SWISS-TOWER 24/07/2023

Shyamjith | 'വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശ്യാംജിത് സുഹൃത്തിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു'; പ്രചോദനമായത് സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയെന്നും പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പാനൂരില്‍ കഴിഞ്ഞദിവസം പ്രണയപ്പകയില്‍ വീട്ടില്‍ കയറി ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Shyamjith | 'വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശ്യാംജിത് സുഹൃത്തിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു'; പ്രചോദനമായത് സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയെന്നും പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പെണ്‍കുട്ടി ശ്യാംജിതുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആറുമാസം മുമ്പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറി. ഇതാണ് ശ്യാംജിതിന് പെണ്‍കുട്ടിയോടുള്ള പകയ്ക്ക് കാരണമായത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിതിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു.

സീരിയല്‍ കിലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിതിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു.

വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി അടക്കമുള്ള തെളിവുകളെല്ലാം ബാഗിലാക്കി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.

അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാര്‍ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാല്‍ രാവിലെ പത്ത് മണി വരെ വീട്ടില്‍ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു.

ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ അമ്മ അടക്കമുള്ള ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ വിഷ്ണുപ്രിയയെ കണ്ടത്. മഞ്ഞ തൊപ്പിയും മാസ്‌കും ധരിച്ച ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.

വിഷ്ണുപ്രിയയ്ക്ക് വന്ന ഫോണ്‍ കോള്‍ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവര്‍ ലൊകേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താന്‍ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു.

ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. നേരത്തെ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

Keywords: Kannur Vishnu Priya's murder case; Shyamjith planned one more murder says police, Kannur, News, Murder case, Police, Arrested, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia