Digital Initiative | കണ്ണൂരിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സഹായമേകാന്‍ ക്യുആര്‍ കോഡുമായി ഡിടിപിസി

 
Kannur tourism, QR code, visitor feedback, Kerala tourism, digital initiative, tourist spots, tourism promotion, payyampalam beach, dharmadam beach

Photo: Arranged

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫീഡ് ബാക്ക് ആയി നല്‍കാം

കണ്ണൂര്‍: (KVARTHA) ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ക്യുആര്‍ കോഡുമായി ഡിടിപിസി. പരാതികളും നിര്‍ദേശങ്ങളും പങ്കുവെക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡിടിപി സി മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ക്യുആര്‍ കോഡുള്ള ബോര്‍ഡ് സ്‌കാന്‍ ചെയ്താണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

പയ്യാമ്പലം ബീച്, പയ്യാമ്പലം പാര്‍ക്, പയ്യാമ്പലം സീ പാത്ത് വേ, ധര്‍മ്മടം ബീച്, ധര്‍മ്മടം പാര്‍ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളില്‍ ക്യൂആര്‍ കോഡ് ബോര്‍ഡ് സ്ഥാപിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഡിടിപിസിയുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫീഡ് ബാക്ക് ആയി നല്‍കാം.

രണ്ടാം ഘട്ടമായി വയലപ്ര പാര്‍ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച് പാര്‍ക്, പാലക്കാട് സ്വാമി മഠം പാര്‍ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശ്ശേരി ഗുണ്ടര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ ആഗസ്റ്റ് 15 നകം ക്യൂആര്‍ നിലവില്‍ വരും.

ചാല്‍ ബീചില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡിലൂടെ ബീചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീചില്‍ ഇറങ്ങാന്‍ പ്രത്യേകമായി മാര്‍ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാര്‍ഡ് ഡ്യൂടിയിലുള്ളവരുടെ വിവരങ്ങള്‍, ബീച് മാപ്പ്, ടര്‍ട്ടില്‍ ഹാച്ചറി തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.

ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയും പോരായ്മകളും പരാതികളും അറിഞ്ഞ് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആശയമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia