Mystery | ചെറുപുഴയില്‍ ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം, ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍; ഇരുട്ടില്‍ തപ്പി പൊലീസ്; വിവിധ സ്ഥലങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെ സംഘത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്ളതായി സംശയം

 


കണ്ണൂര്‍: (www.kvartha.com) ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ മുഖംമൂടി ധരിച്ചെത്തുന്ന അജ്ഞാതന്റെ വിളയാട്ടം തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മുളപ്ര, പ്രാപ്പൊയില്‍ വെസ്റ്റ്, പ്രാപ്പൊയില്‍, കോക്കടവ്, തിരുമേനി ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതനായ മുഖംമൂടി ഭീതി പരത്തിയത്.

പൊലീസ് പറയുന്നത്: രാത്രി 11.30 ഓടെ മുളപ്രയിലെ കെഎസ്ഇബി ജീവനക്കാരനായ എന്‍ എസ് സന്തോഷിന്റെ വീട്ടിലെത്തിയ അജ്ഞാതന്‍ വീടിന്റെ ജനലില്‍ തട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ടു വീട്ടുകാര്‍ എത്തിപ്പോഴേക്കും അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. ഇതിനു സമീപത്തെ വീട്ടിലെത്തിയ അജ്ഞാതന്‍ പുറത്തു ഉണ്ടായിരുന്ന തുണികളെല്ലാം മടക്കി വച്ചതിനുശേഷം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി. ഇവിടെയും നാട്ടുകാര്‍ക്ക് പിടി കൊടുക്കാതെ അജ്ഞാതന്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രദേശത്തു വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല.

പ്രാപ്പൊയില്‍ ടൗണിനു സമീപത്തെ കെ.വേണുവിന്റെ വീട്ടുപരിസരത്തു എത്തിയ അജ്ഞാതന്‍ നാട്ടുകാരുടെ സാന്നിധ്യം അറിഞ്ഞതോടെ പശുതൊഴുത്തില്‍ കയറി ഒളിച്ചു. പിന്നീട് ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തൊഴുത്തില്‍ നിന്നു അജ്ഞാതന്റെ എന്നു കരുതുന്ന ഒരു ചെരിപ്പ് കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന പശുക്കിടാവ് ഭയന്നതിനെ തുടര്‍ന്നു തീറ്റ എടുക്കുന്നില്ലെന്നും കൂട്ടില്‍ കയറാന്‍ തയാറാകുന്നില്ലെന്നും വീട്ടുടമ പറഞ്ഞു.

കോക്കടവിലെ കിഴക്കാരക്കാട്ട് സെബാസ്റ്റ്യന്‍ വാടകയ്ക്ക് താമസിക്കുന്ന തിരുമേനി സെന്റ് മേരീസ് മലങ്കര പള്ളിക്ക് സമീപത്തെ വീട്ടിലും, തിരുമേനി ടൗണിലെ തുണികടയുടെ പിറകിലെ മുറിയുടെ സമീപത്തും എത്തി അജ്ഞാതന്‍ വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ടു ആളുകള്‍ ഉണര്‍ന്നതോടെ അജ്ഞാതന്‍ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. 

ഇതിന് പുറമെ പ്രാപ്പൊയില്‍ വെസ്റ്റിലെ മനേഷ്, ഓടപ്ലാക്കന്‍ ഷാബിന്‍, പ്രേമ ജോണി തുടങ്ങിയവരുടെ വീടുകളിലും അജ്ഞാതന്‍ എത്തി ജനലിലും വാതിലിലും മുട്ടി ശബ്ദം ഉണ്ടാക്കി. പ്രാപ്പൊയില്‍ റേഷന്‍കട പരിസരത്തുനിന്ന് അജ്ഞാതനെ കണ്ടെങ്കിലും പിടികൂടാനായില്ല. യുവാക്കളെ കണ്ടതോടെ മുഖംമൂടി ധരിച്ച അജ്ഞാതന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. 

ഞായറാഴ്ച രാത്രി മുഴുവന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ആലക്കോട്, ചെറുപുഴ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ അജ്ഞാതനായ മുഖംമൂടി വിഹരിക്കാന്‍ തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിട്ടും ഇനിയും പിടികൂടാനായില്ല. ഒരേ സമയം അജ്ഞാതനെ വിവിധ സ്ഥലങ്ങളില്‍ കാണാന്‍ തുടങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ഭയന്നാണ് വീടുകളില്‍ കഴിയുന്നത്. 

ഇതിനിടെ മുഖംമൂടി സംഘത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരേസമയം വിവിധ സ്ഥലങ്ങളില്‍ അജ്ഞാതന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതാണ് സംഘത്തില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെന്നു സംശയിക്കാന്‍ കാരണമായത്. രാത്രിക്കാല പരിശോധനയ്ക്കായി യുവാക്കളുടെ കൂട്ടായ്മ തന്നെ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

Mystery | ചെറുപുഴയില്‍ ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം, ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍; ഇരുട്ടില്‍ തപ്പി പൊലീസ്; വിവിധ സ്ഥലങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെ സംഘത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്ളതായി സംശയം


Keywords:  News, Kerala, Kerala-News, Kannur, Kannur-News, Unknown Person, Kannur, Cherupuzha, Thirumeni, Prapoyil, Police, Police Station, Complaint, Kannur: Unknown person creates fear in Cherupuzha natives.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia