറാട്ടുകടവ് ആദിവാസി കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന്‍, 2021 സെപ്തംബര്‍ 26ന് വളളിത്തോട് പെരിങ്കരിയില്‍ ജസ്റ്റിന്‍ എന്നിവരാണ് മേഖലയ്ക്കു പുറത്ത് കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍. തലനാരിഴയ്ക്കു ജീവന്‍ രക്ഷപ്പെട്ടവരും ഗുരുതര പരുക്കുകളോടെ ദുരിതകിടക്കയില്‍ ജീവിതം തളളി നീക്കുന്നവരും ഒട്ടേറെയുണ്ട് ഈ മേഖലയില്‍.

Keywords:  News, Kerala, State, Killed, Elephant, Elephant attack, Wild Elephants, Top-Headlines, Criticism, Protest, Death, Kannur: Wild elephant attack in Aralam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia