Conference | മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 10 ന് കണ്ണൂരില്‍ തുടങ്ങും

 

കണ്ണൂര്‍: (www.kvartha.com) ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ കണ്ണൂര്‍ ഇ അഹ് മദ് നഗറില്‍ നടക്കും.

ആറുവേദികളിലായി നടക്കുന്ന സമ്മേളനത്തില്‍ കൗണ്‍സില്‍ മീറ്റ്, വനിതാ സംഗമം, മതേതരത്വ സെമിനാര്‍, മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി വിളംബര ഘോഷയാത്ര, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നീ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Conference | മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 10 ന് കണ്ണൂരില്‍ തുടങ്ങും

10 ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ജവഹര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് പതാക ഉയര്‍ത്തുന്നതോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന നിലവിലുള്ള കൗണ്‍സിലിന്റെ സമാപനയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും.

11ന് രാവിലെ 10 മണിക്ക് അമാനി ഓഡിറ്റോറിയത്തിലെ കെ വി മുഹമ്മദ് കുഞ്ഞി നഗറില്‍ നടക്കുന്ന വനിതാ സംഗമം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ എന്‍ എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് മൂന്നു മണിക്ക് 'മതേതര ഇന്‍ഡ്യ- നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ വി കെ അബ്ദുര്‍ ഖാദര്‍ മൗലവി നഗറില്‍ നടക്കുന്ന മതേതരത്വ സെമിനാര്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രടറി ഇ ടി മുഹമ്മദ് ബശീര്‍ എംപി ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ അലക്സാണ്ടര്‍ ജേകബ് ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും.

12ന് വൈകുന്നേരം മൂന്നു മണിക്ക് പ്ലാറ്റിനം ജൂബിലി ആഘോഷം വിളംബരം ചെയ്തുകൊണ്ട് കണ്ണൂര്‍ വിളക്കുന്തറ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ 75 വര്‍ഷത്തെ പ്രയാണത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചുകൊണ്ട് പാര്‍ടിയുടെയും പോഷക സംഘടനകളുടെയും 75 വീതം പ്രവര്‍ത്തകന്മാര്‍ പതാകകള്‍ വഹിച്ചു അണിനിരക്കും.

ഇസ്ലാമിക കലാരൂപങ്ങളായ ദഫ്, കോല്‍ക്കളി, അറുവന മുട്ട് എന്നിവയും പാര്‍ടിയുടെ സമര പോരാട്ടങ്ങളെയും സന്ദേശങ്ങളെയും വിളംബരം ചെയ്യുന്ന ടാബ്ലോകളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വിളംബരഘോഷയാത്രയുടെ സമാപനം കുറിച്ചുകൊണ്ട് കാല്‍ടെക്സ് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനു മുമ്പില്‍ ബി പി ഫാറൂഖ് നഗറില്‍ നടക്കുന്ന അഭിവാദന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.

13ന് രാവിലെ 10 മണിക്ക് അമാനി ഓഡിറ്റോറിയത്തിലെ വി പി മഹമൂദ് ഹാജി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജെനറല്‍ സെക്രടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 2,16,455 മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 541 അംഗങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 2023 -27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും ജില്ലാ കമിറ്റിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും.

വൈകിട്ട് അഞ്ചുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഇ അഹ് മദ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രടറിമാരായ കെ എം ശാജി, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും.

ലീഗ് ജില്ലാ കമിറ്റി ഓഫീസായ ബാഫഖി തങ്ങള്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി, ജില്ലാ അധ്യക്ഷന്‍ പി കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജില്ലാ ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, ടി എ തങ്ങള്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, കെ ടി സഹദുള്ള, അഡ്വ.കെഎ ലത്തീഫ്, അന്‍സാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, വിപി വമ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur: Muslim League Kannur District Conference will begin on February 10, Kannur, News, Muslim-League, Conference, Inauguration, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia