Meeting | ആഗോള പ്രവാസി നിക്ഷേപക സംഗമത്തിന് കണ്ണൂരില്‍ തുടക്കം: നിക്ഷേപകര്‍ കണ്ണൂരിന്റെ സവിശേഷ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ്; ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത് പ്രസിഡന്റ്

 


കണ്ണൂര്‍: (KVARTHA) നിക്ഷേപക സാധ്യതകളേറെയുള്ള ഇടമാണ് കണ്ണൂരെന്നും ആ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കണ്ണൂര്‍ ജില്ലാ പഞ്ചായതും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച ആഗോള പ്രവാസി നിക്ഷേപക സംഗമം എന്‍ആര്‍ഐ സമിറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Meeting | ആഗോള പ്രവാസി നിക്ഷേപക സംഗമത്തിന് കണ്ണൂരില്‍ തുടക്കം: നിക്ഷേപകര്‍ കണ്ണൂരിന്റെ സവിശേഷ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ്; ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത് പ്രസിഡന്റ്

നല്ല രീതിയിലുള്ള വ്യവസായ അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തി നാല്‍പതിനായിരം എം എസ് എം ഇകള്‍ സംസ്ഥാനത്ത് തുടങ്ങി. ജില്ലകളില്‍ എം എസ് എം ഇ ക്ലിനികുകള്‍ സ്ഥാപിച്ച് സഹായങ്ങള്‍ നല്‍കി വരുന്നു. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നാലു ശതമാനം പലിശ നിരക്കില്‍ നല്‍കി വരുന്നതായും നായനാര്‍ അകാഡമിയില്‍ നടന്ന പരിപാടിയില്‍ മന്ത്രി പി രാജീവ് പറഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കോട് തുറമുഖം, മംഗലാപുരം വിമാനത്താവളം എന്നിവയുടെ സാന്നിധ്യം, വികസിച്ച് വരുന്ന ദേശീയപാതാ ശൃംഖല, സ്ഥല ലഭ്യത എന്നിവ വടക്കന്‍ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ വ്യവസായ നിക്ഷേപ സംരംഭകത്വ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. മട്ടന്നൂര്‍ കിന്‍ഫ്രാ പാര്‍കില്‍ വ്യവസായങ്ങള്‍ക്ക് സ്ഥലം ലഭ്യമാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

അമ്പത് കോടി രൂപ വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ മൂന്ന് മാസം വരെ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ അനുമതിയുണ്ട്. അമ്പത് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുളള സംരംഭങ്ങള്‍ക്ക് രേഖകള്‍ എല്ലാം സമര്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് ലഭ്യമാക്കും. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പരാതി പരിഹാര സമിതിയും പ്രവര്‍ത്തനസജ്ജമാണ്. പരാതിയിന്മേല്‍ 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. 15 ദിവസത്തിനകം സമിതി തീരുമാനം നടപ്പില്‍ വരുത്തും. അത് എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ബാധകമാണ്. തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ പരമാവധി പതിനായിരം രൂപ പിഴ ചുമത്തും. അച്ചടക്ക നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍കുകള്‍ക്കും സര്‍കാര്‍ അനുമതി നല്‍കി. പതിനഞ്ച് പാര്‍കുകളാണ് ഇത്തരത്തില്‍ തുടങ്ങുന്നത്. ഇതില്‍ കണ്ണൂരിലും പാലക്കാടും രണ്ട് പാര്‍കുകള്‍ ഉദ്ഘാടന സജ്ജമായിക്കഴിഞ്ഞു. പതിനഞ്ച് സ്വകാര്യ വ്യവസായ പാര്‍കുകള്‍ക്ക് കൂടി അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍കാര്‍. കാംപസുകളോട് ചേര്‍ന്ന് കാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക് തുടങ്ങാനും സംസ്ഥാനത്ത് സൗകര്യമുണ്ട്.

ഇരുപത്തിരണ്ട് മുന്‍ഗണനാ മേഖലകളാണ് വ്യവസായ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ അമ്പത് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സംസ്ഥാന ജി എസ് ടി റീ ഇമ്പേഴ്സ് നല്‍കും. ഇത്തരത്തില്‍ ആകര്‍ഷകമായ പാകേജുകളാണ് പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പും സംസ്ഥാന സര്‍കാറും കേരളത്തില്‍ ഒരുക്കുന്നതെന്നും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരും സംരംഭകരും തയാറാകണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സമിറ്റിന്റെ ഭാഗമായി നിക്ഷേപ സംരംഭങ്ങള്‍ക്ക് ലെയ്സന്‍ ഓഫീസറെ നല്‍കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം, നിര്‍മാണമാരംഭിക്കാന്‍ പോകുന്ന അഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പോര്‍ട്, മട്ടന്നൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിറ്റിയൂട്, റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി തുടങ്ങിയവ ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡോ വി ശിവദാസന്‍ എം പി, എംഎല്‍എമാരായ കെ കെ ശൈലജ, കെ പി മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, നോര്‍ക ഡയറക്ടര്‍ ഒ വി മുസ്തഫ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ ടി സരള, അഡ്വ കെ കെ രത്നകുമാരി, വി കെ സുരേഷ് ബാബു, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത് അംഗം തോമസ് വക്കത്താനം, ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, എല്‍ എസ് ജി ഡി ജോ. ഡയരക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത് സെക്രടറി എവി അബ്ദുല്‍ ലത്വീഫ്, മുന്‍ എം എല്‍ എ എം വി ജയരാജന്‍, ലീഡ് ബാങ്ക് മാനേജര്‍ ഇ പ്രശാന്ത്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ മാര്‍ടിന്‍ ജോര്‍ജ്, കിയാല്‍ ഡയരക്ടര്‍ ഹസ്സന്‍ കുഞ്ഞി, കെ എസ് എസ് ഐ എ പ്രസിഡന്റ് ജീവരാജ് നമ്പ്യാര്‍, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് എംഡി സി ദിനേഷ് കുമാര്‍, വിസ്മയ പാര്‍ക് ചെയര്‍മാന്‍ പി വി ഗോപിനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജെനറല്‍ മാനേജര്‍ എ എസ് ശിറാസ് എന്നിവര്‍ പങ്കെടുത്തു.

ഇതിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ആഗോള പ്രവാസി നിക്ഷേപക സംഗമം, എന്‍ആര്‍ഐ സമിറ്റിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായിക കാര്‍ഷിക മേഖലയിലേക്ക് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ആദ്യദിനം മുന്നോട്ടുവന്നത്.

ഫാദില്‍ ഗ്രൂപ് ഓഫ് കംപനി, കാദിരി ഗ്രൂപ്, വെയ്ക്, രാഗ് ഗ്ലോബല്‍ ബിസിനസ് ഹബ്, പ്രോപ് സോള്‍വ്, കണ്ണൂര്‍ ഗ്ലോബല്‍ പ്ലൈവുഡ് കണ്‍സോഷ്യം തുടങ്ങിയ 38 സംരംഭകരാണ് പദ്ധതികളുമായി മുന്നോട്ടുവന്നത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ഹോടെലും വാണിജ്യസമുച്ചയങ്ങള്‍ക്കായി 300 കോടിയുടെ സംരംഭം കണ്ണൂര്‍ വിമാനത്താവള ഡയരക്ടര്‍ ഹസന്‍കുഞ്ഞി ആരംഭിക്കുമെന്ന് അറിയിച്ചെന്നും ദിവ്യ പറഞ്ഞു. ജില്ലയില്‍ മികച്ച കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ മൂന്നോളം സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയം ലവല്‍ ലേഡീസ് ഹോസ്റ്റല്‍, മരവ്യവസായ ക്ലസ്റ്റര്‍, ഐടി, കാര്‍ഷികം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താന്‍ പല വ്യവസായികളും താല്‍പര്യം പ്രകടിപ്പിച്ചു.

പുതുതായി 12 പദ്ധതികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ പുരോഗമിക്കുന്നുണ്ട്. രണ്ടാംദിനമായ ചൊവ്വാഴ്ച ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഒരുപാട് പേര്‍ ഭൂമി കൈമാറാന്‍ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്.

ജില്ലയില്‍ ലാന്‍ഡ് ബാങ്ക് ആരംഭിക്കാന്‍ ജില്ലാ പഞ്ചായത് തയാറാണെന്നും പി പി ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ രത്ന കുമാരി, അഡ്വ ടി സരള, യു പി ശോഭ, വ്യവസായ വകുപ്പ് ജില്ലാ ജെനറല്‍ മാനേജര്‍ എ എസ് ശിറാസ്, മാനേജര്‍ പി വി രവീന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kannur: Global expatriate investor meeting begins, Kannur, News, Global Expatriate Investor Meeting, Press Meet, Airport, Panchayat President, Investment, Business Men, Convention, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia