Controversy | കണ്ണൂരില്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ആരോപണവുമായി സുധാകരവിഭാഗം; വോടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ഫര്‍സീന്‍ മജീദ്

 


/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) യൂത് കോണ്‍ഗ്രസില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദങ്ങള്‍ തുടരവെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകമായ കണ്ണൂരിലും പ്രതിഷേധം പുകയുന്നു. യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫര്‍സീന്‍ മജീദിന്റെ തോല്‍വിയാണ് കെ സുധാകര വിഭാഗം ആയുധമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റത് വോടര്‍ പട്ടികയിലെ ക്രമക്കേട് കൊണ്ടാണെന്ന ആരോപണവുമായി ഫര്‍സീന്‍ രംഗത്തുവന്നിട്ടുണ്ട്. തനിക്ക് പോള്‍ ചെയ്യേണ്ട ആറായിരത്തിലധികം വോടുകള്‍ തളളിക്കളഞ്ഞുവെന്നും ഇതു മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്നുമാണ് ഫര്‍സീന്‍ മജീദിന്റെ ആരോപണം. ഇക്കാര്യത്തില്‍ പാര്‍ടിയുമായി ആലോചിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും ഫര്‍സീന്‍ വ്യക്തമാക്കി.

നിലവില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ ഫര്‍സീന്‍ കെ സുധാകരന്റെ അതീവ വിശ്വസ്ത യുവനേതാക്കളിലൊരാളാണ്. ഫര്‍സീന്റെ തോല്‍വി കെ സുധാകര വിഭാഗത്തെ ഞെട്ടിച്ചിരുന്നു. എ ഗ്രൂപ് സ്ഥാനാര്‍ഥിയായ വിജില്‍ മോഹനനാണ് അട്ടിമറി ജയം നേടിയത്. ഏറെക്കാലത്തിന് ശേഷമാണ് കണ്ണൂരില്‍ ഒരു എ ഗ്രൂപുകാരന്‍ യൂത് കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. ഇത് കെ സുധാകര വിഭാഗത്തില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ ബ്ളോക് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എട്ടിടത്തും സുധാകര പക്ഷത്തിന് തന്നെയാണ് വിജയം. അവശേഷിച്ച മൂന്നിടങ്ങളില്‍ മാത്രമേ എ ഗ്രൂപിന് പ്രാതിനിധ്യമുളളൂ. എ ഗ്രൂപില്‍ നിന്നും ഒരുവിഭാഗം കെ സി വേണുഗോപാല്‍ പക്ഷത്തേക്കും ചെന്നിത്തലയെ അനുകൂലിക്കുന്ന ഗ്രൂപിലേക്കും കളം മാറ്റി ചവുട്ടിയതാണ് അവരെ ദുര്‍ബലമാക്കിയത്. ഇതേ അടിയൊഴുക്കുതന്നെ കെ സുധാകര പക്ഷത്തുമുണ്ടായിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ജയില്‍വാസം അനുഭവിക്കുകയും രാഷ്ട്രീയ എതിരാളികളാല്‍ ഏറെ വേട്ടയാടപ്പെട്ട യുവ നേതാവുകൂടിയാണ് ഫര്‍സീന്‍. അതുകൊണ്ടുതന്നെ ഫര്‍സീനെ വിജയിപ്പിച്ചെടുക്കുകയെന്നത് കെ സുധാകര പക്ഷത്തിന്റെ അഭിമാന പ്രശ്നങ്ങളിലൊന്നാണ്. എന്നാല്‍ എ ഗ്രൂപിന്റെ തന്ത്രപരമായ നീക്കത്തില്‍ ഫര്‍സീന്‍ അടിപതറുകയായിരുന്നു.

ഇതിനിടെ ഫര്‍സീന്റെ ആരോപണങ്ങള്‍ തളളിക്കൊണ്ട് വിജില്‍ മോഹനന്‍ രംഗത്തുവന്നിട്ടുണ്ട്. ഫര്‍സീന്റെ ആരോപണങ്ങള്‍ പരാജയത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍ നിന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. വോടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെങ്കില്‍ അക്കാര്യം നേരത്തെ പറയാന്‍ ഫര്‍സീന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.

കെ സുധാകരന്റെ അതീവ വിശ്വസ്തനായ രാഹുല്‍ വെച്ചിയാട്ടിനെ സംസ്ഥാന ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞുവെങ്കിലും മുന്‍ എ ഗ്രൂപുകാരനായ വി പി അബ്ദുല്‍ റശീദും വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാന ജെനറല്‍ സെക്രടറിയായി മാറി. നേരത്തെ എ ഗ്രൂപിന്റെ ശക്തനായ യുവനേതാവായിരുന്ന വി പി അബ്ദുല്‍ റശീദ് ഇപ്പോള്‍ രമേശ് ചെന്നിത്തലയോടൊപ്പമാണ്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ചെന്നിത്തല വിഭാഗം നോട്ടമിടുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. കെ പി സി സി നേതൃത്വം ഇതിന് വഴങ്ങിയാല്‍ വി പി അബ്ദുല്‍ റശീദായിരിക്കും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെന്നാണ് പാര്‍ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം.

Controversy | കണ്ണൂരില്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ആരോപണവുമായി സുധാകരവിഭാഗം; വോടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ഫര്‍സീന്‍ മജീദ്Keywords: News, Kerala, Kerala-News, Kannur-News, Politics-News, Farzeen Majeed, Alleged, Election, Irregularities, Voter List, Politics, Party, Fake ID Card, Youth Congress, Kannur News, Vijil Mohanan, UDF, Kannur: Farzeen Majeed alleged that he lost the election due to the irregularities in voter list.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia