Maoists Attack | 'ആറളത്ത് വനപാലകര്‍ക്കെതിരെ വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍'; പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി

 


ഇരിട്ടി: (KVARTHA) ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തെന്ന സംഭവത്തില്‍ ഇരിട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ആറളം വനമേഖലയില്‍ തണ്ടര്‍ബോള്‍ടും പൊലീസും തിരച്ചില്‍ നടത്തി.

ചാവച്ചിയിലാണ് വെടിയുതിര്‍ത്തതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. എന്നാല്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരുക്കേറ്റതായും മാവോയിസ്റ്റ് സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

ഇപ്പോള്‍ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പൊലീസ് സന്നാഹം സംഭവസ്ഥലത്തേക്കെത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം.

നേരത്തെ കൊട്ടിയൂര്‍ അമ്പായത്തോടും ശാന്തിഗിരിയിലെ രാമച്ചിയിലും അയ്യന്‍ കുന്നിലും മാവോയിസ്റ്റുകള്‍ ഭക്ഷണം ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ വീടുകളിലെത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തതായി പരാതിയുയര്‍ന്നത്.

നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത് മാവോയിസ്റ്റ് കബനീ ദളം കമാന്‍ഡറായ സി പി മൊയ്തീനും സംഘവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം കേസുമെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Maoists Attack | 'ആറളത്ത് വനപാലകര്‍ക്കെതിരെ വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍'; പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Police, Intensified Search, Maoist, Attacked, Forest Guards, Aralam News, Iritty News, Kannur: Police intensified search for Maoists who attacked the forest guards in Aralam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia